റിയാദ് - വിശുദ്ധ റമദാനില്‍ ബാങ്കുകളുടെ പ്രവൃത്തി സമയം രാവിലെ പത്തു മുതല്‍ ഉച്ചക്ക് രണ്ടു വരെയായിരിക്കുമെന്ന് സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി (സാമ) അറിയിച്ചു. റമദാനില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ശാഖകളെയും അവയുടെ പ്രവൃത്തി സമയത്തെയും കുറിച്ച് ബാങ്കുകള്‍ പരസ്യപ്പെടുത്തണം.
മണിട്രാന്‍സ്ഫര്‍ സെന്ററുകള്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലു വരെ തുറന്നു പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. മണിട്രാന്‍സ്ഫര്‍ സെന്ററുകളുടെ പ്രവൃത്തി സമയം അഞ്ചു മണിക്കൂറില്‍ കുറവാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
റമദാനില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന മണിട്രാന്‍സ്ഫര്‍ സെന്ററുകളെ കുറിച്ചും ലഭ്യമായ മാര്‍ഗങ്ങളില്‍ പരസ്യപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. മെയ് 21 ന് വ്യാഴാഴ്ച പ്രവൃത്തി ദിവസം അവസാനിച്ചശേഷം ബാങ്കുകള്‍ക്ക് ഈദുല്‍ ഫിത്ര്‍ അവധി ആരംഭിക്കും. പെരുന്നാള്‍ അവധിക്കുശേഷം മെയ് 31 ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. പെരുന്നാള്‍ അവധിക്കാലത്ത് പ്രത്യേക സമയങ്ങളില്‍ പ്രവര്‍ത്തനം തുടരേണ്ട ആവശ്യമുള്ള സ്ഥലങ്ങളില്‍ ഏതാനും ശാഖകള്‍ ബാങ്കുകളും മണിട്രാന്‍സ്ഫര്‍ സെന്ററുകളും തുറന്ന് പ്രവര്‍ത്തിപ്പിക്കല്‍ നിര്‍ബന്ധമാണ്. ഇത്തരം ശാഖകളെയും അവയുടെ പ്രവൃത്തി സമയത്തെയും കുറിച്ച് സാമയെ മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
എക്‌സ്പ്രസ് മണിട്രാന്‍സ്ഫര്‍ സംവിധാനമായ സരീഅ് റമദാനില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് നാലു വരെയാണ് പ്രവര്‍ത്തിക്കുക. മെയ് 21 ന് വ്യാഴാഴ്ച പ്രവൃത്തി സമയം അവസാനിച്ചശേഷം ക്ലോസ് ചെയ്യുന്ന സരീഅ് സംവിധാനം മെയ് 26 ന് ചൊവ്വാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും സാമ അറിയിച്ചു.