Sorry, you need to enable JavaScript to visit this website.

ഹറമുകളിൽ ഇത്തവണ ഇഅ്തികാഫ് ഇല്ല

മക്ക - കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലെന്നോണം വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഈ വർഷത്തെ റമദാനിൽ ഇഅ്തികാഫ് വിലക്കിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. പുണ്യമാസത്തിൽ ഇരു ഹറമുകളിലും അഞ്ചു നേരത്തെ നിർബന്ധ നമസ്‌കാരങ്ങളിലും തറാവീഹ് നമസ്‌കാരത്തിലും പങ്കെടുക്കുന്നതിൽ നിന്ന് വിശ്വാസികളെ വിലക്കും. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും നിർബന്ധ നമസ്‌കാരങ്ങളിൽ പുറത്തു നിന്നുള്ളവർ പങ്കെടുക്കുന്നത് നേരത്തെ വിലക്കിയിരുന്നു. റമദാനിലും ഇത് തുടരും. 
ഹറമിനകത്തും മസ്ജിദുന്നബവിയിലും സേവനമനുഷ്ഠിക്കുന്ന ജീവനക്കാരും തൊഴിലാളികളും മാത്രമാണ് നിലവിൽ ഹറമുകളിൽ സംഘടിത നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നത്. വിശുദ്ധ റമദാനിൽ ഹറമിലും പ്രവാചക മസ്ജിദിലും തറാവീഹ് നമസ്‌കാരങ്ങൾ നിർവഹിക്കും. എന്നാൽ തറാവീഹ് നമസ്‌കാരം ഇരുപതു റകഅതിനു പകരം പത്തു റകഅത് ആയി ചുരുക്കുമെന്നും ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.


ആദ്യത്തെ ആറു റകഅത്തുകൾക്ക് ഒന്നാമത്തെ ഇമാമും രണ്ടാമത്തെ നാലു റകഅത്തുകൾക്കും മൂന്നു റകഅത്ത് വിത്‌റിനും രണ്ടാമത്തെ ഇമാമും നേതൃത്വം നൽകും. ഖുർആൻ പാരായണം ചെയ്ത് പൂർത്തിയാക്കുന്നതോടനുബന്ധിച്ച പ്രത്യേക (ഖത്മുൽ ഖുർആൻ) പ്രാർഥന ഇരുപത്തിയൊമ്പതാം രാവിൽ തഹജ്ജുദ് നമസ്‌കാരത്തിൽ നിർവഹിക്കും. 
തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളിലെ പ്രത്യേക പ്രാർഥനയായ ഖുനൂത്ത് ഹ്രസ്വമായിരിക്കും. മഹാമാരിക്ക് അറുതിക്കു വേണ്ടിയുള്ള പ്രാർഥനകൾക്കാണ് ഖുനൂത്തിൽ ഊന്നൽ നൽകുകയെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. കൊറോണ വ്യാപനം തടയുന്നതിന് വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും അത്യാധുനിക തെർമൽ ക്യാമറകൾ സ്ഥാപിക്കാൻ ഹറംകാര്യ വകുപ്പ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.


വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഓൺലൈൻ വഴിയുള്ള മതപഠന ക്ലാസുകളും ഖുർആൻ ക്ലാസുകളും മറ്റു പരിശീലന പരിപാടികളും തുടരും. 
മസ്ജിദുന്നബവിയിലെ മുഴുവൻ ഇഫ്താർ സുപ്രകളും മദീന ഗവർണറേറ്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഖൈർ അൽമദീന ചാരിറ്റി പദ്ധതി വഴി പാവങ്ങൾക്കിടയിൽ വിതരണം ചെയ്യും. ഇരു ഹറമുകളിലും അണുനശീകരണ ജോലികൾ തുടരും. 
മുഴുവൻ ജോലിക്കാരെയും മയ്യിത്ത് നമസ്‌കാരത്തിൽ പങ്കെടുക്കുന്നതിന് മയ്യിത്തുകളെ അനുഗമിച്ച് ഹറമുകളിൽ പ്രവേശിക്കുന്ന ബന്ധുക്കളെയും പരിശോധിക്കുന്നത് തുടരുമെന്നും ഹറംകാര്യ വകുപ്പ് പറഞ്ഞു. 

Latest News