കൊല്ലം- മതം മാറിയതുമായി ബന്ധപ്പെട്ട് എൻ.ഐ.എ അന്വേഷണം നടക്കുന്ന ഹാദിയ കേസിൽ നിഗൂഢനിലപാടുമായി കേരള പോലീസ്. ഹാദിയയെ വിവാഹം ചെയ്ത ഷെഫിൻ ജഹാന്റെ പേരിൽ കള്ളക്കേസുകൾ ചാർത്താനുള്ള നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതായാണ് സംശയം. കിളിക്കൊല്ലൂർ പോലീസാണ് ഷെഫിൻ ജഹാന്റെ പേരിൽ കള്ളക്കേസുകൾ ചമക്കുന്നത്. നേരത്തെ ഷെഫിൻ ജഹാന്റെ പേരിൽ കേസുകളുണ്ടെന്ന് വാദിച്ച പോലീസ് മുഹമ്മദ് ഷെഫിൻ എന്നയാളുടെ പേരിലുള്ള കേസുകളാണ് ഷെഫിൻ ജഹാന്റെ പേരിലേക്ക് മാറ്റാൻ നീക്കം നടത്തുന്നത്. ഈ കേസിൽ മുഹമ്മദ് ഷെഫിൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫെയ്‌സ് ബുക്കി പോസ്റ്റിലാണ് മുഹമ്മദ് ഷെഫിൻ ഇക്കാര്യം പറഞ്ഞത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഞാൻ മുഹമ്മദ് ഷെഫിൻ, കുറച്ചുകൂടെ വ്യക്തമാക്കിയാൽ ഷെഫിൻ ജഹാൻ എസ് എന്ന ഹാദിയയുടെ ഭർത്താവിന്റെ പേരിൽ അടിച്ചേല്പിക്കപ്പെട്ട 889/11, 1051/13 എന്നീ കേസുകളിലെ യഥാർത്ഥ കുറ്റാരോപിതൻ. എനിക്ക് നല്ലൊരു ഓഫറാണ് കേരള പോലീസിൽ നിന്നും ലഭിച്ചത്. എന്നെ ഇത്രയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്ത കിളികൊല്ലൂർ പോലീസ് സ്‌റ്റേഷനിലെ എസ്.ഐക്കും സംഘത്തിനും എന്റെ ഒരായിരം നന്ദി, പക്ഷെ എന്ത് ചേതോവികാരത്തിന്റെ പേരിലാണ് ഈ പണി നടത്തിയതെന്ന് മനസിലായില്ല. ഒരു കയ്യബദ്ധം പറ്റിയതാണെന്ന് തോന്നുന്നു. എന്തായാലും വളരെ സന്തോഷം തോന്നുന്നു. നമ്മുടെ പോലീസുകാരുടെ കൃത്യത കാണുമ്പോൾ. സത്യത്തിന് കൂട്ടുനിൽക്കുന്നതായിരിക്കും സങ്കികളുടെ കാലു തിരുമ്മുന്നതിലും നല്ലത്. എന്റെ കേസിലെ പരാതിക്കാരുടെ മേൽ ഭീഷണി മുഴക്കി അവരെ കൊണ്ട് ഷഫിൻ ജഹാൻ ആണ് പ്രതി എന്നു കളവു പറയിപ്പിക്കാൻ കഷ്ടപ്പെടുന്ന സി.പി.ഐ ഗുണ്ടാ തലവൻ കരിക്കോട് വിനീഷിനും സംഘത്തിനും വിപ്ലവാഭിവാദ്യങ്ങൾ. സി.പി.ഐക്ക് വേണ്ടി കൊടി പിടിക്കുന്ന കാക്കാമാർക്ക് ചിന്തിച്ചൂടെ മണ്ടന്മാരേ..
ഫെയ്‌സ് ബുക്ക് പോസ്റ്റിന് ശേഷം മുഹമ്മദ് ഷെഫിൻ ലൈവിലൂടെയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.