കൊണ്ടോട്ടി- കോവിഡ് ലോക്ഡൗണിനെ തുടർന്ന് കരിപ്പൂരിൽനിന്ന് കാർഗോ വിമാനങ്ങളായി പറക്കുന്ന യാത്രാ വിമാനങ്ങളിൽ ചരക്കുകൾക്കൊപ്പം പ്രാവാസികൾക്കുളള മരുന്നുകളും ഗൾഫിലേക്ക്. കരിപ്പൂരിൽ പഴം-പച്ചക്കറി ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് കാർഗോ വിമാനങ്ങളില്ലാത്തതിനാലാണ് യാത്രാവിമാനങ്ങൾ ചരക്കുകളുമായി സർവീസ് നടത്തുന്നത്. സ്‌പെയ്‌സ് ജെറ്റ്, എയർഇന്ത്യ എക്‌സ്പ്രസ്,എയർഅറേബ്യ,ഫ്‌ളൈ ദുബായ് തുടങ്ങിയ വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് പഴം-പച്ചക്കറി ഉൽപന്നങ്ങളുമായി പറക്കുന്നത്. ഇതോടൊപ്പമാണ് പ്രവാസികളുടെ മരുന്നുകളും കയറ്റി അയക്കുന്നത്.
ഡോക്ടർമാരുടെ കുറിപ്പടികളോടെ പരിശോധനകൾ നടത്തിയാണ് കാർഗോ വിമാനങ്ങളിൽ മരുന്ന് കയറ്റി അയക്കുന്നത്. കരിപ്പൂരിൽ നിന്ന് ഇതിനകം നിരവധി പാക്കറ്റുകൾ മരുന്നുകൾ കയറ്റി അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രാ വിമാനങ്ങളില്ലാത്തതിനാൽ ഗൾഫിൽ ജോലിചെയ്യുന്നവർക്ക് മരുന്ന് എത്തിക്കാനാവുന്നില്ല. ഇതോടെയാണ് കാർഗോ വിമാനങ്ങളെ ആശ്രയിച്ച് മരുന്ന് എത്തിക്കുന്നത്.
യു.എ.ഇയിലേക്കാണ് കൂടുതൽ കയറ്റുമതി. കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്കും വിമാനങ്ങൾ കാർഗോയുമായി മാത്രം സർവ്വീസ് നടത്തുന്നുണ്ട്. കരിപ്പൂരിൽ വിവിധ കയറ്റുമതി ഏജൻസികളാണ് വിമാനങ്ങൾ സർവ്വീസിനെത്തിക്കുന്നത്. 14 മുതൽ 17 ടൺവരെ കാർഗോ ഉൽപന്നങ്ങളാണ് ഓരോ വിമാനത്തിലും കയറ്റുമതി ചെയ്യുന്നത്.
ചെറിയ വിമാനങ്ങളിൽ യാത്രക്കാർക്ക് പുറമെ മൂന്ന് മുതൽ അഞ്ച് വരെ ടൺ കാർഗോ ഉൽപന്നങ്ങളാണ് നേരത്തെ കയറ്റി അയക്കാൻ സാധിച്ചിരുന്നത്. എന്നാൽ യാത്രക്കാരുടെ ഭാരമില്ലാത്തതിനാൽ ഇതുകൂടി ചരക്കുകൾ കയറ്റാൻ പ്രയോജനപ്പെടുത്തുകയാണ്. സീറ്റുകളുടെ ഇടയിലടക്കം കാർഗോ കെട്ടിവെച്ചാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്.
വിമാന സർവീസുകൾ നിർത്തിയതോടെ അടച്ച കരിപ്പൂർ വിമാനത്താവളം കാർഗോ വിമാനങ്ങൾ കൂടുതൽ സർവ്വീസ് തുടങ്ങിയതോടെ ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്. ചരക്കുകൾ പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരും വിമാനത്തിലേക്ക് കയറ്റാൻ കയറ്റിറക്കു തൊഴിലാളികളും വിമാനത്താവളത്തിലുണ്ട്. കോവിഡ് 19 സുരക്ഷയോടെയാണ് കരിപ്പൂർ പ്രവർത്തനക്ഷമമാക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും നാട്ടിൽനിന്നും ശേഖരിക്കുന്ന പഴം-പച്ചക്കറികളാണ് പ്രത്യേകം പാക്ക് ചെയ്ത് കയറ്റുമതി ചെയ്യുന്നത്. കോവിഡ് മൂലം അവശ്യവസ്തുക്കൾ നാട്ടിൽ നിന്ന് എത്തുന്നതിലും പ്രവാസികൾ ആശ്വാസത്തിലാണ്.