തലശ്ശേരി- കോവിഡ് 19 കേസുകൾ കൂടി വന്നതോടെ കണ്ണൂർ ജില്ലയിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിരിക്കെ, ഇത് ലംഘിച്ച് സി.പി.എം പ്രതിഷേധം. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം അഖിലേന്ത്യാതലത്തിൽ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടിയാണ് ലോക് ഡൗൺ ലംഘനമായി മാറിയത്.
പാനൂർ ലോക്കൽ സെക്രട്ടറി ബൈജു പാലത്തായി, ഡി വൈ എഫ് ഐ നേതാവ് കിരൺ കരുണാകരൻ തുടങ്ങിയവർ അടക്കം ഏഴുപേർ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധത്തിൽ അണിനിരന്നു. ഇവർ സാമൂഹിക അകലം പാലിച്ചിട്ടുമില്ല. ജില്ലയിൽ അതീവ ജാഗ്രത പുലർത്തി വരുന്ന ഘട്ടത്തിലാണ് അശ്രദ്ധയോടെ പാർട്ടി ഓഫീസിൽ തന്നെ ഇത്തരം പരിപാടി സംഘടിപ്പിച്ചത്. ഇതിനെതിരെ നവമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇവർക്കെതിരെ ലോക് ഡൗൺ ലംഘിച്ചതിന് കേസെടുക്കണമെന്ന ആവശ്യം ഉയർത്തിയാണ് പ്രതിഷേധം. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങുന്നവരെ പോലീസ് കർശനമായി വിലക്കുന്നതിനിടെയാണ് ഇത്തരം പ്രതിഷേധം സി.പി.എം സംഘടിപ്പിച്ചത്.