- ലോക്ഡൗൺ കാലത്തും വ്യാജനും വിദേശിക്കും പഞ്ഞമില്ല
തലശ്ശേരി- ലോക്ഡൗണിൽ ജനജീവിതം ആശങ്കയുടെ മുൾമുനയിലൂടെ നീങ്ങുമ്പോൾ മാഹിയിൽനിന്നുള്ള മദ്യ വിൽപന തകൃതിയായി നടക്കുന്നു. ചമ്പാട്, അരയാക്കൂൽ കേന്ദ്രീകരിച്ചാണ് വിൽപന. വൻ വില ഈടാക്കിയാണ് മാഹി മദ്യം വിപണിയിൽ എത്തുന്നത്. ഓരോ മേഖലയിലെയും പരിചയക്കാർക്കു മാത്രമായി പഴുതടച്ചാണ് വിൽപന. മാഹിയിലെ ബാർ ഉടമകളുമായി ചില സംഘങ്ങൾ നടത്തുന്ന ഇടപാടിലൂടെ രാത്രി കാലങ്ങളിലാണ് അരയാക്കൂലിൽ മദ്യമെത്തുന്നത്. രാഷ്ട്രീയ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് വിൽപനക്കു പിന്നിലെന്ന് നാട്ടുകാർ പറയുന്നു.
200, 500 രൂപക്ക് ലഭ്യമാകുന്ന മദ്യത്തിന് യഥാക്രമം 1300, 2000 രൂപയാണ് ഈടാക്കുന്നത്. പന്തക്കൽ നവോദയ സ്‌കൂൾ പരിസരത്തും വിൽപനയുണ്ട്. കാൽനടയായും ഇരുചക്ര വാഹനം ഉപയോഗിച്ചും ഊടുവഴികളിലൂടെ എത്തിയാണ് മദ്യം വാങ്ങുക. പരിചിതർക്കു മാത്രമാണ് വിൽപന എന്നുള്ളതു കൊണ്ട് പോലീസിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ഇതിനു പുറമെ പാനൂർ മേഖലയിൽ അനധികൃത വാറ്റു കേന്ദ്രങ്ങൾ പെരുകുകയാണ്. ഇതിനു പിന്നിലും രാഷ്ട്രീയ ക്രിമിനൽ സംഘങ്ങൾ തന്നെയാണ്. കൂറ്റേരിയിൽനിന്ന് മൂന്നു പേരെ പാനൂർ സി.ഐ ഫായിസ് അലിയും സംഘവും ഈയിടെ പിടികൂടിയിരുന്നു. മൂന്നു പേരും ബി.ജെ.പി പ്രവർത്തകരാണ്. കല്ലിക്കണ്ടിയിൽ ഒരു സി.പി.എം പ്രവർത്തകന്റെ വീട്ടിൽ നിന്നും വാഷും നിർമാണ സാമഗ്രികളും പിടികൂടിയിരുന്നു. പ്രതി ഒളിവിലാണ്.
ചെണ്ടയാട് കണ്ടോത്തുംചാൽ, കനകമല, എലിക്കുന്ന്, പൊയിലൂർ, പിണറായി ഭാഗങ്ങളിൽ നിന്നും വാഷ് പിടിച്ചെടുത്തിരുന്നു. ടൗണിലെ ഫ്രൂട്ട് കടകളിൽ നിന്നും കിലോ കണക്കിന് മാമ്പഴമാണ് ഓരോ ദിവസവും വിൽപന നടക്കുന്നത്. നിർമാണത്തിനാവശ്യമായ വെല്ലവും കൂടുതലായി വിൽക്കപ്പെടുന്നുണ്ട്. പഞ്ചായത്ത് പാസ് അനുവദിച്ച വാഹനങ്ങളിൽ അടക്കമാണ് നിർമാണ സാധനങ്ങൾ ഓരോ പ്രദേശത്തും എത്തുന്നതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പാസ് ഉള്ളതിനാൽ പരിശോധനക്ക് പോലീസ് മിനക്കെടാറുമില്ല. ആരോഗ്യ പ്രവർത്തകരും പോലീസും സന്നദ്ധ സംഘടനകളും ജീവൻമരണ പോരാട്ടം നടത്തുമ്പോഴാണ് ചിലരുടെ വഴിവിട്ട കളികൾ.