Sorry, you need to enable JavaScript to visit this website.

ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു 

സ്പ്രിംഗഌ ഡാറ്റാ വിവാദം തീരുന്നില്ല.  കമ്പനിക്ക് കോവിഡ് മരുന്നു പരീക്ഷണം നടത്തുന്ന വൻകിട മരുന്നു കമ്പനിയായ ഫൈസറുമായി ബന്ധമുണ്ടെന്ന വാർത്തയാണ് പുതിയത്. ഫൈസറിന്റെ  സാമൂഹിക മാധ്യമ വിശകലനം ചെയ്യുന്നത് സ്പ്രിങ്കഌറാണ്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തെ മുൻനിര മരുന്നു കമ്പനിയാണ് ഫൈസർ. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ സ്വകാര്യത ചോരുമെന്നതിൽ സംശയമെന്തിന്? ഇത്തരമൊരു സാഹചര്യത്തിൽ കമ്പനി സൗജന്യ സേവനം നൽകുന്നതിലും അത്ഭുതമില്ല.  പ്രളയകാലം കഴിഞ്ഞപ്പോൾ വന്ന ഗജങഏ എന്ന ആഗോള കൺസൾട്ടിംഗ് കമ്പനിയും പറഞ്ഞത് ഇങ്ങനെയൊക്കെയായിരുന്നു. 


കോവിഡ് കാലത്ത് സർക്കാറിന്റെ പ്രവർത്തനങ്ങൾ സാമാന്യം ഭംഗിയായി മുന്നോട്ടു പോകുമ്പോഴാണ് ഡാറ്റാ വിവാദം ഉയർന്നു വന്നത്. കോവിഡ് ഭീഷണി ആരംഭിച്ചതു മുതൽ ഏതു വിഷയത്തെയും ചോദ്യത്തെയും ആർജവത്തോടെ സമീപിക്കുകയും മറുപടി പറയുകയും ചെയ്തിരുന്ന മുഖ്യമന്ത്രിയിൽ നിന്ന് അത്തരമൊരു സമീപനം ഈ വിഷയത്തിൽ കണ്ടില്ല. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾക്ക് തൃപ്തികരമായ മറുപടി കിട്ടുന്നില്ല. എല്ലാം തന്റെ ഉത്തരവാദിത്തമാണെന്ന് ഐ.ടി സെക്രട്ടറി പറയുന്നത് വിശ്വസനീയമല്ല. ഈ ഐ.ടി സെക്രട്ടറിയാകട്ടെ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയാണ്. ഐ.ടി വകുപ്പ് മുഖ്യമന്ത്രിക്കു കീഴിലുമാണ്. ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു എന്ന തോന്നൽ തന്നെയാണ് മുഖ്യമന്ത്രിയുടെയും പിന്നാലെ നിയമ മന്ത്രിയുടെയും പ്രതികരണം വ്യക്തമാക്കുന്നത്. തീരുമാനത്തെ ന്യായീകരിക്കാനെന്ന ഭാവേന നിയമ മന്ത്രി എ.കെ. ബാലൻ ഐ.ടി വകുപ്പിനു മാത്രമാണ് ഉത്തരവാദിത്തമെന്നും എന്തു സംഭവിച്ചാലും തന്റെ വകുപ്പിന് അതിൽ പങ്കില്ലെന്നും പറഞ്ഞുവെച്ചു. 


സി.പി.എം കേന്ദ്ര നേതൃത്വവും പുതിയ വിവാദത്തിൽ സംതൃപ്തരല്ല എന്നാണ് വാർത്ത. അലൻ, താഹ വിഷയത്തിലും യു.എ.പി.എ വിഷയത്തിലും കേരള സർക്കാർ തങ്ങളുടെ അഭിപ്രായത്തെ തള്ളിയതിൽ കേന്ദ്രത്തിനുള്ള അമർഷം പല രീതിയിലും പുറത്തു വന്നിരുന്നു. ആനന്ദ് തെൽതുംഡെയെയും ഗൗതം നവലാഖയെയും യു.എ.പി.എ ചുമത്തി എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എം.എ. ബേബി കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റ് കേരള സർക്കാറിനുള്ള ഒളിയമ്പു കൂടിയായിരുന്നു. സ്വകാര്യതക്കുള്ള വ്യക്തിയുടെ അവകാശത്തെ കുറിച്ചുള്ള പാർട്ടിയുടെ നയത്തിനു വിരുദ്ധമാണ് സർക്കാർ നടപടി എന്ന അഭിപ്രായം കേന്ദ്ര നേതാക്കൾക്കുണ്ട്. കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞത് അസാധാരണ സമയത്തെ അസാധാരണ തീരുമാനമാണിതെന്നും അതിലെ ശരി തെറ്റുകൾ പിന്നീട് വിശകലനം ചെയ്യുമെന്നുമായിരുന്നു. 


സ്വകാര്യതക്കുള്ള അവകാശം ഭരണഘടനാനുസൃതമാണെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആധാർ നിർബന്ധമാക്കുന്ന വിഷയത്തിലും സി.പി.എം എടുത്ത നിലപാട് ഇപ്പോഴത്തേതിന് കടക വിരുദ്ധമായിരുന്നു. അന്നു ബി.ജെ.പി നേതാക്കൾ പറഞ്ഞ ന്യായീകരണങ്ങളാണ് ഇപ്പോൾ പാർട്ടിയുടെ സൈബർ പോരാളികൾ പ്രചരിപ്പിക്കുന്നത് എന്നതാണ് കൗതുകകരം. എന്തായാലും പാർട്ടി കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയോടും പാർട്ടിയോടും വിശദീകരണം ചോദിച്ചതായാണ് അറിവ്. മറ്റു പല വിഷയങ്ങളിലുമെന്ന പോലെ ഈ വിഷയത്തിലും സി.പി.ഐക്കും അതൃപ്തിയുണ്ട്. അതിന്റെ വ്യക്തമായ പ്രഖ്യാപനമാണ് ഇന്നത്തെ ജനയുഗം മുഖപ്രസംഗം. വിവര സ്വകാര്യതയും സുരക്ഷിതത്വവും സജീവ ചർച്ചാവിഷയമാകുന്ന കേരളത്തിൽ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങൾ വിവര സമ്പദ്ഘടനയുടെ ഈ യുഗത്തിൽ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അർഹിക്കുന്നു എന്നതേടെയാണ് ആ മുഖപ്രസംഗം അവസാനിക്കുന്നത്. 


ഒരാളുടെ സമ്മതമോ അറിവോ ഇല്ലാതെ  ആരോഗ്യ ഡാറ്റ സ്വകാര്യ കമ്പനിക്ക് കൈമാറി എന്നതു തന്നെയാണ് ഡാറ്റാ വിവാദത്തില കേന്ദ്ര വിഷയം. തന്റെ പേരും വീട്ടുപേരും ആരോഗ്യ വിവരങ്ങളും ആരു എപ്പോൾ, എങ്ങനെ എന്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്നത് അറിയാനുള്ള ഓരോരുത്തരുടെയും അവകാശമാണ് അങ്ങനെ നിഷേധിക്കുന്നത്. പൗരൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലുമുള്ള എല്ലാ മൂല്യങ്ങൾക്കും എതിരാണത്. അതി ജാഗ്രതയുടെ ആവശ്യമുണ്ടെങ്കിലും  ഒരു പാനിക് എമർജൻസിയൊന്നും  ഉണ്ടാകാത്ത സാഹചര്യത്തിൽ അതിനായി പറയുന്ന ന്യായീകരണമൊന്നും അംഗീകരിക്കാവുന്നതല്ല. 


നിങ്ങൾ ആധാർ എടുത്തില്ലേ, ഫേസ് ബുക്കിലും വാട്‌സ് ആപ്പിലുമില്ലേ തുടങ്ങിയ ചോദ്യങ്ങളും തികച്ചും അരാഷ്ട്രീയമാണ്. സർക്കാർ ലോഗോയെയും സർക്കാർ ഉദ്യോഗസ്ഥനെയും സ്വകാര്യ കമ്പനി മാർക്കറ്റിൽ ഉപയോഗപ്പെടുത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു പറയാൻ സർക്കാർ ബാധ്യസ്ഥമാണ്. തനിക്കൊളിപ്പിക്കാൻ ഒന്നുമില്ലെന്ന ബെന്യാമന്റെ അരാഷ്ട്രീയ വാദം പോലെ ജനാധിപത്യ സംവിധാനത്തിലെ രാഷ്ട്രീയ നേതാക്കളും ഭരണകർത്താക്കളും പറയരുത്. സർക്കാർ നടപടിയിൽ വിമർശനമുന്നയിക്കുന്നവർ മുഴുവൻ കേരളത്തെ ലോകത്തിനു മുന്നിൽ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവരാണെന്നു ആക്ഷേപിക്കുന്ന, സൈബർ കൂട്ടങ്ങളാകട്ടെ, സ്വന്തം പാർട്ടിയുടെ നിലപാടു പോലും പഠിക്കാത്തവരാണ്. കേവലം സാങ്കേതികമായി ഈ വിഷയത്തെ സമീപിക്കുന്ന വിദഗ്ധരുടെ അവസ്ഥയും വ്യത്യസ്തമല്ല. 


ആധുനിക ലോകത്ത് ഏറ്റവും വലിയ ചരക്ക് ഡാറ്റയാണെന്ന് അറിയാത്തവരും ഉണ്ടെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. അവയുടെ വിശകലനം ഏതൊക്കെ രീതിയിൽ ബിസിനസ് പ്രൊമോഷനുകൾക്ക് ഉപയോഗിക്കാമെന്നതിനെ കുറിച്ച് എത്രയോ പഠനങ്ങൾ ലഭ്യമാണ്. അതിനാൽ തന്നെ അതിനൊരു മൂല്യമുണ്ട്. ഇവിടെയാകട്ടെ, അത് ശേഖരിച്ചു കൊടുക്കുന്നത് സർക്കാർ തന്നെ. അതാകട്ടെ ഏറ്റവും മാർക്കറ്റുള്ള ആരോഗ്യ മേഖലയിലെ ഡാറ്റ, പ്രത്യേകിച്ച് കോവിഡ് എന്ന മഹാമാരിയുടെ സന്ദർഭത്തിൽ. അതിനെയാണ് ഫേസ് ബുക്കും മൊബൈലുമൊക്കെയായി താരതമ്യം ചെയ്തു ന്യായീകരിക്കുന്നത്. ആധാർ ഡാറ്റ ചോർന്നതിനെ കുറിച്ച് സമീപകാലത്തു വിവാദം നടന്നപ്പോൾ ഇടതു നിലപാട് എന്തായിരുന്നു എന്നതു പോലും ഇവരോർത്തെങ്കിൽ..!!  വികസിത രാജ്യങ്ങളിൽ വിവര സുരക്ഷിതത്വം, സ്വകാര്യത എന്നിവ സംബന്ധിച്ച് ഒട്ടേറെ നിയമ നിർമാണങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. ഇന്ന്  വിവര സമ്പദ്ഘടനയിൽ ആധിപത്യം പുലർത്തുന്ന മൂലധന ശക്തികൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളെയാണ്. വിവര സാങ്കേതികത ഇത്രയും വികസിച്ച ലോകത്ത് എല്ലാം സുതാര്യമാണെന്ന വാദവും നിലവിലുണ്ട്. അതിൽ കുറെ ശരിയുണ്ട്. 


പക്ഷേ അപ്പോഴും സ്വകാര്യതക്കും തന്നെ കുറിച്ചുള്ള വിവരങ്ങൾ എന്തിനായി ഉപയോഗിക്കുന്നു എന്നറിയാനുമുള്ള അവകാശം ആർക്കുമുണ്ടെന്നും ഡാറ്റക്ക്  കോടികളുടെ മൂല്യമുണ്ടെന്നും  സ്പ്രിംഗഌ വിഷയത്തിൽ സർക്കാറിനെ ന്യായീകരിക്കാനിറങ്ങുന്നവർ മറക്കരുത്.

Latest News