കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധം ശക്തമാക്കി ഒന്നര മാസമാകുമ്പോൾ കേരളത്തിലെ ഭൂരിഭാഗം മേഖലകളും ആശ്വാസത്തിന്റെ നാളുകളിലേക്ക് മെല്ലെ കടക്കുകയാണ്. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞതോടെ ലോക്ഡൗൺ ഇളവുകൾ ഏഴു ജില്ലകൾക്ക് ലഭിച്ചു തുടങ്ങിയിരിക്കുന്നു. അപ്പോഴും മലബാർ മേഖല ഏറെക്കുറെ പൂർണമായും അടച്ചുപൂട്ടലിലാണ്. സംസ്ഥാനത്ത് കൊറോണ ബാധ ആദ്യം കണ്ടെത്തിയ പ്രദേശങ്ങളിലൊന്നാണ് കാസർകോട്. മലബാർ മേഖലയിലാകെ രോഗവ്യാപനത്തിന്റെ ആശങ്ക ഉയർത്താൻ കാസർകോട്ടെ കോവിഡ് സാന്നിധ്യം കാരണമായിരുന്നു. സാമൂഹിക വ്യാപനത്തിന്റെ വക്കോളമെത്തിയ രോഗത്തെ പിടിച്ചുകെട്ടാൻ ആരോഗ്യ വകുപ്പ് നടത്തിയ മികച്ച പ്രവർത്തനങ്ങൾ സഹായകമായി. എന്നാൽ കൂടുതൽ പേരിലേക്ക് രോഗവ്യാപനമുണ്ടാവുകയും രോഗമുക്തിക്ക് സാവകാശമെടുക്കുകയും ചെയ്യുന്നതാണ് കാസർകോട് ജില്ലയെയും അയൽജില്ലകളെയും ഇപ്പോഴും സമ്പൂർണ ലോക്ഡൗണിൽ തളച്ചിട്ടിരിക്കുന്നത്.
കേരളത്തിലെ കോവിഡ് ഹോട്ട് സ്‌പോട്ടുകളിൽ വലിയൊരു ഭാഗം ഇപ്പോഴും മലബാർ മേഖലയിലാണുള്ളത്. വയനാട് ജില്ലയൊഴിച്ച് നാലു ജില്ലകൾ ലോക്ഡൗണിൽ ഇളവുകളില്ലാതെ തുടരുകയാണ്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മെയ് മൂന്നിന് ശേഷം മാത്രമേ അടച്ചുപൂട്ടലിൽ ഇളവുകളുണ്ടാകുമോ എന്നറിയാൻ കഴിയൂ. ഈ ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഹോട്ട്‌സ്‌പോട്ടുകളുള്ളതും. 19 ഹോട്ട് സ്‌പോട്ടുകളുള്ള കണ്ണൂർ ജില്ലയിൽ കോർപറേഷനും അഞ്ചു നഗരസഭകളും 12 പഞ്ചായത്തുകളും ഈ ഗണത്തിൽ പെടുന്നു. കാസർകോട് ജില്ലയിൽ 14 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാഞ്ഞങ്ങാട്, കാസർകോട് മുനിസിപ്പാലിറ്റികൾക്ക് പുറമെ 12 പഞ്ചായത്തുകളും ഹോട്ട് സ്‌പോട്ട് പട്ടികയിൽ പെടുന്നതാണ്. മൂന്നാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയിൽ മഞ്ചേരി, തിരൂരങ്ങാടി, മലപ്പുറം മുനിസിപ്പാലിറ്റികളും പത്ത് പഞ്ചായത്തുകളും അതിതീവ്ര വിഭാഗത്തിലാണ്. കോഴിക്കോട് ജില്ലയിൽ കോർപറേഷൻ മേഖലയും വടകര മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഈ പട്ടികയിൽ ഉണ്ട്. മലബാർ മേഖലയിൽ വയനാട് ജില്ലയിൽ മാത്രമാണ് ഹോട്ട് സ്‌പോട്ടുകൾ കുറവുള്ളത്. അവിടെ രണ്ട് പഞ്ചായത്തുകളിൽ മാത്രമാണ് തീവ്രത കൂടുതലുള്ളത്.
സംസ്ഥാന സർക്കാർ തീരുമാന പ്രകാരം റെഡ് സോണിലുള്ള നാലു ജില്ലകൾ മലബാർ മേഖലയിലാണ്. ഈ ജില്ലകളുടെ അതിർത്തികൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. മറ്റു ജില്ലകളിൽ നിന്ന് ഈ നാലു ജില്ലകളിലേക്ക് പ്രവേശിക്കാനോ ഇവിടെ നിന്ന് പുറം ജില്ലകളിലേക്ക് പോകുവാനോ കഴിയില്ല. തൃശൂർ, പാലക്കാട് മുതലുള്ള ജില്ലകളിൽ നിന്ന് മലബാറിലേക്ക് പ്രവേശനം മെയ് മൂന്നു വരെ സാധ്യമല്ല. വയനാട് ജില്ലക്ക് ഈ നിയന്ത്രണം ഇല്ലെങ്കിലും വയനാട്ടുകാർക്കും ജില്ല വിട്ടുള്ള യാത്ര സാധ്യമല്ല. വയനാടിന്റെ അതിരു പങ്കിടുന്ന ജില്ലകളെല്ലാം റെഡ്‌സോണിലാണ് എന്നതാണ് കാരണം. ഫലത്തിൽ മലബാറിലെ അഞ്ചു ജില്ലകളും കർശന ലോക്ഡൗണിന്റെ പിടിയിൽ തന്നെയാണ്.
പകർച്ചവ്യാധികളുടെ കാര്യത്തിൽ മലബാർ മേഖല കുറെ കാലമായി റെഡ് സോണിലാണുള്ളത്. കഴിഞ്ഞ വർഷമുണ്ടായ നിപ വൈറസ് വ്യാപനത്തിന്റെ കാര്യത്തിലായാലും ഡിഫ്തീരിയ, വിവിധ പകർച്ചപ്പനികൾ എന്നിവയുടെ കാര്യത്തിലായാലും മലബാർ മേഖലയിൽ കുറച്ചുകാലമായി രോഗവ്യാപനത്തിൽ തോത് കൂടുതലാണ്. കൂടിയ ജനസംഖ്യ, രോഗം നേരത്തെ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങളുടെ കുറവ് എന്നിവയാണ് ഈ പ്രതിഭാസത്തിന് പ്രധാന കാരണമാകുന്നത്. കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് മലബാർ മേഖലയിലുള്ള നാലു ജില്ലകളിലാണ്. ജനസംഖ്യക്ക് അനുസൃതമായുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങളോ അടിയന്തര പരിശോധനാ-ചികിൽസാ സംവിധാനങ്ങളോ ഇപ്പോഴും ഈ മേഖലയിൽ ലഭ്യമല്ല. കോവിഡ് കാലത്ത് കാസർകോട് ജില്ലയിലെ കിടപ്പു രോഗികൾ മംഗലാപുരത്തേക്ക് ചികിൽസക്കായി നെട്ടോട്ടമോടിയതും പ്രവേശനം ലഭിക്കാതെ മരിച്ചതും നാം കണ്ടതാണ്.
അതിവേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾക്ക് മുന്നിൽ മലബാർ ഇന്നും പകച്ചു നിൽക്കുകയാണ്. സ്വകാര്യ മേഖലയിൽ മികച്ച ആശുപത്രികളുണ്ടെങ്കിലും പകർച്ചവ്യാധികൾ വരുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന സർക്കാർ സംവിധാനങ്ങളുടെ കുറവ് വലിയ പ്രതിസന്ധിയാണ്. രോഗം വ്യാപിക്കുമ്പോൾ തട്ടിക്കൂട്ടിയുണ്ടാക്കുന്ന താൽക്കാലിക ചികിൽസാ സംവിധാനങ്ങളാണ് ഈ മേഖലയിൽ ഇന്നും ആശ്രയമായുള്ളത്. സർക്കാർ മേഖലയിൽ മികച്ച ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉള്ളതിനാലാണ് പരിമിതമായ സൗകര്യങ്ങൾക്കിടയിലും രോഗത്തെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്നത്.
ജില്ലകളിലെല്ലാം ഒട്ടേറെ ജില്ലാ ആശുപത്രികളുണ്ടെങ്കിലും പരിശോധനാ സംവിധാനങ്ങളുടെ കാര്യത്തിൽ ഇപ്പോഴും പിന്നോക്കാവസ്ഥയാണ്. പഴയ താലൂക്ക് ആശുപത്രികളെ ജില്ലാ ആശുപത്രികളാക്കി പേരു മാറ്റിയെന്നല്ലാതെ സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ മുന്നോട്ടു പോകാനായിട്ടില്ല. രോഗവ്യാപനം തുടക്കത്തിൽ തന്നെ കണ്ടെത്താൻ ആവശ്യമായ ലാബുകളുടെ അപര്യാപ്തത മലബാറിനെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വൈറസുകളുടെ ആക്രമണം എല്ലാ വർഷവും ആവർത്തിച്ചെത്തുമ്പോൾ ജില്ലകൾ വൈറോളജി ലാബ് തുടങ്ങുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കേണ്ടതുണ്ട്.
കോവിഡ് നൽകുന്ന ദുരനുഭവങ്ങൾ മലബാറിന്റെ ആരോഗ്യ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ സർക്കാറിനെ പ്രേരിപ്പിക്കേണ്ടതുണ്ട്. ജില്ലകൾ തോറും വൈറസ് പരിശോധനക്കുള്ള സൗകര്യങ്ങൾ, മികച്ച ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം, സർക്കാർ ആശുപത്രികളുടെ അടിസ്ഥാന വികസനം തുടങ്ങിയ കാര്യങ്ങൾ അടിയന്തരമായി ആലോചിക്കണ്ടതുണ്ട്. കിഫ്ബി പോലുള്ള ഏജൻസികളിലൂടെ ധനസമാഹരണം നടത്തിയോ സഹകരണ മേഖലയിൽ പുതിയ ആരോഗ്യ സംരംഭങ്ങൾക്ക് തുടക്കമിട്ടോ ഈ പ്രതിസന്ധിക്ക് സ്ഥായിയായ പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്.