സെപ്റ്റംബർ 13 എന്ന പേരിൽ ഒരു കവിതയുണ്ട്, ലോക പ്രശസ്ത ഐറിഷ് കവിയും രാഷ്ട്രീയക്കാരനുമായ വില്യം ബട്ട്‌ലർ യേറ്റ്‌സിന്റെ. കാൽപനികമായ അയർലൻഡ് മരിച്ചു, അതിപ്പോൾ ഓലെയോടൊപ്പം ശ്മശാനത്തിലാണ്.
നൂറു വർഷം മുമ്പാണ് ഈ കവിത യേറ്റ്‌സ് രചിക്കുന്നത്. അയർലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള കലുഷിതമായ സംഘർഷത്തെ സൂചിപ്പിച്ചുകൊണ്ട്, അതിനു മുമ്പുള്ള ജോൺ ഓലെയുടെ തേജസ്വിയായ നേതൃത്വവും ഗതകാല സുഖസ്മരണകളുമാണിതിന്റെ ഇതിവൃത്തം. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാറുമായും ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചോർത്തപ്പോൾ മനസ്സിലേക്ക് വന്നത് യേറ്റ്‌സിന്റെ ഈ വരികളാണ്.
വളരെ നല്ല ഫോമിലായിരുന്നു കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ മുന്നേറിക്കൊണ്ടിരുന്നത്. കേരളത്തിന്റെ സൂചിക ലോകത്തിനാകെ മാതൃകയാവുന്ന സൗഭാഗ്യത്തിൽ അക്ഷരാർത്ഥത്തിൽ ഓരോ കേരളീയനും രോമാഞ്ചമണിഞ്ഞിട്ടുണ്ട്. കോവിഡ് കേരളാതിർത്തി കടക്കാൻ അൽപമാത്ര പരിശ്രമമേ ഇനി വേണ്ടതുള്ളൂവെന്ന് നിനച്ചിരിക്കവേയാണ് അപസ്വരങ്ങൾ വീണമീട്ടിത്തുടങ്ങിയത്.
സാധാരണയിൽനിന്ന് ഭിന്നമായൊരു പിണറായി പേഴ്‌സണാലിറ്റിയെ കണ്ടതിന്റെ അത്ഭുതാതിരേകത്തിലായിരുന്നു കേരളം. 'മൃദുഭാവേ, ദൃഢകൃതേ' എന്നതുപോലെ കരുതലും ശക്തമായ നടപടികളുമായി സന്ദർഭത്തിനൊത്തുയർന്ന ഒരവസ്ഥ. പക്ഷേ, അവസാനം നരകാസുര വധം ആട്ടക്കഥ ഓർമിപ്പിച്ചു.
മുഖ്യമന്ത്രിയുടെ കൈയിൽ മഹാവിഷ്ണു നരകന് നൽകിയ ദിവ്യമായ നാരായണാസ്ത്രം പോലെ അധികാരത്തിന്റെ അസ്ത്രമുണ്ട്. അത് പക്ഷേ, വിമർശകരെയും എതിരാളികളെയും അടിച്ചമർത്താനുപയോഗിക്കരുത്. നാരായണാസ്ത്രം നൽകിയ മഹാവിഷ്ണു മറ്റാരുമല്ല, താങ്കളെ പ്രകീർത്തിക്കുന്ന ജനം തന്നെയാണ്. അത് പൗരുഷം കാണിക്കുവാനല്ല ഉപയോഗിക്കേണ്ടത്. കൂടുതൽ സൗമ്യമാകുമ്പോൾ താങ്കൾ കൂടുതൽ പ്രിയങ്കരനും ജനകീയനും കൂടിയാകും.
ഇനി സ്പ്രിംഗഌറിന്റെ കാര്യം. അച്ഛനമ്മമാർക്ക് നല്ല ചികിത്സ നൽകിയതിനുള്ള ഉപഹാരമായി അമേരിക്കയിലെ മലയാളി സംസ്ഥാനത്തിന് നൽകുന്ന സൗജന്യ സേവനമായാണ് ഇതിനെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഐ.ടി സെക്രട്ടറി ശിവശങ്കർ വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചത് ചുരുങ്ങിയത് ഒരു വർഷം മുമ്പെങ്കിലും സ്പ്രിംഗഌറുമായി ബന്ധപ്പെടുന്നുണ്ടെന്നാണ്. അതെന്തുമാകട്ടെ, ഒട്ടും സുതാര്യമായല്ല ഇടപാടുകളെന്നത് പകൽ പോലെ വ്യക്തമാണ്. ഇത് റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനമാണ്. അതിലുമെത്രയോ മേലെയാണ് എൻ.ഡി.എ (രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്ന) വ്യവസ്ഥ പാലിക്കാതെ പൊതുജന ആരോഗ്യ ഡാറ്റയുടെ കൈമാറ്റം. വെളിപ്പെടുത്തപ്പെട്ടിടത്തോളം വിവരങ്ങൾവെച്ച് കേരള സർക്കാറും സ്പ്രിംഗഌറുമായിയുള്ള കരാർ സർക്കാറിനു വേണ്ടി കസ്റ്റമൈസ് ചെയ്തതല്ല, പകരം, സ്പ്രിംഗഌ പൊതുവിൽ ഏതൊരു ഉപഭോക്താവുമായി ഇടപാട് നടത്തുമ്പോഴും വെക്കുന്ന, 2018 ൽ തയാറാക്കിയ ഒരു പൊതു കരാർ മാത്രമാണ്. അതൊപ്പു വെച്ചതാവട്ടെ ഏപ്രിൽ രണ്ടിനും. അതായത് സ്പ്രിംഗഌ രേഖ ശേഖരണം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ട്.
ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട് കമ്പനിക്ക് ബാധ്യതയില്ലെന്ന് പറയപ്പെടുന്നു. ഇതാണ് ഗുരുതരമായ വിഷയം. നഗ്‌ന നേത്രങ്ങൾക്ക് കാണാനാവാത്ത ഒരു വൈറസിന്റെ നീരാളിക്കൈകളിലകപ്പെട്ടിരിക്കയാണ് ഇന്ന് ലോകം. ഏറെക്കുറെ അത്രയും ഭീകരമാണ് സുരക്ഷിതമാണെന്ന് സംസ്ഥാനത്തിന് ഉറപ്പില്ലാത്ത വിവരക്കൈമാറ്റം. കോഹിനൂർ രത്‌നവും മയൂര സിംഹാസനവും ബ്രിട്ടീഷുകാർ ഇന്ത്യയിൽനിന്ന് കടത്തിക്കൊണ്ടുപോയത് തീവെട്ടിക്കൊള്ളയായി നാം കണക്കാക്കുന്നു. ലക്ഷക്കണക്കിന് കോഹിനൂർ രത്‌നങ്ങൾ കടത്തുന്നതിന് സമാനമാണ് ആരോഗ്യ വിവരങ്ങൾ കൈമാറപ്പെടുന്നത്.
ഒന്നര ലക്ഷം ആളുകളുടെ ഡാറ്റ എന്നാൽ 230 കേരളീയരിൽ ഒരാൾ എന്നാണർത്ഥം. ഒരു വർഷം പതിനായിരം കോടിയുടെ മരുന്നും അത്ര തന്നെ ഇൻഷുറൻസും അത്ര തന്നെ മെഡിക്കൽ ഉപകരണങ്ങളും വിറ്റഴിക്കപ്പെടുന്ന കേരളം പോലെ ഒരു സംസ്ഥാനത്തിന്റെ സമ്പൂർണ ആരോഗ്യ ഡാറ്റയാണ് വാണിജ്യാടിസ്ഥാനത്തിൽ കൈമാറപ്പെടുന്നത്. ആരോഗ്യം ഇന്നൊരു സാമൂഹിക വിഷയമല്ല. ഏറ്റവും വലിയ രാഷ്ട്രീയ വിഷയമാണ്. നാമത് കൃത്യമായി കണ്ടു, അമേരിക്കയിലെയും സമ്പന്ന യൂറോപ്പിലെയും ജനത നിസ്സഹായരായി മരണത്തിലേക്ക് നടന്നടുക്കുന്ന ദയനീയ കാഴ്ച.
ആരോഗ്യ രംഗം കുത്തക മരുന്ന് ഇൻഷുറൻസ് മാഫിയകൾ കൈയടക്കിയപ്പോൾ സാധാരണക്കാരന് അപ്രാപ്യമായ ഒന്നായി മാറുകയായിരുന്നു. പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ ഇതേ കുത്തകകൾ നാളെ കൈക്കലാക്കുന്നതോടു കൂടി നമ്മൾ നേടിയെടുത്ത അഭിമാനകരമായ ആരോഗ്യ രംഗം ഒരു സുനാമിയായി പരിണമിക്കുകയാണ്.
വിവര ശേഖരണവും വിശകലനവും വിപണനവും ബിഗ് ഡാറ്റയുടെ ഭാഗമാണ്. ബിഗ് ഡാറ്റ ഉപയോഗിക്കുന്ന കമ്പനികൾ അതുപയോഗിക്കാതെ പരമ്പരാഗതമായി നടന്നുപോകുന്ന കമ്പനികളേക്കാൾ 430 ബില്യൺ ഡോളറിന്റെ ഉൽപാദന ക്ഷമത അധികം കൈവരിച്ചതായി ഇന്റർനേഷണൽ ഇൻസ്റ്റിറ്റിയുട്ട് ഫോർ അനാലിറ്റിക്‌സ് പുറത്തുവിട്ട കണക്കിൽ പറയുന്നു. മുതലാളിത്തം നിഴൽ വിൽക്കാൻ പറ്റിയില്ലെങ്കിൽ മരം തന്നെ വിൽക്കുമെന്ന് പറഞ്ഞത് കാറൽ മാർക്‌സ് ആണ്. മുതലാളിത്ത ലോകത്തുള്ള ഒരു കമ്പനിയും വെറുതെ സേവനം ചെയ്യുകയില്ല; നിഴലു പോലെ ലാഭേഛ കൂടെയില്ലാതെ.
അതിനിടക്ക് ബാംഗ്ലൂരിലെ മുഖ്യമന്ത്രിയുടെ മകൾ നടത്തുന്ന എക്‌സാലോജിക്കിലേക്കും ദുസ്സൂചനകൾ നീളുന്നുണ്ട്. അതുകൊണ്ട്, സുതാര്യത ഉറപ്പു വരുത്തൽ അനിവാര്യമാണ്. കേരളത്തിന് ഡാറ്റയും ടെക്‌നോളജിയും സ്വന്തമായി കൈകാര്യം ചെയ്യാൻ ഒരു സ്ഥിരം സംവിധാനം അനിവാര്യമാണ്. ഇക്കാര്യത്തിൽ ഐ.ടി സെക്രട്ടറിയോട് നൂറ് ശതമാനം യോജിക്കാം; പക്ഷേ അത് മറ്റൊരു രാജ്യത്തുള്ള, സോഷ്യൽ മീഡിയയിൽനിന്നും ക്രോഡീകരണമല്ലാത്ത വിവരങ്ങൾ ശേഖരിച്ച് വിശകലനം നടത്തുന്ന ഒരു കമ്പനിക്ക് ഔട്ട്‌സോഴ്‌സ് ചെയ്യരുത്. താങ്കൾക്കതെത്ര വിശ്വാസമുണ്ടെന്ന് പറഞ്ഞാലും അത് നിയമാനുസൃതമോ നീതിപൂർവകമോ ആവാൻ തരമില്ല.
ഈ തെറ്റ് എത്രയും പെട്ടെന്ന് തിരുത്തുകയും സർക്കാർ തന്നെ ഓഡിനൻസായോ അല്ലെങ്കിൽ സ്‌പെഷ്യൽ സഭ വിളിച്ചോ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ശക്തമായ ഒരു നിയമം കൊണ്ടുവരണം. അതോടൊപ്പം, സ്വന്തമായി വിവര ശേഖരണത്തിനും വിശകലനത്തിനും കഴിവുള്ള, ഗവൺമെന്റിന് കീഴിലൊരു സംവിധാനം ഉണ്ടാക്കിയെടുക്കട്ടെ. ലോകം ഒന്നാകെ കേരളത്തിലേക്ക് നോക്കുന്നുവെങ്കിൽ ഈ കടമ്പ മറികടക്കാനും നമുക്കാകും; തീർച്ച.