ജിദ്ദ - കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ കുടുങ്ങിയ വിദേശ തൊഴിലാളികളുടെ ഒഴിപ്പിക്കല്‍ തുടങ്ങി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്ന് ഫിലിപ്പൈന്‍സിലെ മനിലയിലേക്കാണ് ആദ്യ ഒഴിപ്പിക്കല്‍ സര്‍വീസ് നടത്തിയത്.
സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിന് വിദേശികള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ അടക്കമുള്ളവര്‍ക്കാണ് സൗദി അറേബ്യ സ്വദേശങ്ങളിലേക്ക് മടക്കയാത്രക്ക് സൗകര്യമൊരുക്കുന്നത്.
സ്വദേശത്തേക്ക് മടങ്ങാനാകാതെ കുടുങ്ങിയ ദക്ഷിണാഫ്രിക്കന്‍ തീര്‍ഥാടകരും ഇന്ന് പുലര്‍ച്ചെ ജിദ്ദ എയര്‍പോര്‍ട്ട് വഴി സൗദിയ വിമാനത്തില്‍ സ്വദേശത്തേക്ക് തിരിച്ചുപോയി. ഹജ്, ഉംറ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ജവാസാത്ത്, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, ജിദ്ദ എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ എന്നിവ സഹകരിച്ച് മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചാണ് തീര്‍ഥാടകരുടെ മടക്കയാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പരിശോധനകളിലൂടെ കൊറോണ ബാധിച്ചിട്ടില്ലെന്ന് പൂര്‍ണമായും ഉറപ്പുവരുത്തിയാണ് തീര്‍ഥാടകരുടെ മടക്കയാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. സൗദിയില്‍ കുടുങ്ങിയ നൂറു കണക്കിന് ഉംറ തീര്‍ഥാടകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ കഴിയാതെ കുടുങ്ങിയ തീര്‍ഥാടകരെ മക്കയിലെയും ജിദ്ദയിലെയും ഹോട്ടലുകളിലാണ് പാര്‍പ്പിക്കുന്നത്.