തൃശൂര്‍- ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. തൃശൂര്‍ കലവക്കാടന്‍ ഷൈജു (46)നെയാണ് പോലിസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ഇയാള്‍ അങ്കമാലിയിലും കൊരട്ടിയിലും ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. വീണ്ടും ഇയാള്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെ യുവതി മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ ഭര്‍ത്താവിനോട് വിവരങ്ങള്‍ പറയുകയായിരുന്നു. ഇതേതുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുടുക്കിയത്.പ്രതി ഷോര്‍ട്ട്ഫിലിം നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നതായും ഇയാളുടെ ഫോണ്‍ വിശദ പരിശോധനക്ക് സൈബര്‍ സെല്ലിന് കൈമാറിയതായും പോലിസ് പറഞ്ഞു.