കൊച്ചി- സ്പ്രിംഗ്ലർ വിവാദത്തിൽ സംസ്ഥാന സർക്കാറിന്റെ വാദം ഹൈക്കോടതി തള്ളി. മെഡിക്കൽ വിവരങ്ങൾ പ്രാധാന്യമുള്ളതാണെന്നും നിർണായക വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന സർക്കാർ വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇപ്പോഴും ഡാറ്റ കൈമാറുന്നുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. കൃത്യമായ മറുപടി നൽകാതെ ഇനി സ്പ്രിംഗ്ലറിന്റെ സെർവറിലേക്ക് ഡാറ്റ കൈമാറരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കോവിഡ് എപിഡെമിക് എന്നത് മാറി ഡാറ്റ എപിഡമിക് ആയി മാറരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അമേരിക്കൻ കോടതിയുടെ അധികാരപരിധിയിലേക്ക് ഇതെന്തുകൊണ്ട് പോയി എന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വ്യക്തിസുരക്ഷയെ ബാധിക്കുന്ന ഒന്നും നൽകിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തിന് സ്വന്തമായി ഐ.ടി വിഭാഗമില്ലേ എന്നും കോടതി ചോദിച്ചു. സർക്കാറിന്റെ നല്ല പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും എ്ന്നാൽ സ്പ്രിംഗ്ലറിൽ വ്യക്തമായ മറുപടി നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.
ഹൈക്കോടതി അഭിഭാഷകനായ എം അബ്ദുൽ ജബ്ബാറുദ്ദീൻ, പത്രപ്രവർത്തകനായ മൈക്കിൾ വർഗീസ് എന്നിവരാണ് ഹരജി സമർപ്പിച്ചത്. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ നടത്തിയിരിക്കുന്നത് അഴിമതിയാണെന്നും ശരിയായ നിലയിലുള്ള അന്വേഷണം നടത്തണമെങ്കിൽ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയെ കൂടാതെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, ആരോഗ്യമന്ത്രി കെ.കെ ശൈലജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ, എൻ.കെ പ്രേമചന്ദ്രൻ എം.പി, സ്പ്രിംഗ്ലർ കമ്പനിയുടെ ബാംഗ്ലൂർ ഓഫിസ്, സ്പ്രിംഗ്ലർ കമ്പനി സി.ഇ.ഒ രാഖി തോമസ് ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്. ആരോപണങ്ങൾ പൊതുജനമധ്യത്തിൽ കൊണ്ടുവന്നത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ളവരാണ്. അതുകൊണ്ട് ഇവരെയും കേസിൽ കക്ഷികളാക്കിയതെന്നും ഹരജിയിൽ പറയുന്നു. 200 കോടിയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ ആരോപിച്ചിട്ടുണ്ട്. ഇതിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തുന്നതിന് അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. കോവിഡ് 19 രോഗ വ്യാപനത്തിന്റെ ഭാഗമായി ശേഖരിച്ച വ്യക്തികളുടെ വിവരങ്ങൾ സ്പ്രിംഗ്ലർ കമ്പനിക്ക് കൈമാറിയെന്നാണ് പ്രധാന ആരോപണം. ഇതിലൂടെ കോടിക്കണക്കിനു രൂപയുടെ വ്യാപാരം നടത്തിയെന്നാണ് പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ ആരോപിച്ചതെന്നും ഹരജിക്കാർ വ്യക്തമാക്കി. ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതിന് കരാറിലേർപ്പെട്ടതോടെ ഐ.ടി സെക്രട്ടറി ഗുരുതരമായ നിയമലംഘനമാണ് നടത്തിയിട്ടുള്ളത്. ഐ.ടി സെക്രട്ടറി മുഖ്യമന്ത്രിയുമായി മാത്രമേ ഈ കാര്യത്തിൽ ആലോചന നടത്തിയിട്ടുള്ളൂ. മറ്റാരുമായി ആലോചിക്കാതെയാണ് കരാറിലേർപ്പെട്ടതെന്നും ആരോപിക്കുന്നു. സ്പ്രിംഗ്ലർ കമ്പനിയുമായി ഏർപ്പെടുത്തിയിട്ടുള്ള കരാർ പൊതു താൽപര്യത്തിന് വിരുദ്ധമാണ്. ഡാറ്റ വിൽപ്പനയ്ക്കുള്ള വസ്തുവാണ്. ഇതിന് മൂല്യമുള്ളതും വിൽപ്പന ചരക്കുമാണ്. അതുകൊണ്ടു തന്നെ ഇതിന്റെ വിൽപ്പന ലേലം ചെയ്ത് ഏറ്റവും കൂടുതൽ മൂലം ഉറപ്പിക്കുന്ന ആൾക്കാണ് നൽകേണ്ടത്. ഇത്തരം കാര്യങ്ങളൊന്നും പാലിക്കാതെയാണ് കരാറിലേർപ്പെട്ടതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്പ്രിംഗ്ലറുമായുള്ള കരാറിനെ സംബന്ധിച്ച് ആരോഗ്യവകുപ്പിൽ നിന്നും യാതൊരു വിവരങ്ങളും ലഭ്യമല്ല. ആരോഗ്യ വകുപ്പിന്റെ വിവരങ്ങളാണ് കൈമാറുന്നതിന് കരാറിലേർപ്പെട്ടത്. ആരോഗ്യവകുപ്പിന്റെ രേഖകൾ കൈമാറുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ അംഗീകാരമില്ലെന്നും ഹരജിയിൽ പറയുന്നു. ഡാറ്റ വ്യാപാരം നടത്തുമ്പോൾ പൊതുകാര്യ വകുപ്പിന്റെയും ധനകാര്യവകുപ്പിന്റെയും നിയമവകുപ്പിന്റെയും അംഗീകാരം അനിവാര്യമാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇത്തരത്തിൽ സർക്കാർ കരാറിലേർപ്പെട്ടിട്ടുള്ളതെന്നും ഹരജിയിൽ ആരോപിക്കുന്നു.