കൊല്ലം- സംസ്ഥാനത്ത് സിലബസ് വ്യത്യാസമില്ലാതെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് കൊറോണക്കാലത്ത് ഓൺലൈൻ കലോൽസവത്തിന് തയ്യാറെടുക്കുന്നു. പ്രവാസികളായ വിദ്യാർഥികൾക്കും കലോത്സവത്തിൽ പങ്കെടുക്കാം. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള കുട്ടികൾക്കായി സ്ഥിരം വാർഷിക കലോൽസവമാണ് നടത്തുക. സാധാരണ നടന്നുവരുന്ന കലോൽസവത്തിന് ഉണ്ടാകുന്ന സാമ്പത്തിക പ്രാരബ്ധങ്ങളും അമിത ചെലവും ഒഴിവാക്കാനും കലാപരമായ കഴിവിനെ ഒരു കുടക്കീഴിൽ അവതരിപ്പിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കാൻ ഓൺലൈൻ കലോൽസവത്തിന് കഴിയുമെന്നതാണ് പരിപാടിയുടെ മെച്ചം. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും വിജയികൾക്ക് ട്രോഫി, കാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, കലാപ്രതിഭ, കലാതിലകം പട്ടങ്ങളും നൽകും.
ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന സ്‌കൂളുകൾക്ക് ട്രോഫികളും നൽകും. ഇതു സംബന്ധിച്ച് സംഘാടകരായ കേരള സംസ്ഥാനതല ഐ.ടി സഹകരണ ഇൻസ്റ്റിറ്റിയൂട്ട് (സിറ്റ്മിക്കോസ്) സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളുടെയും പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ എന്നിവർക്ക് ഇക്കഴിഞ്ഞ 16ന് കത്തയച്ചിരുന്നു. മൽസരാർഥികൾ അവരുടെ മത്സര ഇനത്തിന്റെ വീഡിയോ, ഓഡിയോ, ചിത്രങ്ങൾ, കയ്യെഴുത്ത് പ്രതി എന്നിവയ്‌ക്കൊപ്പം കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങൾ, രക്ഷാകർത്താവിന്റെ പേര് ഉൾപ്പെടെ മെയ് നാലിന് വൈകിട്ട് നാലിന് മുമ്പ് സമർപ്പിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. അപേക്ഷകൾ വെബ്‌സൈറ്റ്, വാട്‌സപ്പ് എന്നിവ വഴി അയക്കാം. എന്നാൽ മൽസരത്തിന് മുമ്പ് വിദ്യാർഥികൾക്ക് സ്‌കൂൾ അധികൃതരിൽ നിന്നും സർട്ടിഫിക്കറ്റ് ആവശ്യമില്ല. സമർപ്പിക്കപ്പെട്ട ഇനങ്ങൾ വിദഗ്ധ സമിതി പരിശോധിച്ച ശേഷം ഓരോ ഇനങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാരുടെ പേരുകൾ പ്രഖ്യാപിക്കും. അതിന് ശേഷമാണ് വിജയി സ്‌കൂൾ അധികൃതരിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. കൊറോണയുടെ കാലപരിധിയിൽ ഉൾപ്പെട്ടതിനാൽ നൃത്ത ഇനങ്ങളിൽപ്പെടുന്ന ആടയാഭരണങ്ങൾക്ക് മതിയായ ഇളവുകളും ലഭിക്കും. മൽസരത്തിന്റെ സമയക്രമത്തിൽ ക്യത്യത നിഷ്‌കർച്ചിട്ടുണ്ട്. അതുപോലെ വീഡിയോ ഫൂട്ടേജുകളിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയാൽ മൽസരത്തിൽ നിന്നും പുറത്താകുമെന്നും നിബന്ധനകളിൽ പറയുന്നുണ്ട്. സംസ്ഥാന സ്‌കൂൾ കലോൽസവങ്ങളിൽ ഉയർന്നുവരാറുള്ള പരാതികൾ കലോൽസവങ്ങളുടെ പേര് തന്നെ കളങ്കപ്പെടുത്താറുണ്ട്.
ഇത്തരം പരാതികൾ നിലനിൽക്കെയാണ് അതിന് തടയിടുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ കലോൽസവം ആരംഭിക്കുന്നത്. എയ്ഡഡ്, അൺ എയ്ഡഡ് വ്യത്യാസമില്ലാത്തതിനാൽ കേരളത്തിലെ വിദ്യാർഥികളെ ഒരേ രീതിയിലുള്ള മൽസര വേദികളിലെത്തിക്കുകയെന്ന ലക്ഷ്യവും കലോൽസവത്തിനുണ്ട്. കോടികൾ ചെലവഴിച്ച് നടത്തുന്ന കലോത്സവ മാമാങ്കങ്ങൾക്കും തിരശ്ശീല വീഴ്ത്താൻ പുതിയ നീക്കത്തിന് കഴിയുമെന്ന വിലയിരുത്തലുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.sitmicos.com അല്ലെങ്കിൽ 0471 2317755 എന്ന നമ്പരിൽ ബന്ധപ്പെടാൻ സംഘാടകർ അറിയിച്ചു.