റിയാദ് - കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ ആനുപാതികമായി ലോകത്ത് ഏറ്റവും വലിയ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ സൗദി അറേബ്യയും ഉൾപ്പെടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. സൗദി അറേബ്യ 22,600 കോടി റിയാലിന്റെ (6030 കോടി ഡോളർ) ഉത്തേജക പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇത് സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 8.6 ശതമാനമാണ്. സൗദിയുടെ മൊത്തം ആഭ്യന്തരോൽപാദനം 2.64 ട്രില്യൺ റിയാൽ (70,400 കോടി ഡോളർ) ആണ്.
മൂന്നു മാസത്തേക്കുള്ള ലെവി ഇളവ് അടക്കമുള്ള പദ്ധതികൾക്ക് സൗദി ധനമന്ത്രാലയം 7000 കോടി റിയാലിന്റെ ഉത്തേജക പദ്ധതിയും ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി 5000 കോടി റിയാലിന്റെ ഉത്തേജക പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ വേതനത്തിന്റെ 60 ശതമാനം വരെ സർക്കാർ വഹിക്കുന്ന പദ്ധതിക്ക് 900 കോടി റിയാൽ നീക്കിവെച്ചിട്ടുണ്ട്. സർക്കാർ പദ്ധതികൾ നടപ്പാക്കിയ വകയിൽ സ്വകാര്യ മേഖലക്കുള്ള കുടിശ്ശിക വിതരണം വേഗത്തിലാക്കുന്നതിനും മറ്റു ചില ഇളവുകൾക്കും 5000 കോടിയിലേറെ റിയാലിന്റെ പാക്കേജും ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ മേഖലക്ക് 4700 കോടി റിയാൽ അധികം അനുവദിച്ചിട്ടുണ്ട്. വാണിജ്യ, വ്യവസായ മേഖലാ ഉപയോക്താക്കൾക്ക് ഏപ്രിൽ, മെയ് മാസങ്ങളിൽ വൈദ്യുതി ബില്ലുകളിൽ 30 ശതമാനം ഇളവ് ചെയ്തുകൊടുക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തേജക പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഏതാനും സഹായ പദ്ധതികളുടെ സാമ്പത്തിക ചെലവ് എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. ഒരു കമ്പനിയുടെയും കീഴിലല്ലാതെ ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സൗദി പൗരന്മാർക്ക് പ്രഖ്യാപിച്ച മിനിമം വേതന വിതരണ പദ്ധതി അടക്കമുള്ള ഇത്തരം പദ്ധതികൾ കൂടി കണക്കിലെടുത്താൽ സൗദി അറേബ്യ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികൾക്ക് ചെലവഴിക്കുന്ന തുക ഇപ്പോൾ കണക്കാക്കിയതിലും അധികമായി ഉയരും.
മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ ആനുപാതികമായി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഉത്തേജക പദ്ധതികളാണ് സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ജർമനിയും ജപ്പാനും അമേരിക്കയും മാത്രമാണ് ഇക്കാര്യത്തിൽ സൗദി അറേബ്യക്ക് മുന്നിലുള്ളത്. ജർമനി മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 20.9 ശതമാനത്തിനും ജപ്പാൻ 18.8 ശതമാനത്തിനും അമേരിക്ക 10.3 ശതമാനത്തിനും തുല്യമായ ഉത്തേജക പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ ആനുപാതികമായി ഉത്തേജക പദ്ധതി പ്രഖ്യാപിച്ചതിൽ ചൈന, ഇന്ത്യ, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ബ്രസീൽ, കാനഡ, കൊറിയ, സ്‌പെയിൻ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്കെല്ലാം മുന്നിലാണ് സൗദി അറേബ്യ.
സൗദി അറേബ്യക്ക് പിന്നിൽ സ്‌പെയിൻ ആണ്. മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 7.8 ശതമാനത്തിന് തുല്യമായ ഉത്തേജക പദ്ധതിയാണ് സ്‌പെയിൻ പ്രഖ്യാപിച്ചത്. മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 5.8 ശതമാനത്തിന് തുല്യമായ ഉത്തേജക പദ്ധതി ഓസ്‌ട്രേലിയയും 4.5 ശതമാനത്തിന് തുല്യമായ ഉത്തേജക പദ്ധതി കാനഡയും നാലു ശതമാനത്തിന് തുല്യമായ പദ്ധതി ഫ്രാൻസും മൂന്നു ശതമാനത്തിന് തുല്യമായ പദ്ധതി ബ്രിട്ടനും ഒന്നര ശതമാനത്തിന് തുല്യമായ പദ്ധതി ബ്രസീലും 1.3 ശതമാനത്തിന് തുല്യമായ പദ്ധതി ചൈനയും 0.8 ശതമാനത്തിന് തുല്യമായ പദ്ധതി ഇന്ത്യയും 0.7 ശതമാനത്തിന് തുല്യമായ പദ്ധതി ഇന്തോനേഷ്യയും 0.4 ശതമാനത്തിന് തുല്യമായ പദ്ധതി ഇറ്റലിയും പ്രഖ്യാപിച്ചു.