Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഓൺലൈൻ സ്റ്റോറുകളുടെ സ്വീകാര്യത വർധിക്കുന്നു

റിയാദ് - കൊറോണ വ്യാപനം തടയുന്നതിന് കർഫ്യൂ നടപ്പാക്കുകയും ഉപയോക്താക്കളുടെ അവബോധം വർധിക്കുകയും ചെയ്തതോടെ ഓൺലൈൻ സ്റ്റോറുകളുടെ സ്വീകാര്യത 70 ശതമാനം തോതിൽ വർധിച്ചതായി വിദഗ്ധർ പറഞ്ഞു. രാജ്യത്ത് കർഫ്യൂ നടപ്പാക്കിയതോടെ 60 ശതമാനം പരമ്പരാഗത വ്യാപാര സ്ഥാപനങ്ങളും ഡെലിവറി ആപ്പുകളുടെയും ഓൺലൈൻ സ്റ്റോറുകളുടെയും സേവനം പ്രയോജനപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. സൗദിയിൽ ഓൺലൈൻ വ്യാപാരം 80 ശതമാനം തോതിൽ വർധിക്കാൻ ഇത് ഇടയാക്കി. 
ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങളും പാദരക്ഷകളും പോലുള്ള ഉപഭോക്തൃ വസ്തുക്കൾ അടക്കമുള്ള മേഖലകളിലെല്ലാം ഓൺലൈൻ വ്യാപാരം ശ്രദ്ധേയമായ നിലക്ക് വർധിച്ചിട്ടുണ്ട്. സൗദിയിൽ അടുത്ത കാലത്ത് ഉപയോക്താക്കളും സ്ഥാപനങ്ങളും ഓൺലൈൻ വ്യാപാരത്തിലേക്ക് തിരിഞ്ഞത് സ്വാഭാവികമാണെന്ന് അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അബ്ദുൽകരീം അൽഅമ്മാർ പറഞ്ഞു. 
ആഗോള തലത്തിൽ തന്നെ ഓൺലൈൻ വ്യാപാരത്തിനാണ് ഭാവിയുള്ളത്. സൗദിയിൽ 2018 ൽ 8000 കോടി റിയാലിന്റെ ഓൺലൈൻ വ്യാപാരം നടന്നതായാണ് കണക്ക്. സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ 32 ശതമാനം വാർഷിക വളർച്ചയുണ്ട്. 


എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ഓൺലൈൻ വ്യാപാര നിയമം സമീപ കാലത്ത് രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. കർഫ്യൂ നടപ്പാക്കിയതോടെ ഓൺലൈൻ സ്റ്റോറുകളുടെ സ്വീകാര്യത കൂടുതൽ വർധിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള മേഖലയിൽ ഓൺലൈൻ വ്യാപാരം ശ്രദ്ധേയമായ നിലക്ക് വർധിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വിശ്വാസം ആർജിക്കുന്നതിന് ഓൺലൈൻ സ്റ്റോറുകൾ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നത് ഓൺലൈൻ വ്യാപാര മേഖലയിൽ കൂടുതൽ വളർച്ചയുണ്ടാകുമെന്നും അബ്ദുൽകരീം അൽഅമ്മാർ പറഞ്ഞു. 
കർഫ്യൂ നടപ്പാക്കിയത് ഓൺലൈൻ സ്റ്റോറുകളെ സമീപിക്കുന്നതിൽ ഉപയോക്താക്കളുടെ അവബോധം വർധിപ്പിച്ചതായി ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ ഫുഡ്സ്റ്റഫ് കമ്മിറ്റി അംഗം സാലിം ബൽഖശർ പറഞ്ഞു. ഓൺലൈൻ സ്റ്റോറുകളുടെ സ്വീകാര്യത 70 ശതമാനം തോതിൽ വർധിക്കുന്നതിന് ഇത് ഇടയാക്കി. മരുന്ന്, ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള മേഖലകളിലാണ് ഓൺലൈൻ വ്യാപാരം കൂടുതൽ വർധിച്ചിരിക്കുന്നതെന്നും സാലിം ബൽഖശർ പറഞ്ഞു.  


കർഫ്യൂ നടപ്പാക്കിയതോടെ ഉപഭോക്തൃ വസ്തുക്കൾക്കും ഭക്ഷ്യവസ്തുക്കൾക്കും ഓൺലൈൻ സ്റ്റോറുകളെ സമീപിക്കുന്നവരുടെ എണ്ണം വർധിച്ചതായി തായിഫ് യൂനിവേഴ്‌സിറ്റി ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. സാലിം ബാഅജാജ പറഞ്ഞു. 40 ശതമാനം ഉപയോക്താക്കളും പരമ്പരാഗത വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഓൺലൈൻ സ്റ്റോറുകളിലേക്ക് മാറിയിട്ടുണ്ട്. 60 ശതമാനം പരമ്പരാഗത വ്യാപാര സ്ഥാപനങ്ങളും ഡെലിവറി ആപ്പുകളുടെ സേവനം പ്രയോജനപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ സൗദിയിൽ ഓൺലൈൻ സ്റ്റോറുകളുടെ എണ്ണം 30 ശതമാനം തോതിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. സാലിം ബാഅജാജ പറഞ്ഞു.


 

Latest News