തിരുവനന്തപുരം- ഉടനടി വാടക നൽകണമെന്ന് ആവശ്യപ്പെട്ട് ലോക്ഡൗണിനെ തുടർന്ന് ഒരു മാസത്തോളമായി കേരളത്തിലുള്ള ദൽഹിയിലെ മലയാളി വിദ്യാർത്ഥികളെ വീട്ടുടമകൾ ഫോണിൽ ഭീഷണിപ്പെടുത്തുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. വാടകക്കാരെ കുടിയൊഴിപ്പിക്കരുതെന്നും അവരിൽ നിന്ന് നിർബന്ധപൂർവം വാടക വാങ്ങരുതെന്നും ലോക്ഡൗൺ സംബന്ധിച്ച് പുറത്തിറക്കിയ മാർഗനിർദേശത്തിലുണ്ട്. ഇതിനു വിരുദ്ധമായാണ് ദൽഹിയിലെ വീട്ടുടമകൾ പ്രവർത്തിക്കുന്നത്.
ദൽഹി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മൈത്രി ഇതു സംബന്ധിച്ച് നിവേദനം നല്കിയിട്ടുണ്ട്. എല്ലാവരും എവിടെയാണോ അവിടെ തുടരണമെന്നാണ് ലോക്ഡൗൺ കാലത്തെ നിർദേശം. മെയ് മൂന്ന് വരെ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ദല്‍ഹിയില്‍നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തില്‍ എത്താൻ കഴിയില്ലെന്നും ഉമ്മന് ചാണ്ടി ചൂണ്ടിക്കാട്ടി.
ലോക്ക് ഡൗൺ വീണ്ടും നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ ലോട്ടറിയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലാളികൾക്കും 5000 രൂപ സഹായധനം നൽകണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്കിന് അയച്ച കത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന ലോട്ടറി ജീവനക്കാർക്ക് രണ്ടായിരം രൂപ ക്ഷേമനിധി ബോർഡിൽ നിന്നും നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും കുടിശിക ഉണ്ടെന്ന പേരിൽ ഇവരിൽ പലർക്കും 1000 രൂപ പോലും കിട്ടിയിട്ടില്ല. രജിസ്ട്രേഷൻ ഇല്ലാത്ത ലോട്ടറി വില്പനക്കാർക്കു കൂടി സഹായധനം നല്കണമെന്ന് ഉമ്മൻ ചാണ്ടി അഭ്യർത്ഥിച്ചു.