തിരുവനന്തപുരം- സ്പ്രിംഗ്ലർ വിവാദത്തിൽ ഇപ്പോൾ ഒരു മറുപടിക്കും തയ്യാറല്ലെന്നും ചരിത്രം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതെല്ലാം എല്ലാവർക്കും മനസിലാകുമെന്നും ഇപ്പോൾ അതിന് മറുപടി പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളുടെ കൂട്ടത്തിൽ ചിലർ നുണ വാർത്തകൾ തയ്യാറാക്കുന്നുണ്ടെന്നും അതൊക്കെ എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നുണ വാർത്തകളെല്ലാം മറികടന്നാണ് ഇന്നത്തെ ഈ കസേരയിൽ വന്നിരിക്കുന്നത്. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇപ്പോൾ നേരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവ് സി.പി.എം ഫോറത്തിന്റെ പേരിൽ ചിലർ തയ്യാറാക്കിയ നുണക്കഥകൾ വന്നിരുന്നു. അതിന്റെ ഭാഗമായി പലതും വന്നിരുന്നു. അതിന്റെ ചില അംശങ്ങൾ ഇപ്പോഴുമുണ്ടാകും.
ശുദ്ധമായ നുണ ചിലർ കെട്ടിച്ചമച്ചുണ്ടാക്കുമ്പോൾ അതിന് ഞാൻ എന്ത് മറുപടി പറയാനാണ്. തെളിവുള്ളവർ കൊണ്ടുവരട്ടെ. എനിക്കില്ലാത്ത ബേജാർ എന്തിനാണ് നിങ്ങൾക്കെന്നും മുഖ്യമന്ത്രി ചോദിച്ചു. നിങ്ങള്ക്ക് എന്തെല്ലാം കൊണ്ടുവരാന്‍ പറ്റുമോ എങ്കില്‍ അതെല്ലാം കൊണ്ടുവരാനും മുഖ്യമന്ത്രി വെല്ലുവിളിച്ചു. മാധ്യമങ്ങള്‍ നേരായ വഴിക്ക് ചിന്തിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.