മുംബൈ- മുംബൈയില്‍ 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മുംബൈ പ്രസ് ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്കയി നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയധികം പേരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 167 പേരാണ് ഇവിടെ പരിശോധനയ്ക്ക് വിധേയരായത്. ഇതില്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും ഫോട്ടോ ജേര്‍ണലിസ്റ്റുകളും ഉള്‍പ്പെടുന്നു.
നിലവില്‍ വീട്ടിലിരുന്ന ജോലി ചെയ്യുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ വീട്ടിലെ അംഗങ്ങള്‍ക്കും രോഗം പകര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ട്. വര്‍ക്ക് ഫ്രം ഹോം രീതിലേക്ക് മാറുന്നതിന് മുമ്പ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായുള്ള ഇടപഴകലുകള്‍ വഴിയാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. വ്യത്യസ്ഥ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് എന്നതിനാല്‍ ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കേണ്ടിവരും.