Sorry, you need to enable JavaScript to visit this website.

ജനാധിപത്യത്തിൽ ബിംബവത്കരണം അപകടമുണ്ടാക്കും-പിണറായിയെ വിമർശിച്ച് വീണ്ടും കെ.എം ഷാജി

കോഴിക്കോട്- മെൽബണിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ബോർഡ് സ്ഥാപിച്ചുവെന്ന ദേശാഭിമാനി വാർത്തയെ പരിഹസിച്ച് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എൽ.എ രംഗത്ത്. ഫെയ്‌സ്ബുക്കിലാണ് ഷാജിയുടെ വിമർശനം. 
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:
ജനാധിപത്യത്തിൽ ബിംബവൽക്കരണം അപകടമുണ്ടാക്കും എന്നും ഡിക്‌റ്റേറ്റർഷിപ്പ് നമ്മുടെ പല അവകാശങ്ങളും കവർന്നെടുക്കുമെന്നുമുള്ള മുന്നറിയിപ്പുകളാണു ഞങ്ങളൊക്കെ ഉറക്കെപറയാൻ ശ്രമിച്ചത്. ദേശീയ തലത്തിൽ അതൊരു ശരിയും സംസ്ഥാന തലത്തിൽ അത് തെറ്റുമാവില്ല. ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ വന്ന കളർ പട വാർത്തയാണു താഴെ കൊടുത്തിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തിയതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു കൊണ്ട് ആസ്‌ത്രേലിയയിലെ മെൽബൺ സിറ്റിയിൽ അവിടത്തെ ടെലഫോൺ സേവന ദാതാക്കൾ ബോർഡ് സ്ഥാപിച്ചു എന്നാണ് വാർത്ത.

എന്താണു സത്യം?. കോവിഡിനെ പ്രതിരോധിക്കാൻ എന്തെങ്കിലും ചെറിയ സഹായം ചെയ്ത ആരുടെ പേരും ആ ബോർഡിൽ വരും. സെക്കന്റുകൾക്കകം മാഞ്ഞു പോകും. അവിടെ ഉള്ള ആളുകൾക്ക് ഒരു എസ് എം എസ് അയച്ചാൽ മതി. ഇത് പ്രകാരം എന്റെ പേരും ഒരു സഹോദരൻ അയച്ചു, അതും വന്നു.

മലപ്പുറം ജില്ലയിലെ കൽപകഞ്ചേരിക്കാരനായ സുഹൃത്ത് അനസ് മറ്റു പല പേരുകളും അയച്ചു. അതും സെക്കന്റുകളിൽ വന്ന് മാഞ്ഞു പോയി. 
ഇതാണു ദേശാഭിമാനിയുടെ പ്രധാന വാർത്ത.

വാഷിംഗ് ടൺ പോസ്റ്റ് പത്രത്തിൽ വന്ന ഒരു ലേഖനവും പറന്ന് നടന്നിരുന്നു. പിണറായി സി പി എം സ്തുതിയായി.വാഷിംഗ് ടൺ പോസ്റ്റും തിരുത്തൽ കൊടുത്തു.
ഇന്ത്യയിൽ ഒട്ടേറെ സംസ്ഥാനങ്ങളിൽ കോവിഡ് ഉണ്ട്. അവിടങ്ങളിൽ എല്ലാം മുഖ്യമന്ത്രിമാരുമുണ്ട്. ഒരു സാമാന്യ ബുദ്ധി വെച്ചാണു അവരെല്ലാം പ്രചരണം നടത്തുന്നത്.  കേരളം വിവരമുള്ളവരുടെ നാടാണെന്ന് വീമ്പ് പറയുന്ന നമ്മൾ ഇങ്ങനെ വഷളാവണോ ?

ലോകത്തിനു മുന്നിൽ ദേശാഭിമാനിക്ക് എത്രയും തരം താഴാം കാരണം അത് സി പി എമ്മിന്റെ മുഖപത്രമാണല്ലോ. പക്ഷെ മുഖ്യമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ. ദേശാഭിമാനി ആസ്‌ത്രേലിയയിൽ ആരും വായിക്കില്ല എന്ന് നമുക്ക് സമാധാനിക്കാം. എന്നാൽ സൈബർ സഖാക്കൾ അതവിടെയും എത്തിക്കും.

ദേശാഭിമാനിയുടെ പേരിലാവില്ല. മലയാള പത്രങ്ങളെ സംബന്ധിച്ച് ആസ്‌ത്രേലിയക്കാർ എന്തു കരുതും. അവിടെ എത്രയോ മലയാളികൾ ഉണ്ട്. അവർക്ക് ആ നാട്ടിൽ ഇറങ്ങി നടക്കണ്ടേ. നിങ്ങൾ പ്രതിമകൾ ഉണ്ടാക്കുമ്പോൾ മലകയറുന്നത് മലയാളിയുടെ മാനമാണെന്ന് ആരെങ്കിലും പറഞ്ഞാൽ പിന്നെ തെറിയായി കൊലവിളിയായി. കേസായി..

തലയിൽ ആൾതാമസമുള്ള മലയാളി കുട്ടികൾ ഉണ്ടായതിനാൽ ഈ വിവരം നമ്മൾ അറിഞ്ഞു. അല്ലെങ്കിൽ ഇതൊക്കെ വിശ്വസിച്ച് പാവം ജനത...?


 

Latest News