Sorry, you need to enable JavaScript to visit this website.

ഈരാറ്റുപേട്ടയിൽ പോലീസും യാത്രികരുമായി സംഘർഷം പതിവാകുന്നു

കോട്ടയം- ലോക്ഡൗണിനിടെ പോലീസും യാത്രികരുമായുളള സംഘർഷം ഈരാറ്റുപേട്ടയിൽ പതിവാകുന്നു. പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് അടിച്ചതുമായി ബന്ധപ്പെട്ടാണ് ഇന്നലെ  സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ പോലീസുകാരന് പരിക്കേറ്റു. നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് അടിച്ചതോടെയാണ് സംഭവം. ഇതോടെ യുവാവ് നിലത്തു വീണു, നിലത്തുവീണ യുവാവിനും പരിക്കേറ്റു.

ഈരാറ്റുപേട്ട നടയ്ക്കലിലാണ് സംഭവം. ബൈക്കിലെത്തിയ ഹക്കീം എന്ന യുവാവ് പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല. പോലീസ് അടിച്ചതോടെ ഹക്കീം നിലത്തുവീണു. പരിക്കേറ്റ ഹക്കീമിനെ  ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്  പോലീസ് നടപടിയെ ചോദ്യം ചെയ്ത് ഒരു സംഘമെത്തി. ഇതിനിടയിലാണ് പോലീസുകാരന് പരിക്കേറ്റത്. റോബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സംഭവത്തിൽ നടയ്ക്കൽ കാട്ടാമല അജ്മലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈരാറ്റുപേട്ടയിൽ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോവുകയും തടയാനുള്ള ശ്രമത്തിനിടെ യുവാവ് വീണ് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബൈക്കിന്റേത് വ്യാജ നമ്പർ പ്ലേറ്റാണെന്നാണ് പോലീസ് പറയുന്നത്. പുതിയ മോഡൽ ബൈക്കിന് ഓട്ടോ റിക്ഷയുടെ നമ്പറാണ് ചേർത്തിരുന്നത്. കെ.എൽ 35 എഫ് 929 എന്ന നമ്പറാണ് ബൈക്കിലുണ്ടായിരുന്നത്. 

വെബ്സൈറ്റിൽ ഈ വാഹനം രഞ്ജിത് കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആപ്പെയുടെ നമ്പറാണ്. വ്യാജ നമ്പറായതിനാലാവാം വാഹനം നിർത്താതെ പോയതെന്നാണ് പോലീസ് കരുതുന്നത്. ഈ വാഹനം നേരത്തേ പോലീസ് നോട്ടമിട്ടിരുന്നു. ഈ വാഹനം കഴിഞ്ഞ ദിവസം ഡിവൈ.എസ്.പിയും സി.ഐയും കൈ കാണിച്ചിട്ടും നിർത്താതെ പോയിരുന്നു. ഹക്കീം മറ്റു കേസുകളിൽ പ്രതിയാണന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് നടപടി വിവാദമായിരുന്നു. അതിനിടെയാണ് പുതിയ സംഭവം.

 

Latest News