കാസർകോട്- ബന്ധുക്കളുടെപ്രാർഥനയും ഒരു കൂട്ടം മനുഷ്യ സ്‌നേഹികളുടെ രിശ്രമവും സഹായിച്ചു.കാൻസർ ബാധിച്ച് വേദന കടിച്ചമർത്തിജീവൻ നിലനിർത്താൻ കേണപേക്ഷിച്ചിരുന്ന വിദ്യാനഗർ മുട്ടത്തൊടിയിലെ ദൈനബി ( 50) ക്ക് ഇന്നലെ രാവിലെ തിരുവനന്തപുരം ആർ. സി.സിയിൽ എത്തി കീമോതെറാപ്പിക്ക് വിധേയയാകാൻ സൗകര്യം ഒരുങ്ങി.
കാസർകോട് ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബുവും ഐ.സി.ഡി.എസ് കാസർകോട് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്തും ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനയും ദൈനബിയെ തിരുവനന്തപുരം ആർ.സി.സിയിൽ എത്തിച്ചു മതിയായ ചികിത്സ ലഭ്യമാക്കുന്നതിന് ഏറെ താൽപര്യമെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വീട്ടുകാരുമായി സംസാരിച്ച ശേഷംഇന്നലെ തന്നെമുൻകൈയെടുത്ത് ആംബുലൻസ് ഒരുക്കിക്കൊടുത്തു.ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നു ദൈനബിയേയും കയറ്റി തിരുവനന്തപുരം ആർ.സി.സിയിലേക്ക് പറന്നു.
പാചക തൊഴിലാളി യൂനിയൻ സംസ്ഥാന ജോ. സെക്രട്ടറിയും പൊതുപ്രവർത്തകയുമായറംല ചെമ്പിരിക്കയും ബന്ധുവായ അൽ അമീനുമാണ് ആംബുലൻസിൽ ദൈനബിയുടെ കൂടെ യാത്ര തിരിച്ചത്. കാസർകോട് ജില്ലാവനിതാ ശിശു വികസന വകുപ്പിന്റെ ഗ്രൂപ്പിൽ അംഗമായ ഒരു മനുഷ്യസ്‌നേഹി ദൈനബിയുടെ ചികിത്സാ ചെലവിലേക്ക് ആവശ്യമായ പ്രാഥമിക തുക അവരുടെ പേരിൽ അയച്ചു കൊടുക്കുകയും ചെയ്തു. ആരോഗ്യ മന്ത്രിയുമായി ബന്ധപ്പെട്ടു തുടർചികിത്സക്ക് സഹായം ചെയ്യുന്നതിനും ശ്രമം നടത്തുന്നുണ്ട്.
ലോക്ഡൗൺ കാരണം ആറാമത്തെ കീമോ ചെയ്യാൻ ഇവർക്ക് കഴിഞ്ഞില്ല. ആർ.സി.സിയിൽ എത്തിപ്പെടാനോ ചികിത്സക്ക് പണം സ്വരൂപിക്കാനോ നിർധന കുടുംബത്തിന് ആയില്ല. വേദന കൊണ്ട് പുളയുന്ന സ്ത്രീയുടെദയനീയ സ്ഥിതി കെ.ബി. മുഹമ്മദ് ഷായാണ് എഫ്.ബിയിൽ പോസ്റ്റിട്ടത്.തുടർന്ന് ശനിയാഴ്ചകാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുംഡോ. രാജു മാത്യു സിറിയക് ദൈനബിയെ പരിശോധിക്കുകയും ചെയ്തു.48 മണിക്കൂർ സമയമെടുത്ത് കീമോ ചെയ്യേണ്ടത് കാരണം തിരുവനന്തപുരം ആർ.സി.സി യിലേക്ക് എത്രയും വേഗത്തിൽ എത്തിക്കാനായിരുന്നു നിർദേശം. ഇവരുടെ കുടുംബത്തിലെ നാല് പേർ കാൻസർ ബാധിച്ച് മുമ്പ് മരിച്ചിരുന്നു.