കൽപറ്റ- വേനൽമഴയിൽ വയനാട്ടിൽ വ്യാപക വിളനാശം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയിൽ ഏകദേശം മൂന്നു കോടി രൂപയുടെ വിളകൾ നശിച്ചതായാണ് കൃഷി വകുപ്പിന്റെ കണക്ക്. വേനൽമഴയിലും കാറ്റിലും പനമരം, ചീരാൽ, എടവക, തരിയോട്, കോട്ടത്തറ, പടിഞ്ഞാറത്തറ, തവിഞ്ഞാൽ, വെള്ളമുണ്ട, മുട്ടിൽ, പൂതാടി പഞ്ചായത്തുകളിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലുമാണ് കൂടുതൽ നാശം. വാഴ, പച്ചക്കറി, റബർ, കമുക്, തെങ്ങ് എന്നിവയാണ് കാറ്റുംമഴയുമെടുത്ത കൃഷികളിൽ പ്രധാനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കുലച്ചതും അല്ലാത്തതും അടക്കം ഒരു ലക്ഷത്തിനടുത്ത് നേന്ത്രവാഴ നിലംപൊത്തി. 2.5 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഏകദേശം നാല് ഹെക്ടറിൽ പച്ചക്കറി കൃഷി നശിച്ചു. 20 കമുകും 15 തെങ്ങും 750 റബറും കടപുഴകിയതായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ വിവരം ലഭിച്ചിട്ടുണ്ട്.
വാഴകൃഷി നശിച്ച കർഷകർ പ്രതിസന്ധിയിലാണ്. നഷ്ടം എങ്ങനെ നികത്തുമെന്നു അറിയാതെ ഉഴലുകയാണ് പലരും. പണം കടം വാങ്ങിയാണ് കർഷകരിൽ ഏറെയും കൃഷിയിൽ മുടക്കിയത്. സർക്കാർ സഹായം അനുവദിച്ചാൽത്തന്നെ കൈയിലെത്താൻ വൈകുമെന്നതും കൃഷിക്കാരെ വിഷമിപ്പിക്കുകയാണ്. 2018-19ലെ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വിതരണം ചെയ്തിട്ടില്ല.
കൃഷി വകുപ്പ് നേരിട്ടു സംഭരണം തുടങ്ങിയ സാഹചര്യത്തിൽ ജില്ലയിൽ നേന്ത്രക്കായ വില കിലോഗ്രാമിനു ആറു രൂപ വരെ വർധിച്ചു. ഇതു കൃഷിക്കാർക്കു ഒരളവോളം ആശ്വാസമായി. ഒരാഴ്ചമുമ്പ് നേന്ത്രക്കായ കിലോഗ്രാമിനു ശരാശരി 13 രൂപയാണ് കൃഷിക്കാർക്കു ലഭിച്ചത്. വിലയിടിവുമൂലം കർഷകർ നേരിടുന്ന നഷ്ടം കണക്കിലെടുത്തു ഹോർട്ടികോർപ്പ് കിലോഗ്രാമിനു 19 രൂപ നിരക്കിൽ നേന്ത്രക്കുല സംഭരണം തുടങ്ങി. ഇതോടെ വിപണിയിൽ വില കിലോഗ്രാമിനു 20 രൂപയായി ഉയർന്നു. കൂടുതൽ വില ലഭ്യമാക്കുന്നതിനാണ് നേന്ത്രക്കുലകൾ നേരിട്ടു സംഭരിക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചത്. പൊതുവിപണിയിൽ വില ഉയരുംവരെ സംഭരണം തുടരുമെന്നു ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ശാന്തി, അസിസ്റ്റന്റ് ഡയറക്ടർ(മാർക്കറ്റിംഗ്) അജയ് അലക്‌സ് എന്നിവർ പറഞ്ഞു. കൃഷി വകുപ്പ് സംഭരിക്കുന്ന കുലകൾ മൊത്തക്കച്ചവടക്കാർക്കാണ് നൽകുന്നത്.