തിരുവനന്തപുരം- സ്പ്രിംഗ്ലർ കമ്പനിക്ക് ഡേറ്റ കൈമാറാനുള്ള കരാറിലൊപ്പിട്ട കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനം സി.പി.എം, സി.പി.ഐ എന്നിവയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധം. എന്നാൽ തള്ളാനും കൊള്ളനും കഴിയാത്ത അവസ്ഥയിലാണ് നേതൃത്വം. കരാറിൽ ഒപ്പിട്ട ഐ.ടി വകുപ്പ് കൈകാര്യം ചെയ്യുന്നത് പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് എന്നത് അവരെ വലയ്ക്കുന്നു.
കരാറിൽ സി.പി.ഐക്ക് ശക്തമായ എതിർപ്പുണ്ട്. എന്നാൽ പരസ്യമായി പ്രകടിപ്പിക്കാൻ അവർ തയാറായിട്ടില്ല. ഡാറ്റ കൈമാറ്റത്തെ ശക്തമായി എതിർക്കുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ആധാർ ചോർച്ച വിവാദം ആളിപ്പടർന്നപ്പോൾ യെച്ചൂരി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. വ്യക്തി വിവരങ്ങളുടെ സ്വകാര്യതയും ഡാറ്റാ സുരക്ഷിതത്വവും സംബന്ധിച്ച് സുവ്യക്തമായ നിലപാടായിരുന്നു അത്. ഡാറ്റാ വിവാദങ്ങളിൽ പാർലമെന്റിനകത്തും പുറത്തും മുന്നിൽ നിന്നത് സി.പി.എമ്മാണ്.
കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിൽ 2018 മാർച്ച് 24 ന് സി.പി.എം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്, ജനങ്ങളുടെ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ നിയമം വേണമെന്നായിരുന്നു. വ്യക്തികളുടെ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് നൽകുന്നതിനെതിരെ ശക്തമായ എതിർപ്പാണ് ദേശീയ തലത്തിൽ സി.പി.എം കൈക്കൊള്ളുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുമെന്ന് സി.പി.എം ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ആധാറിനെതിരെ കോടതിയിൽ പോയ പാർട്ടിയാണ് സി.പി.ഐ. അവർക്കും ഇപ്പോൾ മിണ്ടാൻ കഴിയുന്നില്ല.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ ഡാറ്റാ സ്വകാര്യത ഉറപ്പാക്കുമെന്ന് പ്രകടന പത്രികയിൽ എഴുതിയ ഒരേ ഒരു പാർട്ടി സി.പി.എമ്മായിരുന്നു. ഈ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് സി.പി.എം ഉറപ്പു നൽകി. എന്നാൽ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് തന്നെ എല്ലാം അട്ടിമറിക്കപ്പെട്ടു. സ്വകാര്യ കമ്പനികൾക്ക് വിവരങ്ങൾ കൈമാറരുതെന്ന സി.പി.എം നയത്തിൽ നിന്നു ഒരു പടികൂടി കടന്നായിരുന്നു കേരളത്തിലെ നടപടി. കോവിഡ് നീരീക്ഷണത്തിലുള്ളവരുടെ വിവരം കൈമാറിയത് അമേരിക്കൻ കമ്പനിക്ക്.
ദേശീയ നയം ചോദ്യം ചെയ്യപ്പെടുമ്പോഴും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയാണ് സി.പി.എം സംസ്ഥാന നേതൃത്വം. സർക്കാറിന് പിന്തുണയുമായി പ്രതിപക്ഷ നീക്കങ്ങളെ ചെറുക്കാൻ നാളെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. ലോക്ഡൗൺ കഴിഞ്ഞ ശേഷം സി.പി.ഐ യോഗം ചേർന്ന് കരാർ സംബന്ധിച്ച് ചർച്ച ചെയ്ത ശേഷമാരിക്കും പ്രതികരണം. സി.പി.എം സംസ്ഥാന ഘടകം പിണറായി വിജയനെ പിന്തുണയ്ക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ ദേശീയ നേതൃത്വത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല. ഇന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനം കേരളമാണ് എന്നതു തന്നെ ഇതിന് കാരണം. മുഖ്യമന്ത്രിക്ക് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ നിയമ മന്ത്രി എ.കെ. ബാലൻ പിണറായിയെ പിന്തുണച്ച് രംഗത്ത് വന്നു. മന്ത്രി ഇ.പി. ജയരാജൻ നേരത്തെ കരാറിനെ പിന്തുണച്ചിരുന്നു.