Sorry, you need to enable JavaScript to visit this website.

19 ശതമാനം സ്ഥാപനങ്ങൾ സൗദിവൽക്കരണം പാലിച്ചില്ല: മാനവ ശേഷി മന്ത്രാലയം

റിയാദ് - സ്വകാര്യ മേഖലയിൽ നിതാഖാത്ത് പ്രോഗ്രാം പ്രകാരം 81 ശതമാനം സ്ഥാപനങ്ങൾ സൗദിവൽക്കരണം നടപ്പാക്കിയിട്ടുണ്ടെന്നും ബാക്കി 19 ശതമാനം വ്യവസ്ഥ പാലിക്കുന്നതിൽ പിന്നോട്ട് പോയിരിക്കുകയാണെന്നും മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വ്യവസ്ഥ പാലിച്ച 15,78,000 സ്ഥാപനങ്ങളിൽ 97.60 ശതമാനവും ചെറുകിട സ്ഥാപനങ്ങളാണ്. 2019 ലെ അവസാന പാദവർഷത്തെ കണക്കാണിത്.
ജനറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) ഇക്കാലയളവിൽ 81,38,000 പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ സൗദി വനിതകളുടെ എണ്ണം 5,58,909 ആണ്. കഴിഞ്ഞ വർഷം മധ്യത്തിൽ സൗദിവൽക്കരണ തോതിൽ നേരിയ ചാഞ്ചാട്ടമുണ്ടായിരുന്നു. ആദ്യ പകുതിയിൽ ഗോസിയിൽ രജിസ്റ്റർ ചെയ്തവരുടെ 20.26 ശതമാനം മാത്രമായിരുന്നു സൗദിവൽക്കരണം പാലിച്ചിരുന്നത്. മന്ത്രാലയത്തിന്റെ സൗദിവൽക്കരണ നയങ്ങൾ നടപ്പാക്കുന്നതിലെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് തോത് വർധിക്കുന്നത്.


സാമ്പത്തിക സ്ഥാപനങ്ങളിൽ സൗദിവൽക്കരണം ശക്തമാക്കിയതും സ്വകാര്യ മേഖലയിൽ ഫീസുകൾ വർധിപ്പിച്ചതും കാരണം അയോഗ്യരായ നിരവധി വിദേശികൾ രാജ്യം വിട്ടെന്നും അതുവഴി സൗദിവൽക്കരണം വർധിപ്പിക്കാനായെന്നും മന്ത്രാലയം വ്യക്തമാക്കി. 
2017 ആദ്യ പകുതിയിൽ 16.62 ശതമാനവും കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 3.68 ശതമാനവും സൗദിവൽക്കരണ തോതിൽ വർധനയുണ്ടായതായും മന്ത്രാലയം അറിയിച്ചു.

 

Latest News