Sorry, you need to enable JavaScript to visit this website.

യു.കെയില്‍ ലഭിച്ച ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

എബിന്‍ ജോയ് അരീയ്ക്കലിന് യു.കെ.യില്‍ ലഭിച്ച ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ ഏറ്റുവാങ്ങുന്നു.

നെടുമ്പാശ്ശേരി- യു.കെയില്‍നിന്നെത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിക്ക്  യു.കെയില്‍ പാര്‍ട്ട് ടൈം ജോലിക്ക്   ലഭിച്ച ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
മനസ് നിറയെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ഉപരി പഠനത്തിനായി യു.കെയിലേക്ക് പറന്ന അങ്കമാലി കിടങ്ങൂര്‍ സ്വദേശി അരിയ്ക്കല്‍ ജോയിയുടെ മകന്‍ എബിന്‍ ജോയിക്ക് പഠനത്തിനിടെ ലഭിച്ച ആദ്യ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പാര്‍ട്ട് ടൈം ജോലി ലഭിച്ച് 12 ദിവസം കഴിഞ്ഞപ്പോഴേക്കും കോവിഡ് 19 രോഗം വ്യാപിച്ചതിനെത്തുടര്‍ന്ന് ഭൂരിഭാഗം പേരും നാട്ടിലേക്ക് തിരിച്ചപ്പോള്‍ എബിന്‍ ജോയിയും പോരേണ്ടി വന്നു. ലണ്ടനില്‍ 12 ദിവസം പാര്‍ട്ട് ടൈം ജോലി ചെയ്തതിനു ലഭിച്ച 18500 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
മാര്‍ച്ച് 18നാണ് എബിന്‍ ലണ്ടനില്‍നിന്നെത്തിയത്. തുടര്‍ന്ന് നെടുമ്പാശ്ശേരി പഞ്ചായത്തിന്റെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു എബിനും സുഹൃത്തുക്കളായ ആറുപേരും. ഈ സമയത്ത് പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയില്‍ നിന്നാണ് ഭക്ഷണം എത്തിച്ച് കൊടുത്തത്.
നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ ദുരിതാശ്വാസ നിധിയുടെ ചെക്ക് എബിനില്‍നിന്ന് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് പി.സി.സോമശേഖരന്‍, പഞ്ചായത്ത് മെമ്പര്‍ സി.വൈ.ശാബോര്‍, സെക്രട്ടറി ടി.എസ്.സന്തോഷ്, ജോയ് അരീയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. സാമൂഹ്യ അടുക്കളയില്‍നിന്ന് കൃത്യ സമയത്ത് എല്ലാവര്‍ക്കും ഭക്ഷണം എത്തിച്ച് നല്‍കിയതിന് എബിന്‍ പഞ്ചായത്തധികൃതരോട് നന്ദി പറഞ്ഞു.



 

 

Latest News