റിയാദ് - അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിന് സൗദി ഫുട്‌ബോൾ ടീം യോഗ്യത നേടിയത് രാജ്യത്തെ ആഹ്ലാദത്തിമർപ്പിലാക്കി. ചൊവ്വാഴ്ച രാത്രി ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഫുട്‌ബോൾ പ്രേമികളുടെ ആരവങ്ങൾ സാക്ഷിയാക്കി ജപ്പാനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന് മുട്ടുകുത്തിച്ച പച്ചപ്പട സൗദി അറേബ്യയിലെ മാത്രമല്ല, ഗൾഫ്, അറബ് രാജ്യങ്ങളിലെയും ജനങ്ങളുടെ മനസ്സുകളാണ് ഗോളടിച്ച് കീഴടക്കിയത്.
റഷ്യയിൽ നടക്കുന്ന ലോക കപ്പിലേക്ക് സൗദി ഫുട്‌ബോൾ ടീം യോഗ്യത നേടിയതിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആലുഖലീഫ സൽമാൻ രാജാവിന് അനുമോദന സന്ദേശം അയച്ചു. മത്സരത്തിൽ ഉടനീളം സൗദി ടീം കാഴ്ച വെച്ച ഉന്നത നിലവാരത്തിൽ ബഹ്‌റൈൻ രാജാവ് സന്തോഷം പ്രകടിപ്പിച്ചു. ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ ആലുഖലീഫ രാജകുമാരനും കിരീടാവകാശിയും സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആലുഖലീഫ രാജകുമാരനും സൽമാൻ രാജാവിന് അനുമോദന സന്ദേശങ്ങൾ അയച്ചു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബഹ്‌റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയും അനുമോദന സന്ദേശങ്ങൾ അയച്ചു. കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹും സൽമാൻ രാജാവിന് അനുമോദന സന്ദേശം അയച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമും ബഹ്‌റൈൻ വിദേശ മന്ത്രി ഖാലിദ് ബിൻ അഹ്മദും സൗദി ടീമിനെ അഭിനന്ദിച്ചു. ലോകകപ്പിൽ അറബികളെ പ്രതിനിധീകരിക്കുന്നതിന് സൗദി ടീമിന് അർഹതയുള്ളതായി ശൈഖ് മുഹമ്മദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.
സൗദി ടീം ലോക കപ്പ് ഫൈനൽ യോഗ്യത നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകമായ കുവൈത്ത് ടവറുകളും യു.എ.ഇയുടെ തിലകക്കുറിയായി ദുബായിൽ ആകാശംമുട്ടെ തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫയും ഹരിത പതാകയുടെ വർണമിഞ്ഞു. കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിലെ അൽജൗഹ സ്റ്റേഡിയത്തിൽ നടന്ന മത്സരം വീക്ഷിക്കുന്നതിന് 62,000 ലേറെ ഫുട്‌ബോൾ പ്രേമികൾ എത്തിയിരുന്നു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കളി നേരിട്ട് കാണുന്നതിന് സ്റ്റേഡിയത്തിൽ എത്തിയിരുന്നു. സൗദി ഫുട്‌ബോൾ ടീം അംഗങ്ങൾക്ക് പ്രത്യേക പാരിതോഷികം നൽകുന്നതിന് കിരീടാവകാശി ഉത്തരവിട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച വിശദാംശങ്ങൾ വൈകാതെ അറിയിക്കുമെന്നും സൗദി സ്‌പോർട്‌സ് അതോറിറ്റി മേധാവി മുഹമ്മദ് ആലുശൈഖ് പറഞ്ഞു.