തിരുവനന്തപുരം- സ്പ്രിങ്ക്ളർ ഇടപാടിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് നിയമമന്ത്രി എ.കെ. ബാലൻ രംഗത്ത്. മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നീക്കമെന്നും അടിസ്ഥാരഹിതമായ ആരോപണം ഉന്നയിച്ച് പ്രതിപക്ഷം കള്ളപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്പ്രിങ്ക്ളർ ഇടപാടിന് നിയമവകുപ്പിന്റെ അനുമതി ആവശ്യമില്ല. ഇടപാട് ഐടി വകുപ്പ് മാത്രം തീരുമാനിച്ചാൽ മതി. ഡാറ്റയുടെ പരിപൂർണ സുരക്ഷ ഐടി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. കരാറിന്റെ ഉത്തരവാദിത്തം ഐടി വകുപ്പിന് മാത്രമാണെന്നും നിയമമന്ത്രി പറഞ്ഞു.
പരാതിയുണ്ടെങ്കിൽ ആർക്കും കോടതിയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ കാര്യങ്ങളും നിയമവകുപ്പ് അറിയേണ്ടതില്ല. നിയമപ്രശ്നം ഉണ്ടെങ്കിൽ മാത്രം നിയമവകുപ്പ് അറിഞ്ഞാൽ മതി. ഏതു വകുപ്പിനും അവരുടെ ഉത്തരവാദിത്തത്തിൽ തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രോഗികളുടെ വിവരം ശേഖരിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പ് അധികൃതരുമാണ്. അത് വിശകലനം ചെയ്യാൻ സോഫ്റ്റ് വെയർ വേണം എന്ന് തീരുമാനിച്ചത് ഐടി വകുപ്പാണ്. ഡാറ്റയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയാവുന്ന ഐടി വകുപ്പ് എന്ന നിലയിൽ എല്ലാ സുരക്ഷയും സ്വീകരിച്ചുകൊണ്ടാണ് അവർ നടപടി സ്വീകരിച്ചത്. അക്കാര്യത്തിൽ ഐടി വകുപ്പിന്റെ നടപടിയോട് ഒരു വിധത്തിലുള്ള വിയോജിപ്പും സർക്കാരിനില്ല. സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ആരോപണം ഉണ്ടായ ഉടൻ തന്നെ ഡാറ്റ സർക്കാരിന്റെ കീഴിലുള്ള സിഡിറ്റിനെ ഏൽപിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യ സൗജന്യമായി തരുന്നതിൽ എന്താണ് പ്രശ്നം. അഡ്മിനിസ്ട്രേറ്റീവ് വകുപ്പും ഭരണവകുപ്പുമാണ് ഇത് നിയമവകുപ്പ് പരിശോധിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത്. ഇടപാട് സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾ പരിശോധിക്കണമെന്ന് ഐടി വകുപ്പിന് തോന്നിയാൽ മാത്രമേ നിയമവകുപ്പ് ഇത് പരിശോധിക്കേണ്ടതുള്ളൂ.
ഇടപാടിൽ യാതൊരു അപാകതയും ഇല്ലെന്നാണ് ഐടി വകുപ്പിന്റെ നിലപാട്. മന്ത്രിസഭയിലും ഇക്കാര്യം വരേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രളയം സർക്കാർ കൃത്രിമമായി സൃഷ്ടിച്ചതാണെന്നു പോലും പറയാൻ പ്രതിപക്ഷം തയ്യാറായി. സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോൾ കൊടുക്കേണ്ടതില്ല എന്ന് പോലും ഇവർ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ പോസിറ്റീവ് ആയ സമീപനമല്ല ഒരിക്കലും പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. ഡാറ്റ ദുരുപയോഗിക്കപ്പെടില്ല എന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും വീണ്ടും വീണ്ടും വിവാദമാക്കുന്നത് എന്തിനാണ്? നിയമവിരുദ്ധ പ്രവർത്തനമാണ് നടന്നതെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.