Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ പുറംപോക്ക് ഭൂമിയിൽ മുറിച്ചിട്ട മരങ്ങൾ കർണാടക കടത്തി

കണ്ണൂർ- ഇരിട്ടി മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള റവന്യു പുറംപോക്ക് ഭൂമിയിലെ താമസക്കാർ മുറിച്ചിട്ട മരങ്ങൾ മുഴുവൻ കർണ്ണാടക വനം വകുപ്പ്  കടത്തിക്കൊണ്ടുപോയി. ലോക് ഡൗണിന്റെ മറവിൽ മാക്കൂട്ടം ചുരം റോഡിൽ മണ്ണിട്ട് ഏർപ്പെടുത്തിയ സമ്പൂർണ്ണ ഗതാഗത നിരോധനം മറയാക്കിയാണ് കർണ്ണാടക വനം വകുപ്പിന്റെ നടപടി. കഴിഞ്ഞ ദിവസം രാവിലെ െ്രെകയിനുമായി എത്തിയ 15 അംഗ കർണ്ണാടക വനപാലക സംഘം മലയാളി കുടുംബങ്ങൾ താമസിക്കുന്ന കേരളത്തിന്റെ റവന്യു ഭൂമിയിൽ അതിക്രമിച്ചു കടന്നാണ് മരം കൊണ്ടുപോയത്.  50 വർഷമായി മാക്കൂട്ടത്ത് കേരളത്തിന്റെ റവന്യു ഭൂമിയിൽ ജീവിക്കുന്ന മലയാളി ദമ്പതികളായ മാട്ടുമ്മൽ ബാബു, ഭാര്യ സൗമിനി എന്നിവരെയാണ് കർണ്ണാടക വനപാലക സംഘം മൂന്ന  മാസം മുൻമ്പ് വീട്ടുമുറ്റത്തെ മരം മുറിച്ചതിന് അറസ്റ്റു ചെയ്തത്. സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. താമസ സ്ഥലത്തെ  ചെറിയ മാവ്, പ്ലാവ്, തേക്ക് എന്നിവ വീട്ടാവശ്യത്തിനായിട്ടായിരുന്നു മുറിച്ചത്.  ഇവരുടെ അറസ്റ്റിൽ അന്തർ സംസ്ഥാന പാത  മണിക്കൂറുകളോളം ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധവും അരങ്ങേറി. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം  ഇരിട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു സംഘം വീരാജ്‌പേട്ടയിൽ എത്തിയാണ് ദമ്പതികൾക്ക് ആവശ്യമായ നിയമ സഹായവും ജാമ്യം ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കിയത്.  
സംഭവം അറിഞ്ഞ് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ മരം കൊണ്ടുപോകുന്നത് തടയണമെന്ന് പോലീസിന് നിർദ്ദേശം നൽകിയെങ്കിലും  കൂട്ടുപുഴ അതിർത്തിയിൽ റോഡിൽ മണ്ണിട്ട് ഗതാഗത തടസം ഉണ്ടാക്കിയതിനാൽ പോലീസിന് സമയത്ത് എത്താൻ കഴിഞ്ഞില്ല. എസ് ഐയും പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകനും മാക്കൂട്ടം വനംവകുപ്പ ചെക്ക് പോസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ മരം മുറിയുമായി ബന്ധപ്പെട്ട് വീരാജ്‌പേട്ട മജിസ്‌ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസിന്റെ ആവശ്യാർഥം  മരം സൂക്ഷിക്കാനെടുത്തെന്നാണ് മറുപടി ലഭിച്ചത്. 
മാക്കൂട്ടത്ത് കുടുംബം താമസിക്കുന്ന പ്രദേശം തങ്ങളുടേതാണെന്നും വനം മുറിക്കുമ്പോൾ അനുമതി വാങ്ങിയില്ലെന്നും ആരോപിച്ചാണ് കർണ്ണാടക വനം വകുപ്പ് അറസ്റ്റും നിയമനടപടികളും സ്വീകരിച്ചത്. എന്നാൽ കർണ്ണാടകയുടെ അവകാശ വാദം പൂർണ്ണമായും തെറ്റാണെന്നാണ് കേരള റവന്യു സംഘം പറയുന്നത്. സംസ്ഥാന പുനസംഘടനാ സമയത്ത് ഇരു സംസ്ഥാനങ്ങളും സംയുക്തമായി അംഗീകരിച്ച സ്ഥാപിച്ച അതിർത്തി നിർണ്ണയ രേഖ കാറ്റിർ പറത്തിക്കൊണ്ടായിരുന്നു  കർണ്ണാടകയുടെ നടപടി.
കേരളത്തിന്റെ ഭൂമിയിൽ മുറിച്ചിട്ട മരം കർണാടക കൊണ്ടുപോയത് റവന്യൂ വകുപ്പിന്റെ വീഴ്ചയാണെന്ന് ഡി.സി.സി പ്രസിഡണ്ട്‌സതീശൻ പാച്ചേനി ആരോപിച്ചു.
സംസ്ഥാന പുനഃസംഘടനാ സമയത്ത് കേരളകർണ്ണാടക സംസ്ഥാനങ്ങൾ സംയുക്തമായി അംഗീകരിച്ച് സ്ഥാപിച്ച അതിർത്തി നിർണ്ണയ രേഖ കാറ്റിൽപറത്തി കേരളത്തിന്റെ ഭൂമിയിൽ മുറിച്ചിട്ട മരം കർണാടക വനപാലക സംഘം കൊണ്ടുപോയത് റവന്യൂ വകുപ്പിന്റെ ഗുരുതര വീഴ്ച മൂലമാണെന്നും
കർണാടകയുടെ നടപടി പ്രതിരോധിക്കാൻ കഴിയാതെ വന്നത് നാണക്കേടാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.

Latest News