Sorry, you need to enable JavaScript to visit this website.

സമൂഹ സുരക്ഷ വിശ്വാസികളുടെ ബാധ്യത-വിസ്ഡം യൂത്ത്

മലപ്പുറം-കോവിഡ് 19 ന്റ വ്യാപനം തടയുന്നതിന് ഭരണകൂടം പ്രഖ്യാപിച്ച ലോക് ഡൗൺ സാഹചര്യത്തിൽ കോറന്റൈൻ നിർദ്ദേശിക്കപ്പെട്ടവർ അത് ലംഘിച്ച് പുറത്തിറങ്ങുന്നത് പാപമാണെന്നും സമൂഹത്തിന്റെ സുരക്ഷ വിശ്വാസികളുടെ ബാധ്യതയാണെന്നും വിസ്ഡം യൂത്ത് സംഘടിപ്പിച്ച 'അഹ്‌ലൻ റമസാൻ' ഓൺലൈൻ പ്രഭാഷണ പരിപാടി അഭിപ്രായപ്പെട്ടു. ആരാധാനാലയങ്ങൾ അടഞ്ഞ് കിടന്നാലും വീടുകളിൽ ആരാധനകൾ കൊണ്ട് ജീവിതത്തെ ധന്യമാക്കാൻ വിശ്വാസി സമൂഹം തയ്യാറാകണം.

പകയും വിദ്വേഷവും അസൂയയുമെല്ലാം മാറ്റി വെച്ച് ആത്മാവിനെ വിശുദ്ധമാക്കിയാണ് റമദാനിനെ വരവേൽക്കേണ്ടത്. റമദാൻ കാലത്ത് കുടുംബത്തോടൊപ്പമാകുമ്പോഴും സഹജീവികളുടെ വേദനകൾക്കും പ്രയാസങ്ങൾക്കും നിവാരണമുണ്ടാക്കാൻ വിശ്വാസികൾ പ്രതിജ്ഞാ ബദ്ധരാകണം.

മഹാമാരിയിൽ മനുഷ്യജീവനുകൾ കൊയ്‌തെടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭരണകൂടം നിർദ്ദേശിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാൻ വിശ്വാസികൾ തയ്യാറാകണം.പ്രതിസന്ധിയെ തരണം ചെയ്യാനുള്ള കരുതൽ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം പ്രാർത്ഥനകൾ ഉയരുകയും വേണം. പലിശരഹിത സമ്പദ് വ്യവസ്ഥ കാര്യക്ഷമമാക്കി സാമ്പത്തിക പ്രതിസന്ധിയെ അതിജയിക്കാൻ സാധ്യമാക്കണമെന്നും സക്കാത്ത് സംവിധാനം കാര്യക്ഷമമായി വിനിയോഗിക്കാൻ വിശ്വാസി സമൂഹം തയ്യാറാകണമെന്നും വിസ്ഡം യൂത്ത് അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കെ.സി ഹാരിസ് മദനി കായക്കൊടി അധ്യക്ഷത വഹിച്ചു.വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പണ്ഡിത സഭയുടെ പ്രസിഡന്റും ഷാർജയിലെ മലയാള ഖുതുബ നടക്കുന്ന മസ്ജിദ് അബ്ദുൽ അസീസ് ഇമാമുമായ ഹുസൈൻ സലഫി ഷാർജ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ഭാരവാഹികളായ പി.യു സുഹൈൽ, യു മുഹമ്മദ് മദനി, നിഷാദ് സലഫി, താജുദ്ദീൻ സ്വലാഹി, ഡോ.പി.പി നസീഫ് ,ഒ മുഹമ്മദ് അൻവർ, ഡോ. ഷബീൽ പി.എൻ, കെ.അബ്ദുല്ല ഫാസിൽ, അനിൽ പ്രിം റോസ്, മുജീബ് ഒട്ടുമ്മൽ, ജംഷീർ സ്വലാഹി എന്നിവർ നേതൃത്വം നൽകി. വിസ്ഡം ഗ്ലോബൽ ടീ വി, സമീൽ ടി.വി വിസ്ഡം യൂത്ത് ഒഫീഷ്യൽ ഫേസ് ബുക്ക് പേജ് എന്നിവയിലൂടെ നാട്ടിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി പതിനായിരങ്ങൾ വീക്ഷിച്ചു. റമദാനിൽ വിജ്ഞാന വേദി, മത പ്രഭാഷണങ്ങൾ, ഹദീസ് പാഠം, ഹിഫ് സുൽക്വുർആൻ എന്നിവക്ക് അന്തിമ രൂപം നൽകി.
 

Latest News