തിരുവനന്തപുരം- സ്പ്രിംഗളര്‍ കരാർ സൗജന്യമാണെന്ന് തനിക്കറിയാമായിരുന്നുവെന്നും അതിനാൽ നിയമോപദേശം തേടിയിട്ടില്ലെന്നും ഐ.ടി സെക്രട്ടറി എം. ശിവശങ്കർ. കരാർ സൗജന്യമാണെന്ന് തനിക്ക് ഉറപ്പ് ലഭിച്ചതിനാലാണ് നിയമോപദേശം തേടാതെ റിസ്‌ക് എടുത്തതെന്നും ശിവശങ്കർ പറഞ്ഞു. കേരളം മാർച്ച് മാസത്തിൽ കടന്നുപോയത് വളരെ വിഷമം പിടിച്ച ഘട്ടത്തിലൂടെയായിരുന്നു. മാർച്ച് ഒന്നു മുതൽ 20 വരെ കോവിഡ് രോഗികളുടെ എണ്ണം വളരെ കൂടി. മാർച്ച് 22 അന്താരാഷ്ട്ര വിമാനസർവീസ് നിർത്തി. അതിന് മുൻപ് തന്നെ വിദേശത്ത് നിന്ന് വന്നവരെ നിരീക്ഷിച്ചിരുന്നു. ആ സഹചര്യത്തിലാണ് കേരളത്തിലെ രോഗപ്രതിരോധത്തിന്റെ സാധ്യതകൾ അന്വേഷിച്ചത്. ആദ്യഘട്ടത്തിൽ വിവരശേഖരണത്തിന് ഐ.ടി മിഷൻ ശ്രമിച്ചിരുന്നു. പല വിമാനത്തിലും പല തരത്തിലുള്ള അപ്ലിക്കേഷൻ ഫോർമാറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. അത് ക്രോഡീകരിക്കാൻ കഴിഞ്ഞില്ല. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ടായിരുന്നു. അങ്ങനെയാകുമ്പോൾ വലിയ തോതിലുള്ള വിവരശേഖരണം വേണമെന്നറിയാമായിരുന്നു. സങ്കീർണ്ണമായ വിവരശേഖരണത്തിന് സർക്കാരിന് പരിമിതിയുണ്ടായിരുന്നു. സ്പ്രിംഗഌിലേക്കെത്തുന്നത് രോഗവ്യാപനത്തിന്റെ സമയത്താണ്. സ്പ്രിംഗഌിന്റെ സാധ്യതകളെക്കുറിച്ച് ധാരണയുണ്ടായിരുന്നു.
2018 ലെ പ്രളയത്തിലാണ് അപ്രീതിക്ഷിതമായി വിവരശേഖരണത്തിന്റെ പ്രശ്‌നം വരുന്നത്. അതിനോടനുബന്ധിച്ച് 2019 ൽ ബൂസ്റ്റണിലും കാലിഫോർണിയയിലും വെച്ച് 30 ഓളം കമ്പനികളുമായി ചർച്ച നടത്തി. സ്പ്രിംഗഌുമായും ചർച്ച നടത്തിയിരുന്നുവെന്നും ഐ.ടി സെക്രട്ടറി പറഞ്ഞു.
സ്പ്രിംഗഌ ഒരു സാസ് കമ്പനിയാണ്. അവരുടെ സേവനം ഉപയോഗിക്കുന്നതിൽ പ്രശ്‌നമില്ല. ഡാറ്റ കൈകാര്യം ചെയ്യുന്ന അമേരിക്കൻ കമ്പനിയായ കരാർ വ്യവസ്ഥകളെല്ലാം മുൻ നിശ്ചയപ്രകാരം ഉള്ളതാണ്. അത് സേവനം വാങ്ങുന്ന കക്ഷിക്ക് മാറ്റാനാകില്ല. വിവരം കൈമാറ്റം ചെയ്യരുതെന്ന് ആദ്യദിവസം മുതലെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലായിരിക്കണം സർവർ എന്നും പറഞ്ഞിരുന്നു. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് ഇക്കാര്യത്തിലെല്ലാം തീരുമാനമെടുത്തത്. കരാർ ഒപ്പിട്ടത് ഏപ്രിൽ 14 നാണ്. മാർച്ച് 24 ന് തന്നെ പർച്ചേസിംഗ് ഓർഡർ അയച്ചുതന്നിരുന്നത്. പർച്ചേസിംഗം ഓർഡർ തന്നാൽ തന്നെ സാസിന്റെ നിബന്ധനപ്രകരാം കരാർ പ്രാവർത്തികമാണ്. വിവാദമായതിനാലാണ് ഏപ്രിൽ 14 ന് ഒപ്പിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.