Sorry, you need to enable JavaScript to visit this website.

ഉദ്യോഗസ്ഥർ സർക്കാരിനെതിരെ; സാലറി ചലഞ്ച് വേണ്ട -മുഖ്യമന്ത്രി  

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ നടന്ന ഉന്നതതല യോഗം.

തിരുവനന്തപുരം- ജീവനക്കാരുടെ സാലറി ചലഞ്ചിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നു. ഇതു സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് സൂചന നൽകിക്കഴിഞ്ഞു. ഉദ്യോഗസ്ഥർ സർക്കാരിനെതിരെ തിരിയുന്നതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലുമാണ് പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിൽ. മുഖ്യമന്ത്രിയുടെ സമ്മർദത്തെ തുടർന്നാണ് ധനമന്ത്രിയും തീരുമാനം മാറ്റിയത്. 
ഒരു മാസത്തെ ശമ്പളം സർക്കാരിന് കോവിഡ് ഫണ്ടായി കൊടുക്കാൻ ജീവനക്കാർക്ക് മേൽ സമ്മർദം ചെലുത്താനിരിക്കെയാണ് പെട്ടെന്നുള്ള സർക്കാരിന്റെ പിൻവലിയൽ. 
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും വിരുദ്ധ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. സാലറി ചലഞ്ച് വേണമെന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക് പ്രകടിപ്പിച്ചത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനോട് യോജിച്ചില്ലെന്നാണ് അറിയുന്നത്. രണ്ടു തവണ സാലറി ചലഞ്ചിലൂടെ ശമ്പളം പിടിച്ചുവാങ്ങുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് തീരുമാനം പുനഃപരിശോധിക്കാൻ സർക്കാരിനെ നിർബന്ധിപ്പിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക ഞെരുക്കം നേരിടാൻ ബദൽ വഴികൾ തേടാനാണ് തീരുമാനം.


കൊറോണ വ്യാപനം ആരംഭിച്ചപ്പോഴുള്ള അനുകൂല അന്തരീക്ഷമല്ല ഇപ്പോഴെന്ന് സർക്കാർ തിരിച്ചറിയുന്നു. പി.ആർ സംവിധാനത്തിന് സമാനമായി സജ്ജീകരിച്ച സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കുന്ന വാർ റൂമിൽ നിന്നും ലഭിക്കുന്ന വിവരവും സർക്കാരിന് ആശ്വാസം നൽകുന്നതല്ല. സ്പ്രിംഗ്ലർ ഇടപാട് ചോർന്നത് ജീവനക്കാരിൽ നിന്നാണെന്ന് സർക്കാർ വിശ്വസിക്കുന്നു. 
അതുകൊണ്ടു തന്നെ സാലറി ചലഞ്ച് തിരിച്ചടി ഉണ്ടാക്കുമെന്നാണ് പാർട്ടിയുടെയും വിലയിരുത്തൽ. ഒരു വിഭാഗത്തിൽ നിന്ന് മാത്രം എന്നും ശമ്പളം പിടിക്കാനാകില്ലെന്ന് തോമസ് ഐസക് ഇന്നലെ വ്യക്തമാക്കി. ചിലർ ശമ്പളം നൽകാതെ മിടുക്കൻമാരാകും. എന്താണ് വേണ്ടതെന്ന് മന്ത്രിസഭ തീരുമാനിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. സാലറി ചലഞ്ച് വിജയിച്ചില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ വെട്ടിക്കുറവ് വരുത്തേണ്ടി വരുമെന്ന് പറയാതെ പറഞ്ഞിരുന്ന ധനമന്ത്രിയാണ് പെട്ടെന്ന് നിലപാട് മാറ്റിയതെന്നതും ശ്രദ്ധേയമാണ്.
സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ഡി.എ കുടിശ്ശിക ദുരിതാശ്വസ നിധിയിലേക്ക് മാറ്റാനാണ് ആലോചന. സാലറി ചലഞ്ചിന് ബദൽ വഴികൾ തേടുന്നതിന്റെ ഭാഗമായി ധനമന്ത്രി വിവിധ വകുപ്പ് മേധാവികളുമായി കൂടിയാലോചനകൾ നടത്തുന്നതായാണ് വിവരം. 


അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും. ഡി.എ കുടിശ്ശികയ്‌ക്കൊപ്പം ഈ വർഷവും അടുത്ത വർഷവും ലീവ് സറണ്ടറും ജീവനക്കാർ ലഭ്യമാക്കില്ല.
സാലറി ചലഞ്ചിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് 2500 കോടിയാണ്. ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി സാലറി ചലഞ്ച് എന്ന ആശയത്തോട് എതിരഭിപ്രായങ്ങൾ തുടക്കം തൊട്ടേ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുടേയും സാലറി പിടിച്ചെടുക്കുക എന്നത് പ്രായോഗികവും അല്ല. ഇത് കോടതിയിൽ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ സാലറി ചലഞ്ചിലൂടെ സമാഹരിക്കാൻ കഴിഞ്ഞത് 1500 കോടി രൂപ മാത്രമാണ്.

 

 

Latest News