കാസർകോട്- വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കക്കൂസ് ടാങ്കിന്റെ കുഴിയിൽ മാലിന്യത്തിന് തീയിടവെ, പൊള്ളലേറ്റ മൂന്ന് സഹോദരങ്ങളിൽ ഒരു കുട്ടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന ഫാത്തിമ(11) ആണ് മരിച്ചത്. നെല്ലിക്കട്ട ജങ്ഷനിലെ ബിലാൽ നഗറിൽ താജുദ്ദീൻ നിസാമി ത്വയിബ് ദമ്പതികളുടെ മകളാണ് ഫാത്തിമ. 50 ശതമാനത്തോളം പൊള്ളലേറ്റ അബ്ദുള്ള (9), ആഷിഖ് (7) എന്നിവർ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബിലാൽ ജുമാമസ്ജിദിന് സമീപത്തെ താജുദ്ദീന്റെ വീട്ടിൽ കക്കൂസ് ടാങ്ക് പണിയാൻ എടുത്തിരുന്ന ചെങ്കൽ കുഴിയിൽ നിറഞ്ഞ മാലന്യങ്ങൾ നശിപ്പിക്കാൻ ഏണി വെച്ച് ഇറങ്ങിയ സഹോദരങ്ങൾ മാലിന്യത്തിന് തീയിട്ടപ്പോൾ അബദ്ധത്തിൽ വീണുപോയതാണെന്ന് പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും കുട്ടികളെ പരിയാരത്തേക്ക് എത്തിക്കുകയായിരുന്നു.