ദിലീപ് ജയിലിൽനിന്ന് പുറത്തിറങ്ങി; ശ്രാദ്ധ ചടങ്ങുകള്‍ തുടങ്ങി

കൊച്ചി- നടി അക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപ് പിതാവിന്റെ ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുക്കാനായി ജയിലിൽ നിന്ന് പുറത്തിറങ്ങി. ഇന്ന് രാവിലെ 7.40നാണ് ദിലീപ് പുറത്തിറങ്ങിയത്. പ്രമുഖ നടിയെ അക്രമിച്ച കേസിൽ അൻപത് ദിവസത്തിലേറെയായി ആലുവ സബ് ജയിലിൽ റിമാന്റിലാണ് ദിലീപ്. ഇന്ന് രാവിലെ രണ്ട് മണിക്കൂറോളം വീട്ടിൽ നടക്കുന്ന ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുക്കാനാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നൽകിയത്.

 രാവിലെ 7.40 ഓടെ പെരുമ്പാവൂർ സി.ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന് ദിലീപിനെ ആലുവ സബ് ജയിൽ അധികൃതർ കൈമാറി. സുരക്ഷ കണക്കിലെടുത്ത് വൻ പൊലിസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. എട്ട് മണിക്ക് മുമ്പായി വീട്ടിൽ എത്തിയ ദിലീപ്  ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ മാത്രം പങ്കെടുക്കാവുന്ന രീതിയിലാണ് ദിലീപിനെ എത്തിച്ചത്. ആലുവ ശിവക്ഷേത്രത്തിൽ കർമങ്ങൾ ചെയ്യണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ആലുവ പാലസിന് സമീപമുള്ള വീട്ടിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. വീടിന് സമീപം ആലുവ പുഴയിലെ ചടങ്ങുകളിലും സംബന്ധിക്കുന്നുണ്ട്. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഫാൻസ് അസോസിയേഷനുകളുടെ പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ അനുവദിക്കരുതെന്ന ശക്തമായ നിർദേശവും പൊലിസിന് ലഭിച്ചിട്ടുള്ളതായാണ് അറിയുന്നത്.

ചടങ്ങുകൾ രണ്ട് മണിക്കൂറിനകം പൂർത്തീകരിച്ച് പത്തു മണിയോടെ ദിലീപിനെ ആലുവ സബ് ജയിലിൽ തിരിച്ചെത്തിക്കും. ഹൈകോടതിയിൽ ദിലീപ് രണ്ടാമത് സമർപിച്ച ജാമ്യ ഹരജിയും തള്ളിയിരുന്നു. ഇതിനിടെ പിതാവിൻെറ ശ്രാദ്ധത്തിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ദിലീപിൻറെ അഭിഭാഷകൻ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.  ദിലീപിൻറെ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. മുൻ വർഷങ്ങളിൽ പലപ്പോഴും ദിലീപ് ചടങ്ങിൽ പങ്കെടുത്തിരുന്നില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കഴിഞ്ഞ വർഷം ഇതേസമയം ദിലീപ് ഷൂട്ടിങ് ലൊക്കേഷനിലായിരുന്നെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, മാനുഷിക പരിഗണന നൽകിയാണ് ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുവദിച്ചത്.

Latest News