വെട്ടിത്തുറന്ന് പറയുന്നത് തടയാനുള്ള വിലങ്ങുതടികളൊന്നും ഗൗരിക്ക് മുന്നിലുണ്ടായിരുന്നില്ല. സ്വന്തമായി നടത്തുന്ന പത്രത്തിൽ, പ്രലോഭനത്തിന്റെ പേരിൽ പോലും ഒരാളും വരാതിരിക്കാൻ പരസ്യത്തിന്റെ വാതിൽ കൊട്ടിയടച്ചു. ഫാസിസത്തോടും വർഗീയതയോടും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് അവർ പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. മുന്നിലെ വഴികളിൽനിന്ന് വെട്ടിമാറ്റാൻ അവർ ആഗ്രഹിച്ചത് ഫാസിസത്തെയും വർഗീയതയെയുമായിരുന്നു. ഫാസിസം കടന്നുവരിക ചതിയിലൂടെയും കളവുകളിലൂടെയുമാണെന്ന് അവർക്കുറപ്പുണ്ടായിരുന്നു. എഴുതിയ ലേഖനങ്ങളിലെല്ലാം അവരത് പറയുന്നുമുണ്ടായിരുന്നു.
ഇന്നും ചതിയിലൂടെയായിരുന്നു ഫാസിസം അവരുടെ നെഞ്ചിലേക്കും നെറ്റിയിലേക്കും വെടിയുതിർത്തത്. ഏഴ് വെടികളിൽ നാലെണ്ണം അവരെ തൊട്ടില്ല. ഒന്ന് നെറ്റിയിൽ കൊണ്ടു. രണ്ടെണ്ണം നെഞ്ചിലും.
എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം. ആരെയും കൂസാത്ത ഭാവം. കൂർപ്പിച്ചുവെച്ച വാക്കുകളും ആശയങ്ങളും. ഈ കാരിരുമ്പിൽ മുനകളെ വെടിയുണ്ട കൊണ്ടാണ് ഫാസിസം നേരിട്ടത്.
ഗൗരി ലങ്കേഷ് പത്രിക എന്ന പ്രതിവാര ടാബ്ലോയ്ഡ് പത്രത്തിന്റെ എഡിറ്റർ എന്ന നിലയിൽ മാത്രമല്ല, രാജ്യം കണ്ണുതുറന്ന് കാത്തിരുന്ന കോളമിസ്റ്റ് എന്ന ഖ്യാതി കൂടി ഗൗരിക്കുണ്ടായിരുന്നു. അൻപത് പേരാണ് ഗൗരി ലങ്കേഷ് പത്രിക നടത്തുന്നത്. വർഗീയ രാഷ്ട്രീയത്തിനും ജാതി വ്യവസ്ഥക്കുമെതിരെ കലഹിച്ചുകൊണ്ടേയിരിക്കുമെന്ന് അവർ പറഞ്ഞു.
ഹിന്ദുത്വ രാഷ്ട്രീയത്തെ മുഖ്യശത്രുവാക്കി. ലേഖനങ്ങളിലെല്ലാം ഹിന്ദുത്വത്തിനെതിരായ നിലപാട് സ്വീകരിച്ചു. കവിയും മാധ്യമപ്രവർത്തകനുമായിരുന്ന പി. ലങ്കേഷിന്റെ മകൾക്ക് മറ്റൊരാളാകാനാകുമായിരുന്നില്ല. ആ ചോരയിൽ വിപ്ലവം കൂടിയുണ്ടായിരുന്നു.
ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷി, ബി.ജെ.പി നേതാവ് ഉമേഷ് ദുഷി എന്നിവർക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്ന കേസിൽ കഴിഞ്ഞവർഷം നവംബറിൽ ഗൗരിക്ക് കോടതി നടപടികൾ നേരിടേണ്ടി വന്നിരുന്നു. 2008-ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ പേരിലായിരുന്നു ഇത്. ഒരു ലക്ഷം രൂപ പിഴയും ആറുമാസം തടവുമായിരുന്നു ശിക്ഷ. എന്നാൽ അതേദിവസം തന്നെ അവർക്ക് ഈ കേസിൽ ജാമ്യം ലഭിച്ചു.
പത്രസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കനത്ത ശബ്ദമായിരുന്നു ഗൗരിയുടേത്. കള്ളവാർത്തകൾക്കും വ്യാജ പ്രചാരണങ്ങൾക്കുമെതിരെ സോഷ്യൽ മീഡിയകളിലും പുറത്തും നിലപാട് സ്വീകരിച്ചു.
കൊല്ലപ്പെടുന്നിന്റെ രാത്രി ഏഴര വരെ ജോലിയിൽ മുഴുകിയ ശേഷമാണ് ഗൗരി തന്റെ വീട്ടിലേക്ക് മടങ്ങിയത്. തന്റെ ആശയത്തെ ഉറങ്ങാനയച്ചല്ല, ഉണർത്തിവിട്ടാണ് അവർ മറഞ്ഞത്.
ഇക്കഴിഞ്ഞ ഡിസംബറിൽ നൽകിയ അഭിമുഖത്തിൽ ഗൗരി പറഞ്ഞു. ബി.ജെ.പിയുടെ ഫാസിസത്തെയും വർഗീയ രാഷ്ട്രീയത്തെയും ഞാനെതിർക്കും. ഹിന്ദു ധർമ്മത്തെ പറ്റിയുള്ള തെറ്റായ വ്യാഖ്യാനത്തെയും എതിർത്തുകൊണ്ടേയിരിക്കും. ഹിന്ദു ധർമ്മത്തിലെ ജാതി വ്യവസ്ഥക്കെതിരെയും പോരാടും. ഒരു മതേതര വ്യക്തിയായിരിക്കാനാണ് ഞാൻ പഠിച്ചത്, വർഗീയ വാദിയാകാനല്ല. എല്ലാ വർഗീയ വാദികൾക്കുമെതിരെ പൊരുതാനുള്ള അവകാശം എനിക്കുണ്ട്. ഞാനത് തുടരുക തന്നെ ചെയ്യും...
ഇത്തരം പോരാട്ടങ്ങളെ ഫാസിസം ഇഷ്ടപ്പെടുന്നില്ല. മറുവാക്കുകളെ നേരിടാൻ അവർക്ക് തോക്കിൻ കുഴലുകൾ മാത്രമാണുള്ളത്.