Sorry, you need to enable JavaScript to visit this website.

വാർത്തയുടെ സഞ്ചാരപഥങ്ങൾ

കൊറോണക്കാലം മനുഷ്യന്റെ പത്രപാരായണ ശീലത്തിലും മാറ്റം വരുത്തിയേക്കാം. അകലം പാലിക്കലും സ്പർശവർജനവും ഇനിമേൽ നമ്മുടെ സാമൂഹിക ശീലങ്ങളുടെ ഭാഗമാകാൻ സാധ്യതയുള്ളപ്പോൾ വിശേഷിച്ചും. വാർത്തയുടെ തുടിപ്പുകളെ 
എന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്ന മലയാളി ഇതിനോട് എങ്ങനെ പ്രതികരിക്കും. വാർത്തയുടെ യാത്രാപഥങ്ങളിൽ എന്നും മലയാളി ചിരഞ്ജീവിയെപ്പോലെ, നിത്യസാന്നിധ്യമുള്ളവനായിരിക്കും.


രുപത്തേഴ് വർഷം മുമ്പത്തെ ജേണലിസം കോഴ്‌സിന്റെ ആദ്യദിനം ഞങ്ങളുടെ കോഴ്‌സ് ഡയറക്ടറായിരുന്ന വി.പി. രാമചന്ദ്രൻ, (യു.എൻ.ഐയുടെയും മാതൃഭൂമി ദിനപത്രത്തിന്റെയും മേധാവിയായിരുന്ന വി.പി.ആർ) എന്താണ് വാർത്തയെന്ന് പഠിപ്പിക്കുകയായിരുന്നു. പല വിദഗ്ധരും നൽകിയ നിർവചനങ്ങളും സ്വാനുഭവ സ്പർശമുള്ള ഉദാഹരണങ്ങളുമൊക്കെ നിരത്തി വിശദീകരിച്ച ശേഷം വാർത്തയെ അദ്ദേഹം ഇങ്ങനെ സംഗ്രഹിച്ചു: 'പിന്നിട്ട 24 മണിക്കൂറിനുള്ളിൽ മനുഷ്യന്റെ പരിചിത മേഖലകളിൽ എവിടെയുണ്ടാകുന്നതും അവനറിയാനാഗ്രഹിക്കുന്നതും അവന്റെ ജിജ്ഞാസയെ ത്വരിപ്പിക്കുന്നതുമായ ഏതു പുതിയ സംഭവ വികാസവും വാർത്തയാണ്.' സംഭവങ്ങൾ മാത്രമല്ല, അഭിപ്രായവും പ്രതികരണവും ചരിത്രവും വിശകലനവും വാർത്തായാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാൽ നൂറ്റാണ്ടിനിപ്പുറം 'വാർത്ത' അവിടെനിന്നു എത്രയോ ദൂരം സഞ്ചരിച്ചിരിക്കുന്നുവെന്ന് വായനക്കാർക്ക് മനസ്സിലാകും. 
24 മണിക്കൂർ പോയിട്ട്, അര നിമിഷം പോലും ഇടവേളയില്ലാതെയാണ് ഇപ്പോൾ വാർത്തകൾ പൊട്ടിപ്പുറപ്പെടുന്നതും അത് വായനക്കാരുടെ മുന്നിലെത്തുന്നതും. പ്രഭാതങ്ങളിൽ വർത്തമാന പത്രത്തിന് കാത്തുനിന്ന കാലം എന്നേ പോയ്മറഞ്ഞു. ഓരോ വായനക്കാരന്റെയും വിരൽത്തുമ്പിലാണ് ഇന്ന് വാർത്തയും വർത്തമാനവും. ഇഷ്ടമുള്ളപ്പോഴൊക്കെ അതിലേക്ക് ആഴ്ന്നിറങ്ങാം, ആവശ്യമില്ലെന്ന് തോന്നുമ്പോൾ വേണ്ടെന്നു വെക്കാം. ഏറ്റവും പുതിയ വിവരങ്ങളുമായി ഓരോ നിമിഷവും സ്വയം അപ്‌ഡേറ്റ് ആയിരിക്കാം. 

വാർത്തകൾ, വ്യാജ വാർത്തകളോട്, ഒരു പകർച്ചവ്യാധിയോടെന്ന പോലെ ഏറ്റുമുട്ടുന്ന ഇക്കാലത്ത് മാറാത്തത് അന്നും ഇന്നും ഒന്നേയുള്ളൂ: അച്ചടിച്ച വാക്കുകളുടെ വിശ്വാസ്യത.

അച്ചടി ഇന്നും നടക്കുന്നുണ്ട്, മഷി ഉപയോഗിച്ച് മാത്രമല്ല, ഡിജിറ്റലായും. എന്നാൽ അച്ചടി മഷിയോടുള്ള വിശ്വാസ്യത ഡിജിറ്റൽ അച്ചടിയോട് ഇല്ലാത്തത് എന്തുകൊണ്ടാണെന്നതിന്റെ ഉത്തരം അതിന്റെ പ്രകൃതിയിൽ തന്നെയുണ്ട്. മഷിയുപയോഗിച്ച് അച്ചടിച്ചാൽ തിരുത്താൻ ബുദ്ധിമുട്ടാണ്. കഴിയില്ലെന്ന് തന്നെ പറയാം. 

എന്നാൽ ഡിജിറ്റൽ അച്ചടിയിൽ അങ്ങനെയല്ല. ഏതു നിമിഷവും അക്ഷരങ്ങൾ മായ്ക്കപ്പെടാം. പുതിയത് കൂട്ടിച്ചേർക്കപ്പെടാം. അതുകൊണ്ട് പ്രഭാതത്തിലെ പത്രം ഏജന്റിന്റെ വരവിനെ ഇന്നും ക്ഷമയോടെ നമ്മൾ കാത്തിരിക്കുന്നു, ഏറ്റവും പുതിയ വിവരങ്ങൾ ഉള്ളപ്പോൾ തന്നെ. 
അതുകൊണ്ടാണ് അച്ചടി മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്തമുണ്ട് എന്ന് മാധ്യമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കാരണം അവരെ സമൂഹം കൂടുതൽ വിശ്വസിക്കുന്നു. തെറ്റില്ലാത്തതും ആധികാരികവുമായ വിവരങ്ങൾ അവരുടെ കൈയിലാണെന്ന് വായനക്കാർ കരുതുന്നു. മാധ്യമങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച അനേകം പഠനങ്ങളിൽ വെളിപ്പെട്ട വസ്തുതയിതാണ്. ഏറ്റവും ആധികാരികമായ ഇലക്‌ട്രോണിക് വാർത്താമാധ്യമത്തിന് പോലും അല്ലെങ്കിൽ ടെലിവിഷൻ ചാനലിന് പോലും പത്രങ്ങളുടെയത്ര വിശ്വാസ്യത അവർ കൽപിക്കുന്നില്ല. വായനക്കാർ വിശ്വസിക്കുന്നില്ല എന്നല്ല, അത് ഒന്നുകൂടി ഉറപ്പു വരുത്താൻ അതേ വാക്കുകൾ അച്ചടിയിലും അവർ പ്രതീക്ഷിക്കുന്നു. അങ്ങനെയില്ല എങ്കിൽ ആ വിവരത്തോട് അവർ മുഖം തിരിച്ചേക്കാം.

ഇത് മനുഷ്യന്റെ മനഃശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതിഭാസമാണെന്നും പഠനങ്ങളുണ്ട്. അതിന്റെ ഉത്തരം നേരത്തെ പറഞ്ഞതിലുണ്ട്, അച്ചടിമഷി പുരണ്ടാൽ തിരുത്താനാവില്ല. അത് ചരിത്രമാണ്. ഡിജിറ്റൽ മാധ്യമത്തിനോ ഇലക്‌ട്രോണിക് മാധ്യമത്തിനോ  ഈ സവിശേഷത ഇല്ല. പത്രങ്ങൾക്ക് തിരുത്ത് കൊടുക്കാം, വാർത്ത തെറ്റായിരുന്നു എന്ന് കുമ്പസാരിക്കാം. പക്ഷേ ആ തെറ്റ് അപ്പോഴേക്കും ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കും. അതുകൊണ്ടാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് പത്രങ്ങൾ അച്ചടിച്ചുവിട്ട പല പരിഹാസ്യമായ തെറ്റുകളും ഇന്നും ജേണലിസം ക്ലാസുകളിൽ ഉദ്ധരിക്കപ്പെടുന്നത്. ഒഴിവാക്കേണ്ട തെറ്റുകളെക്കുറിച്ച സൂചകങ്ങളായി എല്ലാ മാധ്യമ വിദ്യാർഥികളുടെയും തലച്ചോറിലേക്ക് അത് പ്രക്ഷേപണം ചെയ്യപ്പെടുന്നത്. 

കൊറോണ പടർന്നുപിടിച്ചതോടെ, ഭീതിയിലായ ജനങ്ങൾ പത്രക്കടലാസ് പോലും സ്പർശിക്കാൻ മടിച്ചു. പലരും പത്രം ഇടേണ്ടെന്ന് ഏജന്റുമാരോട് പറഞ്ഞു. വൈറസ് വീട്ടിലേക്ക് കടന്നുവരുന്നത് പത്രക്കടലാസിലൂടെയാകാമെന്ന് അവർ ഭയപ്പെട്ടു. എന്നാൽ ആ കടലാസിനൊപ്പം കടന്നുവരുന്നത് ശരിയായ വിവരങ്ങൾ കൂടിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വായനക്കാർ നിലപാട് മാറ്റി. നാട്ടിലെ പല പത്രങ്ങളിലും അവയുടെ ഡിജിറ്റൽ എഡിഷനുകളിലും വലിയ പരസ്യങ്ങൾ വന്നു, എങ്ങനെയാണ് മനുഷ്യന്റെ കരസ്പർശമേൽക്കാതെ ഒരു പത്രം അച്ചടിയുടെ എല്ലാ പ്രക്രിയകളും കഴിഞ്ഞ് വീടിന്റെ വാതിൽപടിയിലെത്തുന്നതെന്ന് അവ വിശദീകരിച്ചു. അതോടൊപ്പം ഒന്നുകൂടി പറഞ്ഞു: വ്യാജ വാർത്തകളുടെ കാലത്ത് ശരിയായ വാർത്ത അറിയേണ്ടതും ആവശ്യമാണ്. വീട്ടിനുള്ളിൽ അടച്ചുമൂടി, എല്ലാ സാമൂഹിക ബന്ധങ്ങളും വിഛേദിച്ച്, എല്ലാറ്റിനോടും അകലം പാലിച്ച്, ഏകാന്തതയെ ധ്യാനിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞത് സത്യസന്ധമായ വിവരങ്ങളോടെങ്കിലും അകലം പാലിക്കാനാവില്ല. 

പത്രങ്ങൾ ഈ പകർച്ചവ്യാധിക്കാലത്ത് ഏറ്റവുമധികം ഏറ്റുമുട്ടിയത് വ്യാജ വാർത്തകളോടാണ്. അതാകട്ടെ, നവമാധ്യമങ്ങൾ സൃഷ്ടിച്ച വെല്ലുവിളിയായിരുന്നു. ഒരു എഡിറ്ററുടെ പരിശോധനയില്ലാതെ, സ്ഥിരീകരണങ്ങളില്ലാതെ, ശരിയായ ഉറവിടങ്ങളിൽനിന്നല്ലാതെ വാർത്തകൾ, ഏതൊരു സാധാരണക്കാരന്റെയും വിരൽത്തുമ്പിലൂടെ ആയിരങ്ങളിലേക്ക് പറന്നെത്തുന്ന വലിയ വെല്ലുവിളി നേരിടുക എളുപ്പമല്ല. ഓരോ പൗരനും ഒരു വാർത്താ റിപ്പോർട്ടറും പ്രസാധകനുമൊക്കെയായിത്തീരുന്ന, മാധ്യമ മേഖലയിലെ ഈ നവതരംഗത്തെ പിടിച്ചുകെട്ടുക സാധ്യവുമല്ല. വാർത്ത ചിലരുടെ മാത്രം കുത്തകയല്ലെന്നും അതിൻമേൽ അവകാശം ഏതൊരു ഉപഭോക്താവിനുമുണ്ടെന്ന സ്വാതന്ത്ര്യ ബോധം ഈ വാർത്താപ്രസരണത്തിന്റെ പ്രസക്തിക്ക് അടിവരയിടുന്നുണ്ടെങ്കിലും സാമാന്യ ജനജീവിതത്തിന് അതുയർത്തിയ ഭീഷണി കാണാതിരുന്നുകൂടാ. അതാണ് നിയമത്തിന്റെയും പോലീസ് നടപടികളുടെയുമൊക്കെ സഹായത്തോടെ നാം ചെറുക്കാൻ ശ്രമിച്ചത്. ഇവിടെയും വ്യാജവാർത്താ പ്രസരണത്തെ തടുത്തുനിർത്താൻ ജനങ്ങൾ കൂടുതൽ ആശ്രയിച്ചത് അച്ചടി മാധ്യമങ്ങളെത്തന്നെയാണ്.

വർത്തമാന പത്രങ്ങൾക്ക് 30 വർഷം കൂടിയേ ആയുസ്സുള്ളു എന്ന പ്രവചനം വന്നിട്ട് പത്ത് വർഷം കഴിയുന്നു. അത് ശരിയായി ഭവിക്കുകയാണെങ്കിൽ, വംശനാശ ഭീഷണിയിലാണ് അച്ചടി മാധ്യമങ്ങൾ എന്നർഥം. ഈ കൊറോണക്കാലം പോലെ അതും ചരിത്രത്തിലെ വലിയ കാലമായിരിക്കും. അവസാന റോൾ ന്യൂസ് പ്രിന്റും ഒരു അച്ചടിശാലയിലെ പ്രസിൽ കയറിയിറങ്ങി നിശ്ചലമാകുന്ന ദിനം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു പുതുയുഗത്തിന്റെ തുടക്കമായിരിക്കും. കൊറോണ വൈറസ് നമ്മുടെ പല ശീലങ്ങളെയും മാറ്റിമറിക്കുന്നതു പോലെ, പത്രമില്ലാക്കാലം പുതിയ ശീലങ്ങളുടെ ആവിർഭാവത്തിനിടയാക്കും. അവിടെയും വിവരങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുക എന്നതാവും വലിയ വെല്ലുവിളി. മായ്ക്കാനാവാത്ത സത്യങ്ങളെ കണ്ടെത്തുക എന്നതും.

പത്രങ്ങളെ സംബന്ധിച്ചും കൊറോണക്കാലം നിർണായകമാണ്. അവയുടെ ഭാവിയെക്കുറിച്ച പുതിയ ചോദ്യചിഹ്നങ്ങൾ അതുയർത്തുന്നുണ്ട്. പല രാജ്യങ്ങളിലും പല പത്രങ്ങളും അച്ചടി നിർത്തിയിരിക്കുകയാണ്. അവർ ആളുകളിലേക്ക് ഡിജിറ്റലായും ഓൺലൈനായും കടന്നുചെല്ലുന്നു. റിപ്പോർട്ടർമാർക്ക് വാർത്ത തേടിയലയാൻ നിയന്ത്രണമുള്ള കാലത്ത്, പത്രാധിപന്മാർക്ക് എഡിറ്റ് ഡെസ്‌കുകളിലേക്ക് വന്നണയാൻ ബുദ്ധിമുട്ടുള്ള കാലത്ത്, അച്ചടി ജോലിക്കാർക്ക് പ്രസുകളിൽ എത്തിച്ചേരാനാവാത്ത സമയത്ത്, സർവോപരി, ഈ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് അച്ചടിച്ച പത്രം വായനക്കാരുടെ കൈകളിൽ എത്തിക്കാൻ കഴിയാത്ത കാലത്ത്, അങ്ങനെ എത്തിയാൽ തന്നെ, പത്രം കൈകൊണ്ട് സ്പർശിക്കാൻ വായനക്കാരൻ മടിക്കുന്ന കാലത്ത്, അച്ചടി നിർത്തുകയല്ലാതെ പല പത്രങ്ങൾക്കും ഗതിയുണ്ടായിരുന്നില്ല. മറ്റു പല അനിവാര്യതകളുമെന്ന പോലെ പത്രമില്ലാ കാലം അനുഭവിക്കാൻ അതിനാൽ വായനക്കാർക്ക് അവസരമുണ്ടായി. പത്രവായനയെന്ന ശീലത്തെ മാറ്റിനിർത്താൻ ഈ കൊറോണക്കാലം അവരെ പ്രേരിപ്പിക്കുമോ എന്ന് ദുർഘടസന്ധി കഴിയുമ്പോൾ അറിയാം.

പ്രഭാതത്തിൽ ചായക്കൊപ്പം വാർത്തയും മൊത്തിക്കുടിച്ച മലയാളി ഈ ശീലത്തോട് എങ്ങനെ താദാത്മ്യം പ്രാപിക്കുമെന്ന് ആലോചിക്കുന്നതു രസകരമാണ്. പാരമ്പര്യങ്ങളെ അത്രമേൽ ചേർത്തുപിടിക്കുന്ന മറ്റൊരു ജനസമൂഹത്തെ കണ്ടുകിട്ടാൻ പ്രയാസമാണ്. ലോകമെമ്പാടും പത്രങ്ങൾ പ്രതിസന്ധി നേരിടുമ്പോഴും കേരളത്തിൽ സർക്കുലേഷൻ ഉയരുന്നതിന്റെ മാജിക് മറ്റൊന്നുമല്ല. ഉപജീവനം തേടി കടൽകടന്ന മലയാളികൾക്കായി 21 വർഷം മുമ്പ് സൗദി അറേബ്യയിൽ മലയാളം ന്യൂസ് എന്ന ദിനപത്രം പിറന്നപ്പോഴും ഈ പാരമ്പര്യമാണ് പ്രവാസി മലയാളി ഉയർത്തിപ്പിടിച്ചത്. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞ് തേടിയെത്തുന്ന വാർത്തയെപ്പോലും ഏറ്റവും പുതിയതെന്ന പോലെ ആർത്തിയോടെ ചേർത്തുപിടിക്കുന്ന മലയാളിയുടെ ശീലത്തെയാണ് അത് തൃപ്തിപ്പെടുത്തിയത്. ഇന്നും ആ ആവേശം അവർ നിലനിർത്തുന്നു.

ഏതൊരു മാറ്റത്തെയും അനിഷ്ടത്തോടെ മാത്രമേ മലയാളി ഉൾക്കൊള്ളുകയുള്ളൂ. സാങ്കേതിക വിദ്യയുടെ അതിപ്രസരവും പുതിയ കാലത്തിന്റെ അനിവാര്യതകളും സമ്മർദം ചെലുത്തുമ്പോഴും വാർത്തയുടെ തുടിപ്പുകളെ അവർ എന്നും നെഞ്ചോടു ചേർക്കുമെന്നുറപ്പ്. അതിനാൽ അച്ചടി യന്ത്രത്തിന്റെ ശബ്ദം ഇനിയുമേറെക്കാലം മുഴങ്ങുന്നതും മലയാളിയുടെ ഹൃദയത്തിലായിരിക്കും.
 

Latest News