റിയാദ് - കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ റമദാനില്‍ തറാവീഹ് നമസ്‌കാരവും പെരുന്നാള്‍ നമസ്‌കാരവും വീടുകളില്‍ വെച്ച് നിര്‍വഹിക്കണമെന്ന ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് പറഞ്ഞു.
പ്രവാചകന്‍ മുഹമ്മദ് നബി (സ) സ്വന്തം വീട്ടില്‍ വെച്ച് റമദാനില്‍ തറാവീഹ് നമസ്‌കാരം നിര്‍വഹിച്ചത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തറാവീഹ് നമസ്‌കാരം ഐച്ഛിക ആരാധാനാ കര്‍മമാണെന്നും ഇത് നിര്‍ബന്ധമല്ലെന്നുമുള്ള കാര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഗ്രാന്റ് മുഫ്തി പറഞ്ഞു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ റമദാനുമായി ബന്ധപ്പെട്ട് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന് വിശ്വാസികളില്‍ നിന്ന് നിരവധി അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ആളുകള്‍ക്ക് മതകാര്യങ്ങള്‍ വിശദീകരിച്ചു നല്‍കേണ്ട ആവശ്യം കണക്കിലെടുത്ത് വീടുകളില്‍ വെച്ച് തറാവീഹ് നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ സാധുത അടക്കം ഇസ്‌ലാമികകാര്യ മന്ത്രാലയം ഉന്നയിച്ച ഏതാനും ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇത്തവണത്തെ പ്രത്യേക സാഹചര്യത്തില്‍ തറാവീഹ്, പെരുന്നാള്‍ നമസ്‌കാരങ്ങള്‍ പുണ്യം പ്രതീക്ഷിച്ച് വീടുകളില്‍ നിന്ന് നിര്‍വഹിക്കേണ്ടിവരുമെന്ന് ഗ്രാന്റ് മുഫ്തി വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യങ്ങള്‍ തുടരുകയും മസ്ജിദുകളിലും ഈദ് ഗാഹുകളിലും വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുകയാണെങ്കില്‍ വീടുകളില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കണം. ഇങ്ങിനെ നിര്‍വഹിക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷം ഖുതുബ പാടില്ല.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഫിത്ര്‍ സക്കാത്ത് നല്‍കുന്നതിനും തക്ബീര്‍ ധ്വനി മുഴക്കുന്നതിനുമുള്ള അവസാന സമയം സൂര്യോദയത്തിനു ശേഷം പെരുന്നാള്‍ നമസ്‌കാരം നടക്കേണ്ട സമയം വരെയാണെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിന് ഗ്രാന്റ് മുഫ്തി മറുപടി നല്‍കി.
പെരുന്നാള്‍ നമസ്‌കാരം പൂര്‍ത്തിയാകുന്നതു വരെയാണ് ഫിത്ര്‍ സകാത്ത് നല്‍കുന്നതിനുള്ള അവസാന സമയമെന്ന കാര്യം അറിയാവുന്നതാണെന്നും എന്നാല്‍ ഈ വര്‍ഷം വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഒഴികെ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കാനിടയില്ലെന്നും അങ്ങിനെയെങ്കില്‍ മറ്റു നഗരങ്ങളില്‍ ഫിത്ര്‍ സക്കാത്ത് നല്‍കാനുള്ള അവസാന സമയം എപ്പോഴാണെന്നും ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നതു മുതല്‍ ആരംഭിക്കുന്ന തക്ബീര്‍ ധ്വനി മുഴക്കല്‍ നടത്തുന്നതിനുള്ള അവസാന സമയം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കപ്പെടുന്നില്ലെങ്കില്‍ എപ്പോഴാണെന്നുമുള്ള ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം ഗ്രാന്റ് മുഫ്തി വ്യക്തമാക്കിയത്.