Sorry, you need to enable JavaScript to visit this website.

കെ.എം ഷാജിയെ എതിര്‍ക്കാന്‍ മുനീറിനെ പ്രതിക്കൂട്ടിലാക്കി സി.പി.എം

തിരുവനന്തപുരം- പ്രളയ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചത് ചൂണ്ടിക്കാട്ടി കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചോദിച്ചതിനെ ചോദ്യം ചെയ്ത മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിക്ക് പിന്തുണയുമായി യു.ഡി.എഫ് അണിനിരക്കുമ്പോള്‍ മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ യുവ സി.പി.എം നേതാക്കള്‍ രംഗത്ത്. കുഞ്ഞാലിക്കുട്ടിയും ഷാഫി പറമ്പിലും മുനവ്വറലിയുമടക്കമുള്ള ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ ഷാജിക്ക് ഉറച്ച പിന്തുണയുമായി രംഗത്തെത്തിയപ്പോള്‍ എം. സുരാജും എ.എ റഹീമുമാണ് ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് വേണ്ടി പടനയിക്കാനെത്തിയത്.
ഇരുവരും പങ്കുവെച്ച ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പൊതുവായി ഉള്ളത് സി.എച്ച് മുഹമ്മദ് കോയയുടെ മരണശേഷം മകന്‍ എം.കെ മുനീറിന് സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായമായിരുന്നു. സര്‍ക്കാര്‍ ഫണ്ട് വ്യക്തികളെ സഹായിക്കാന്‍ ഉപയോഗിക്കുന്നതിനെതിരെ ഷാജി ആഞ്ഞടിച്ചിരുന്നു.
ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുന്ന സമയത്ത് മനുഷ്യനെതിരെ വൈറസിനൊപ്പം ചേരാന്‍ കെ.എം ഷാജിക്ക് മാത്രമേ കഴിയൂവെന്ന് സ്വരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. ദുരിതാശ്വാസ ഫണ്ടില്‍ നിന്ന രാഷ്ട്രീയ നേതാക്കളുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയെന്ന ആരോപണത്തിന് സി.എച്ച് മുഹമ്മദ് കോയ മരണമടഞ്ഞപ്പോള്‍ എം.കെ മുനീറിന്റെ പഠന ചെലവടക്കം സംസ്ഥാന സര്‍ക്കാര്‍ വഹിച്ച ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് സ്വരാജ് മറുപടി നല്‍കിയിരിക്കുന്നത്.
കെ.എം.ഷാജിയും എം.കെ.മുനീറും പഠിച്ച രാഷ്ട്രീയം കള്ളം പറയലാണോ എന്നാണ് എ.എ റഹീമിന്റെ ചോദ്യം. സി.എച്ചിന്റെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ നല്‍കിയ വാര്‍ത്തയുടെ ചിത്രംകൂടി പങ്കുവച്ചായിരുന്നു വിമര്‍ശനം. ജനങ്ങളുടെ പണം കൊണ്ടാണ് പഠിച്ചതും മിഠായി വാങ്ങിത്തിന്നതും കട്ടന്‍ കുടിച്ചതും എന്ന് ഷാജിയുടെ ചെവിയില്‍ താങ്കള്‍ക്ക് ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നില്ലേ എന്നും റഹിം മുനീറിനോട് ചോദിച്ചു.
സി.പി.എം സെക്രട്ടറി കോടിയേരിയും ഷാജിക്കെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം രൂക്ഷമായാണ് മുഖ്യമന്ത്രി ഷാജിയുടെ ആരോപണത്തോട് പ്രതികരിച്ചത്.

 

Latest News