Sorry, you need to enable JavaScript to visit this website.

പിണറായി വിജയന്റെ പത്രസമ്മേളനം അപഹാസ്യം-മുല്ലപ്പള്ളി

തിരുവനന്തപുരം- കോവിഡിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രതിദിന പത്രസമ്മേളനം പ്രതിപക്ഷ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് സ്വഭാവഹത്യ നടത്താനുള്ള സങ്കുചിത രാഷ്ട്രീയമായി മാറിയിരിക്കുകയാണെന്നു കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ സമനില തെറ്റിയുള്ള പ്രതികരണം കോവിഡിനെതിരേയുള്ള ഒറ്റക്കെട്ടായ പ്രവർത്തനത്തിന് വലിയ ആഘാതമാണ് ഏൽപ്പിക്കുന്നത്. ഇടുക്കിയിലെ പൊതുപ്രവർത്തകന് പനി ബാധിച്ചപ്പോൾ  അദ്ദേഹത്തെ ബോധപൂർവ്വം അപമാനിക്കാൻ മുഖ്യമന്ത്രി കാട്ടിയ ഉത്സാഹം കേരളം ഞെട്ടലോടെയാണു കണ്ടത്. അദ്ദേഹത്തിന് കോവിഡ് ഇല്ലെന്നു അന്തിമമായി സ്ഥിരീകരിച്ചപ്പോൾ മുഖ്യമന്ത്രിയിൽനിന്നു കേരളം ക്ഷമാപണമാണ്  പ്രതീക്ഷിച്ചത്. പക്ഷേ അതുണ്ടായില്ല.  കോവിഡിനെ മുഖ്യമന്ത്രി രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണെന്ന ആദ്യ സൂചന ഈ സംഭവത്തിൽ നിന്നാണ് വ്യക്തമായത്. തുടർന്ന്  എന്നെയും പ്രതിപക്ഷ നേതാവിനെയും ഒറ്റതിരിഞ്ഞ് വളഞ്ഞിട്ട് ആക്രമിക്കുന്ന സംഭവങ്ങളാണ് കേരളം കണ്ടത്.  ഏറ്റവുമൊടുവിലത്തെ മുഖ്യമന്ത്രിയുടെ അക്രമണത്തിന് ഇരയായത് കെ.എം ഷാജി എം.എൽ.എയാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും പൊതുഖജനാവിൽ നിന്നും ചെലവഴിക്കുന്ന ഓരോ ചില്ലിക്കാശും ഇന്നാട്ടിലെ പാവപ്പെട്ടവരുടേതു കൂടിയാണ്.  ഒരു കിലോ അരി വാങ്ങുന്നവനും  നികുതി നൽക്കുന്നുണ്ട്. നികുതിദായകർ നൽകുന്ന ഓരോ ചില്ലിക്കാശും സത്യസന്ധമായും സുതാര്യമായും ചെലവഴിക്കണം എന്ന് അവർ ആഗ്രഹിക്കുന്നത് അവരുടെ അവകാശമാണ്. ജനങ്ങളുടെ പണം  ഹെലികോപ്റ്റർ വാങ്ങാനും ഷുഹൈബിന്റെയും ശരത്ലാരൽ,കൃപേഷ് തുടങ്ങിയവരുടെ വാടകകൊലയാളികളെ രക്ഷിക്കാനും മുഖ്യമന്ത്രിയുടെ പാർശ്വവർത്തികൾക്ക് ധൂർത്തടിക്കുവാനും  അർഹരായവർക്ക് ലഭിക്കേണ്ട അടിയന്തിര ധനസഹായം സി.പി.എമ്മുകാർ കട്ടുമുടിക്കുപ്പെടുമ്പോഴും ഒരായിരിം ഷാജിമാർ ചോദ്യം ചെയ്യും. അതിന് മറുപടി ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി ക്ഷുഭിതനായി കെഎം ഷാജിയെ കടന്നാക്രമിച്ചത്.
കോൺഗ്രസിനെയും യു.ഡി.എഫിനെയും ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമവും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലൂടെ പുറത്തുവരുന്നുണ്ട്. രാഹുൽ ഗാന്ധിയും എകെ ആന്റണിയും ഉൾപ്പെടെയുള്ള കോൺഗ്രസ് എം.പിമാരും എം.എൽ.എമാരും മത്സരിച്ച് കോവിഡ് പുനരധിവാസ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അതിൽ ചിലരെ മാത്രം പുകഴ്ത്തുകയും മറ്റുള്ളവരെ ഇകഴ്ത്തുകയും ചെയ്യുന്നത് ഭിന്നിപ്പിക്കൽ തന്ത്രത്തിന്റെ ഭാഗമാണെന്ന് മുല്ലപ്പള്ളി പ്രസ്താനയിൽ ചൂണ്ടിക്കാട്ടി.

Latest News