Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധത്തെ തുരങ്കം വെക്കാൻ ഷാജി ശ്രമിക്കുന്നു-കോടിയേരി

തിരുവനന്തപുരം- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് കെ.എം.ഷാജി എംഎൽഎയെപ്പോലുള്ളവരുടെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനം കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ കെ.എം ഷാജി എം.എൽ.എ നടത്തിയ പ്രതികരണം ഒരു രാഷ്ട്രീയ നേതാവിൽനിന്ന് കേരളം പ്രതീക്ഷിക്കുന്നതല്ല. കേരള ജനത ഇത്തരം ജൽപ്പനങ്ങളെ പുച്ഛിച്ച് തള്ളും. കോവിഡ് 19 നേരിടുന്നതിൽ കേരളം ഒറ്റ മനസ്സോടെ മുന്നോട്ട് പോവുകയാണ്. കേരള സർക്കാരും മുഖ്യമന്ത്രിയും ഈ കാര്യത്തിൽ കൈക്കൊണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരള ജനതയുടേയും ലോകത്തിന്റെയും പ്രശംസ ലഭിച്ചുകൊണ്ടിരിക്കുന്നു. സർക്കാറിന്റെ മുൻകരുതലകളും ഇടപെടലുകളുമാണ് ലോകത്താകെ കോവിഡ് പടർന്ന്പിടിക്കുമ്പോഴും കേരളത്തിലിത് പിടിച്ചുനിർത്താൻ സാധിക്കുന്നത്. കേരള ജനതയെ ഒത്തോരുമിപ്പിച്ച് മുന്നോട്ട്‌കൊണ്ടുപോകാൻ സാധിച്ചതുകൊണ്ടാണ് ഈ നേട്ടം നമുക്ക് കൈവരിക്കാൻ സാധിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകുന്ന പണം കേസുകളുടേയും മറ്റും നടത്തിപ്പിന് നൽകുകയാണെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. യു.ഡി.എഫ് ഭരണകാലത്ത് നടത്തിയ പല വഴിവിട്ട ഇടപാടുകളും ഓർമ്മയിൽ ഉള്ളവർക്ക് എല്ലാവരും അങ്ങനെയാണെന്ന തോന്നൽ ഉണ്ടാവും. കേരളത്തിലെ സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിലൂടെ വ്യക്തമാകുന്നത. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് കെ.എം ഷാജിയെപോലുള്ളവർ ശ്രമിക്കുന്നത്. കേരള ജനത ഇത്തരം ജൽപനങ്ങളെ പുച്ഛിച്ചുതള്ളുമെന്നും രാഷ്ട്രീയ ഭേദമന്യേ കോവിഡിനെ നേരിടാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
 

Latest News