മലപ്പുറം- വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന ഏകശിലാ രാഷട്രീയ സമീപനങ്ങളോട് സന്ധി ചെയ്യാനാവില്ലെന്നും മുസ്്‌ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് പൂർണ പിന്തുണയെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കെ.എം ഷാജി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മുനവറലി ശിഹാബ് തങ്ങൾ. വിമർശനങ്ങളെ അതിന്റെ അർഹതയിൽ ഉൾക്കൊള്ളുക എന്നതാവണം ജനാധിപത്യ വ്യവസ്ഥയിൽ തീർച്ചയായും ഒരു ഗവൺമെന്റിന്റെ മുഖമുദ്ര.കെഎം ഷാജി എംഎൽഎയുടെ വിമർശനങ്ങൾ ഈ ബോധ്യത്തിൽ ഉൾകൊള്ളേണ്ടതിന് പകരം ഒരുതരം വ്യക്തിവിദ്വേഷം തീർക്കുന്ന തലത്തിലേക്ക് കൊണ്ടുപോയത് നാമിന്നുവരെ ശീലിച്ച രാഷ്ട്രീയ ഔചിത്യത്തിന് ചേർന്ന രീതിയായില്ല എന്നത് നിർഭാഗ്യകരമാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യക്തിപരമായി പണം നൽകി ഗവൺമെന്റിനോട് സഹകരിച്ച നിയമസഭ പ്രതിനിധി കൂടിയാണദ്ദേഹം. മഹത്തായ ഭാരതീയ ദർശനങ്ങളിൽ മായം കലർത്തുന്ന ഫാഷിസ്റ്റ് വിദ്വേഷ രാഷ്ട്രീയത്തോട് സന്ധിയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന, എല്ലാതരം വർഗീയ നിലപാടുകളോടും നിത്യസമരം രീതിയാക്കിയ ചരിത്രമാണ് ഷാജിയുടേത്.എന്നാൽ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുക എന്ന താൽപര്യത്തോടെ അദ്ദേഹത്തെ പോലൊരാൾ നടത്തിയ ഒരു വിമർശനത്തെ വികലമായ രീതിയിൽ ചിത്രീകരിച്ചു കൊണ്ട് സൈബർ ലിഞ്ചിങിന് ഇട്ടു കൊടുക്കുന്നതിനു പകരം വിമർശനം ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ സുതാര്യത ഉറപ്പു വരുത്തിയായിരുന്നു ഇക്കാര്യത്തിൽ ഗവൺമെന്റ് ജനങ്ങൾക്ക് മറുപടി നൽകേണ്ടിയിരുന്നത്.
കോവിഡ് പ്രതിരോധമെന്ന ലക്ഷ്യബിന്ദുവിൽ സർക്കാരിനോട് സഹകരിക്കുക എന്നത് നമ്മുടെ എല്ലാവരുടേയും രാഷ്ട്രീയവും സാമൂഹികവുമായ ബാദ്ധ്യതയാണ്. പ്രതിപക്ഷ, ഭരണപക്ഷ ഭേദമെന്യേ അത് മികച്ച രീതിയിലാണ് മുന്നോട്ട് പോയിട്ടുള്ളത്. ദുരന്തമുഖത്തെ ഈ പാരസ്പര്യം നാമിനിയും കാത്ത് സൂക്ഷിക്കും. അപ്പോഴും പക്ഷേ വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന ഏകശിലാ രാഷട്രീയ സമീപനങ്ങളോട് സന്ധി ചെയ്യാനാവില്ലെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.