ന്യൂദൽഹി- സംസ്ഥാന സർക്കാറിനെതിരെ കെ.എം ഷാജി ഉയർത്തിയ വിമർശനങ്ങൾ ചർച്ച ചെയ്യണമെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോവിഡ് നേരിടുന്നതിൽ സംസ്ഥാന സർക്കാറിന് പിന്തുണയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുരിതാശ്വാസ നിധി വകമാറ്റി ചെലവിട്ടു എന്ന ഷാജിയുടെ ആരോപണത്തെ പറ്റി സർക്കാർ വ്യക്തത വരുത്തണം. ദുരിതാശ്വാസ നിധിയിൽനിന്നുള്ള തുക മറ്റു വഴിയിലേക്ക് പോയിട്ടില്ല എന്നുറപ്പ് വരുത്താൻ മുഖ്യമന്ത്രി തയ്യാറാകണം. സന്നദ്ധസംഘടനകളെ മുഴുവൻ മാറ്റിനിർത്തി ഡി.വൈ.എഫ്.ഐയെ ഹൈലൈറ്റ് ചെയ്യാനാണ് ശ്രമിച്ചത്. സന്നദ്ധ പ്രവർത്തനത്തെ കുത്തകയാക്കി മാറ്റാനുള്ള ശ്രമത്തെ ലീഗ് എതിർത്തുതോൽപ്പിച്ചു. ആരോപണങ്ങളെ പറ്റി കൃത്യമായ മറുപടി പറയാനുള്ള ബാധ്യത സർക്കാറിനുണ്ട്. കോവിഡിനെ നേരിടുന്നതിൽ വിജയിച്ചത് സർക്കാറിന്റെ മാത്രം നേട്ടമായി വിലയിരുത്തരുത്. മുഴുവൻ ജനങ്ങളുടെയും പിന്തുണയോടെയാണ് കോവിഡിൽ കേരളം വിജയിച്ചത്. കേരളത്തിന് പുറത്തും വിദേശത്തും നിരവധി മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ കൂടി ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ശ്രദ്ധിക്കണം. ഇത് നീണ്ടുപോകുന്നത് നിരവധി പ്രശ്‌നങ്ങൾക്ക് ഇടയാക്കും.