ദമാം- ഇന്ത്യൻ എംബസി സൗദിയിൽ കഷ്ടത അനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനു ശക്തമായി രംഗത്ത് വന്നതോടെ ഇന്ത്യൻ സമൂഹം ഏറെ ആവേശത്തിലും പ്രതീക്ഷയിലുമാണ്. കോവിഡ് 19 വ്യാപനം തടയുന്നതിന് സൗദിയിൽ കർശന നിയന്ത്രണമേർപ്പെടുത്തിയതോടെ നിരവധി സാധാരണ തൊഴിലാളികൾ ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിൽ കഴിയുന്ന വാർത്തകൾ പ്രചരിച്ചിരുന്നു. സാധാരണ തൊഴിലാളികളും വിസിറ്റിംഗ് വിസയിൽ എത്തിയ നിരവധി കുടുംബങ്ങളും സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഭക്ഷണത്തിന് പോലും കഷ്ടപ്പെടുന്നതായും രോഗികളായ നിരവധി പേർ മരുന്നുകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നതായും കടുത്ത രോഗാവസ്ഥയിൽ പോലും ഈ സാഹചര്യത്തിൽ കൊറോണയെന്ന സംശയത്താൽ മാനസികമായി തകരുകയും ഇത്തരം ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നതിന് സംവിധാനമില്ലെന്ന പരാതിയും ഉയർന്നിരുന്നു.
ഈ സാഹചര്യത്തിനിടയിൽ കിഴക്കൻ പ്രവിശ്യയിലെ ദമാം കേന്ദ്രമായി മുഖ്യധാര സംഘടനകളും നോർക്കയും ചേർന്ന് ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് രൂപീകരിക്കാൻ തയ്യറാണെന്ന് അറിയിച്ചു കൊണ്ട് ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നു. ഇന്ത്യൻ സമൂഹത്തെ വിവിധ മേഖലകളിൽ സേവനം നൽകാൻ തയ്യാറാണെന്നും അതിനായി സൗദിയിൽ ഔദ്യോഗികമായി അനുമതി ലഭിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ എംബസിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സൗദിയിലെ സമൂഹ്യ പ്രവർത്തകരുമായും എംബസി വണ്ടിയർമാരുമായും അംബാസഡർ ചർച്ച നടത്തുകയും ഇന്ത്യൻ സമൂഹത്തിനു ആവശ്യമായ സഹകരണം നൽകാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു.
രാജ്യത്ത് കഷ്ടതയനുഭവിക്കുന്ന ഇന്ത്യക്കാർ നേരിടുന്ന വിഷയങ്ങൾ നേരിടുന്നതിനും അതിനായി ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ സംവിധാനങ്ങളെ കുറിച്ചും ഇന്നലെ മാധ്യമ പ്രവർത്തകരുമായും അംബാസഡർ വിശദീകരിച്ചിരുന്നു. ഇന്ത്യൻ സമൂഹത്തിലെ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ എംബസി നടപ്പിലാക്കുമെന്നും സൗദിയിലെ നിലവിലെ നിയമങ്ങൾ അനുസരിച്ച് അധികൃതരുമായി സഹകരിച്ച് തന്നെ പ്രവർത്തനങ്ങൾ ലഘൂകരിക്കുമെന്നും അംബാസഡർ ഇന്ത്യൻ സമൂഹത്തെ അറിയിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് ഇന്ത്യൻ സമൂഹം. അത്യാവശ്യ ഘട്ടത്തിൽ ഇന്ത്യൻ സ്‌കൂളുകളിൽ വരെ ഐസോലേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ വിട്ടു നൽകാനും തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ദമാം ഇന്ത്യൻ സ്‌കൂളിൽ ഫീസ് അടക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന വിദ്യാർത്ഥികളുടെ കാര്യം ശ്രദ്ധയിൽപ്പെട്ട അംബാസഡർ ഫീസ് അടക്കാത്തത് കാരണം പഠനം നിഷേധിക്കില്ലെന്നു കൂടി ഉറപ്പു നൽകി.