റിയാദ്- സ്‌കൂൾ ഫീസ് കുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ശനിയാഴ്ച ഉച്ചക്ക് ശേഷം നടക്കുന്ന ഹയർ ബോഡ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അംബാസഡർ അറിയിച്ചു. ലബോറട്ടറി ഫീ, ലൈബ്രറി ഫീ തുടങ്ങി ഏതൊക്കെ ഫീസുകൾ കുറക്കണമെന്നതാണ് പ്രശ്‌നം. രാജ്യത്ത് പത്ത് ഇന്ത്യൻ സ്‌കൂളുകളിലായി 45000 കുട്ടികൾ പഠിക്കുന്നുണ്ട്. ഓരോ സ്‌കൂളുകളുടെയും ബജറ്റുകൾ നേരത്തെ പ്രഖ്യാപിച്ചതാണ്. ട്യൂഷൻ ഫീ നൽകാതിരുന്നാൽ സ്‌കൂളിന്റെ പ്രവർത്തനം താളം തെറ്റിയേക്കും. സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം നോക്കി മാത്രമേ ഇക്കാര്യം തീരുമാനിക്കാനാവൂ.
ഇളവ് ആവശ്യമുള്ളവർക്ക് സ്‌കൂൾ അധികൃതരുമായി സംസാരിക്കാവുന്നതാണ്. ഫീസ് ഒഴിവാക്കിയാൽ അത് സ്‌കൂളിന്റെ പ്രവർത്തനത്തെ ബാധിക്കും. അതോടെ വിദ്യാർഥികളുടെ പഠനവും പ്രതിസന്ധിയിലാവും. പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരും രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദമാം സ്‌കൂളിൽ 15000 കുട്ടികളിൽ 600 ഓളം പേർ മാത്രമേ ഫീസ് പ്രശ്‌നം ഉന്നയിക്കുന്നുള്ളൂവെന്നും 95 ശതമാനം രക്ഷിതാക്കൾക്കും പ്രശ്‌നമില്ലെന്നും അംബാസഡർ പറഞ്ഞു.
ക്വാറന്റൈൻ ചെയ്യുന്നതിന് വേണ്ടി ഇന്ത്യൻ സ്‌കൂളുകൾ ഉപയോഗിക്കുന്ന വിഷയവും ചർച്ച ചെയ്യും. പ്രധാന ലേബർ ക്യാമ്പുകളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. അവിടെ കോവിഡ് റിപ്പോർട്ട് ചെയ്താൽ ഉടൻ അറിയിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ലേബർ ക്യാമ്പുകളിൽ സൗദി ആരോഗ്യ, മാനവശേഷി മന്ത്രാലയ പ്രതിനിധികളുടെ നേതൃത്വത്തിൽ പരിശോധനയും നടന്നുവരുന്നുണ്ട്. ക്വാറന്റൈൻ സൗകര്യത്തിന് ഹോട്ടലുകൾ വാടകക്കെടുക്കാനും മറ്റും ഇന്ത്യൻ വ്യാപാരികളും സഹായവുമായി മുന്നോട്ട് വന്നത് ആശ്വാസമാണ്.