Sorry, you need to enable JavaScript to visit this website.

എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ സൗകര്യം -ആരോഗ്യമന്ത്രി

തിരുവനന്തപുരം- കോവിഡ് 19 തുടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ സൗകര്യങ്ങളൊരുക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാൻസർ രോഗികൾ. അവർക്ക് കൊറോണ വൈറസ് ബാധിച്ചാൽ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളിൽ കാൻസർ ചികിത്സാ സൗകര്യമൊരുക്കുന്നത്. ഇപ്പോൾ ആർ.സി.സി.യുമായി ചേർന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണൽ കാൻസർ സെന്ററുകളുമായും സഹകരിച്ച് കാൻസർ ചികിത്സാ സൗകര്യം വിപുലീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിലാണ് കാൻസർ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്കാശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാല ജനറൽ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്കാശുപത്രി, ഇ.സി.ഡി.സി. കഞ്ഞിക്കോട്, മലപ്പുറം ജില്ലാ ആശുപത്രി തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂർനാട് ട്രൈബൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കാൻസർ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കുന്നത്.


കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലുമുള്ള രോഗികൾ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സയ്ക്കായി എത്താറുണ്ട്. അത്തരക്കാരുടെ തുടർപരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകൾ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാൻ കഴിയുന്നതാണ്. ആർ.സി.സി.യിൽ ചികിത്സ തേടുന്ന രോഗികളുടെ വിവരങ്ങൾ രോഗികളുടെ സമീപ പ്രദേശത്തുള്ള ആശുപത്രികൾക്ക് കൈമാറും. 
ആർ.സി.സി.യിലെ ഡോക്ടർമാർ ടെലി കോൺഫറൻസിലൂടെ ഈ ആശുപത്രികളിലെ ബന്ധപ്പെട്ട ഡോക്ടർമാരുമായി സംസാരിച്ച് ചികിത്സ നിശ്ചയിക്കുന്നു. ഇവർക്കാവശ്യമായ മരുന്നുകൾ കെ.എം.എസ്.സി.എൽ മുഖേന കാരുണ്യ കേന്ദ്രങ്ങൾ വഴി എത്തിക്കും. ഫയർഫോഴ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തിയും ആർ.സി. സി.യിൽ നിന്നും മരുന്ന് എത്തിക്കുന്നുണ്ട്. രോഗികളുടെ തിരക്ക് കുറയ്ക്കാൻ മുൻകൂട്ടി അവരെ അറിയിച്ച ശേഷമായിരിക്കും ചികിത്സാ തീയതി നിശ്ചയിക്കുന്നത്.  

 

Latest News