Sorry, you need to enable JavaScript to visit this website.

പ്രവാസികളെ അവഗണിച്ച നിലപാടിനെതിരെ  കേരളം ശബ്ദമുയർത്തണം

തിരുവനന്തപുരം- എല്ലാ രാജ്യങ്ങളും ഗൾഫിലെ അവരുടെ പൗരന്മാരെ മടക്കി കൊണ്ടുപോകാൻ തീരുമാനിച്ചിട്ടും മെയ് മൂന്ന് വരെ ഇക്കാര്യം പരിഗണിക്കേണ്ടന്ന കേന്ദ്ര നിലപാടിനെതിരെ കേരളം ശക്തമായ അഭിപ്രായം രേഖപ്പെടുത്തണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
പ്രവാസികളുടേത് ഉൾപ്പെടെ ഒമ്പത് വിഷയങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭയുടെ പരിഗണനക്ക് ഉമ്മൻ ചാണ്ടി സമർപ്പിച്ചു. ഘട്ടംഘട്ടമായി മടങ്ങിപ്പോരാൻ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കാൻ  കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണം. ട്രാൻസിറ്റ് യാത്രക്കാർ, ഗൾഫിൽ കുടുങ്ങിയ വിസിറ്റിംഗ് വിസയിൽ എത്തിയവർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് മുൻഗണന നൽകണം. മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈനിൽ പാർപ്പിക്കാൻ  വിമാനത്താവളങ്ങളോട് ചേർന്ന് ക്യാമ്പുകൾ സജ്ജമാക്കണം. ക്യാമ്പുകളിൽ താമസ സൗകര്യം, ഭക്ഷണം, ആരോഗ്യ പരിശോധന എന്നിവ ഉറപ്പു വരുത്തണം.


സാമ്പത്തികരംഗം പാടെ തകർന്ന സാഹചര്യത്തിൽ ബാങ്കുകളുടെയും സഹകരണ സ്ഥാപനങ്ങളിലേയും കടങ്ങൾക്ക് ഒരുവർഷത്തെ  മൊറട്ടോറിയം നൽകണം.  
മുഖ്യമന്ത്രി അടിയന്തരമായി ബാങ്കുകളുടെ യോഗം വിളിച്ച് ജപ്തി നടപടികൾ നിർത്തിവയ്ക്കുവാൻ തീരുമാനമെടുപ്പിക്കുകയും സഹകരണ ബാങ്കുകൾക്ക് നിർദേശം നൽകുകയും വേണം. മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജ് ഉടനടി നടപ്പിലാക്കണം. വിധവാ പെൻഷൻ ലഭിക്കുന്നതിന് പുനർ വിവാഹം നടത്തിയിട്ടില്ലെന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, വാർദ്ധക്യകാല പെൻഷൻ ഉൾപ്പെടെയുള്ള പെൻഷൻ ലഭിക്കണമെങ്കിൽ മസ്റ്ററിംഗ് നടത്തണം തുടങ്ങിയ നിബന്ധനകൾ ഏർപ്പെടുത്തിയതിനാൽ ധാരാളം പേർക്ക് പെൻഷൻ വാങ്ങുവാൻ സാധിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.


മാർച്ച് 31 ന് മുൻപ് സമർപ്പിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ ബില്ലുകൾ, കുടിശികയായ റബ്ബർ സബ്സിഡി എന്നിവ എത്രയും വേഗം നൽകാൻ നടപടി ഉണ്ടാകണം. സമൂഹ അടുക്കളയും പ്രതിരോധ പ്രവർത്തനങ്ങളും തുടരാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകണം.
കാർഷിക മേഖലയ്ക്ക് അത്യാവശ്യമായ ഇളവുകൾ ഏപ്രിൽ 17 മുതൽ തന്നെ നൽകണം. കൃഷിപ്പണികൾ, ഉൽപന്നങ്ങളുടെ വിപണനം, റബ്ബർ ടാപ്പിംഗ്, സംഭരിച്ച ഉൽപന്നങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ എന്നിവയ്ക്ക് നിർബന്ധമായും ഇളവ് നൽകണം.
കേരള സ്റ്റേറ്റ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ, മറ്റ് അപ്പക്സ് സംഘങ്ങൾ, ഗ്രാമവികസന സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് റബ്ബർ, കശുവണ്ടി, നാളികേരം ഉൾപ്പെടെയുള്ള കാർഷിക ഉൽപങ്ങൾ സംഭരിക്കാൻ അനുമതി നൽകണം. സഹകരണ സംഘങ്ങളിൽനിന്നും സംഭരിച്ച കശുവണ്ടി ഏറ്റെടുക്കാൻ കാഷ്യൂ കോർപറേഷനും കാപ്പക്‌സിനും നിർദേശം നൽകണം. മത്സ്യക്കച്ചവടം നടത്തുതിന് അനുബന്ധ തൊഴിലാളികൾക്ക് അനുമതി നൽകുക, നിർമാണ പ്രവർത്തനങ്ങൾക്ക് അഞ്ചു പേർ എന്ന നിയന്ത്രണത്തോടുകൂടി അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉമ്മൻ ചാണ്ടി ഉന്നയിച്ചു.

Latest News