കൊല്ലം - പുനലൂരിൽ വാഹനം പോലീസ് തടഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയ അച്ഛനെ മകൻ തോളിലേറ്റി ഒരു കിലോമീറ്ററോളം നടന്നു. പൊരിവെയിലത്ത് അച്ഛനെ ചുമന്ന് അടുത്ത ഓട്ടോ സ്റ്റാൻഡിൽ എത്തിച്ചാണ് വീട്ടിലേക്കു പോയത്. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി നിവാസിയായ ഐപ്പ് ജോർജിനെ മകൻ റോയി മോനാണു ചുമന്നത്.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ പുനലൂർ തൂക്കുപാലത്തിനടുത്താണു സംഭവം. കുളത്തൂപ്പുഴ സ്വദേശി ഐപ്പിനെ പനിയും ശ്വാസംമുട്ടിലിനെയും തുടർന്ന് നാല് ദിവസം മുമ്പ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം ഭേദമായി ഡിസ്ചാർജായതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആശുപത്രിയിലേക്കാണു പോകുന്നതെന്നും കുളത്തൂപ്പുഴ പോലീസിൽ അറിയിച്ചിട്ടാണു വരുന്നതെന്നും മകൻ പോലീസിനോട് പറഞ്ഞു. എന്നാൽ ആശുപത്രി പരിസരത്തേക്ക് പോലീസ് വണ്ടി കടത്തിവിട്ടില്ല.
രാവിലെ മുതൽ പുനലൂർ ടൗണിൽ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് റോയി മോൻ കടന്നു വന്നത്. രേഖകൾ കാണിച്ചു കാര്യം പറഞ്ഞെങ്കിലും പോലീസ് കടത്തിവിട്ടില്ലെന്നു കുടുംബം പറയുന്നു. ഓട്ടോ സമീപത്തുള്ള മരത്തിന്റെ ചുവട്ടിലേക്ക് നിർത്തിയ ശേഷം ഏകദേശം 500 മീറ്റർ അകലത്തിലുള്ള ആശുപത്രിയിൽനിന്ന് അച്ഛനെ ചുമലിലേറ്റി കൊണ്ടുവരുകയായിരുന്നു.
സംഭവത്തിൽ റൂറൽ എസ്.പി പുനലൂർ പോലീസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ലോക്ഡൗൺ ആണെങ്കിലും രാവിലെ മുതൽ പുനലൂരിൽ വൻതോതിൽ വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. കൂടാതെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയതിന്റെ രേഖകൾ ഇവർ കാണിച്ചില്ലെന്നും പോലീസ് ന്യായീകരിക്കുന്നു.