Sorry, you need to enable JavaScript to visit this website.

നാല് പതിറ്റാണ്ടിനിപ്പുറം തൃശൂർ പൂരം ചടങ്ങിലൊതുങ്ങും

തൃശൂർ- കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇത്തവണ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും. ജില്ലയിലെ മന്ത്രിമാർ, ജനപ്രതിനിധികൾ, ജില്ലാ കലക്ടർ, തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അതനുസരിച്ച് ഇത്തവണ തൃശൂർ പൂരത്തിന് ആനയോ ആൾക്കൂട്ടമോ വാദ്യമേളങ്ങളോ ഉണ്ടാവില്ല. 
അനുഷ്ഠാനപരമായ ചടങ്ങുകൾ ക്ഷേത്രത്തിനകത്ത് അഞ്ച് പേരെ വെച്ച് നിർവഹിക്കും. ഘടകപൂരങ്ങളും ഒഴിവാകും. അമ്പലക്കെട്ടിന് പുറത്തേക്ക് പൂരത്തിന്റെ യാതൊന്നും ഉണ്ടാവില്ല. നാല് പതിറ്റാണ്ടിന് ശേഷമാണ് തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി ചുരുക്കി നടത്തുന്നത്. 


ലോക്ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ ഉറപ്പ് നൽകിയതായി യോഗശേഷം മന്ത്രി വി.എസ്. സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ഭാരവാഹികളും ഇക്കാര്യം സമ്മതിച്ചു. ഏകകണേ്ഠനെയാണ് തൃശൂർ പൂരം ചുരുക്കണമെന്ന നിർദേശം ദേവസ്വം പ്രതിനിധികൾ അംഗീകരിച്ചത്. 
മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, ഗവ. ചീഫ് വിപ് കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി, മേയർ അജിത ജയരാജൻ, കൗൺസിലർമാരായ എം.എസ്. സമ്പൂർണ്ണ, ജില്ലാ കലക്ടർ എസ്. ഷാനവാസ്, ദേവസ്വം ഭാരവാഹികളായ പ്രൊഫ. എം. മാധവൻകുട്ടി, ജി. രാജേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

Latest News