തബൂക്ക് - ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടേണ്ട സൗദി യുവാവ് അബ്ദുറഹീം ബിന്‍ അഹ്മദ് അല്‍ഹുവൈത്തി സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ദേശീയ സുരക്ഷാ ഏജന്‍സി അറിയിച്ചു. അറസ്റ്റ് ചെയ്യുന്നതിന് വീട് വളഞ്ഞ സുരക്ഷാ സൈനികര്‍ക്കു നേരെ കെട്ടിടത്തിന്റെ മുകളില്‍ മണല്‍ ചാക്കുകള്‍ക്ക് പിന്നില്‍ ഒളിച്ച് ഭീകരന്‍ വെടിവെപ്പ് നടത്തുകയായിരുന്നു. സുരക്ഷാ ഭടന്മാരും സഹോദരന്മാരില്‍ ഒരാളും കീഴടങ്ങാന്‍ ആവര്‍ത്തിച്ച് അപേക്ഷിച്ചെങ്കിലും ഭീകരന്‍ കൂട്ടാക്കിയില്ല.
വെടിവെപ്പും പെട്രോള്‍ ബോംബ് ഏറും ഭീകരന്‍ തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ സുരക്ഷാ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ യുവാവ് കൊല്ലപ്പെടുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് നീക്കി. യന്ത്രത്തോക്കും കൈതോക്കും എയര്‍ ഗണും അടക്കം വ്യത്യസ്ത ഇനങ്ങളില്‍ പെട്ട നാലു തോക്കുകളും 45 വെടിയുണ്ടകളും 13 പെട്രോള്‍ ബോംബുകളും പ്രതിയുടെ പക്കല്‍ കണ്ടെത്തിയതായും ദേശീയ സുരക്ഷാ ഏജന്‍സി അറിയിച്ചു.