പാലക്കാട്- അഞ്ചുകൊല്ലം സി.പി.എമ്മിന്റെ എം.എൽ.എ ആയ ഒരാൾ ആർ.എസ്.എസ് കൂടാരത്തിലെത്തിയത് എങ്ങിനെയെന്ന് ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണെന്ന് വി.ടി ബെൽറാം എം.എൽ.എ. പോസ്റ്റിന് താഴെ ബാലരമാ എന്ന് കമന്റിട്ടയാളെ ബൽറാം അധിക്ഷേപിച്ചുവെന്ന പ്രചരണത്തിന് മറുപടിയായാണ് എം.എൽ.എയുടെ പ്രതികരണം.
ബൽറാമിന്റെ വിശദീകരണത്തിന്റെ പൂർണരൂപം:
പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയും സി.പി.എം നേതാവും മാന്യമായ ഭാഷയിൽപ്പോലും വിമർശനാതീതനാണെന്നാണോ കൽപ്പന? പിണറായി വിജയന്റേയും അദ്ദേഹത്തിന്റെയും നിങ്ങളുടേയും പാർട്ടിയുടേയും ഇരട്ടത്താപ്പ് ആരും ഉന്നയിക്കരുതെന്നാണോ തിട്ടൂരം?
ഉത്തരേന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ ഭിക്ഷാംദേഹിയായ കോൺഗ്രസ് നേതാവ് പാർട്ടിവിട്ട് ബിജെപിയിലേക്ക് പോയാൽ അതിന്റെ പേരിൽ ഇവിടെ കേരളത്തിലെ കോൺഗ്രസിനെ അടച്ചാക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സൈബർ സഖാക്കളും മൂത്ത സഖാക്കളും മറുപടി പറയേണ്ട വിഷയം തന്നെയാണ് എങ്ങനെയാണ് രാഷ്ട്രീയപ്രബുദ്ധമായ ഈ കേരളത്തിലെ ഒരു മുൻ എൽഡിഎഫ് എംഎൽഎ ആർഎസ്എസ് കൂടാരത്തിലെത്തി മന്ത്രിയായതെന്ന്. അങ്ങനെ പാർട്ടിയെ വഞ്ചിച്ച് പോയ ആളാണെങ്കിലും അദ്ദേഹത്തോട് പിണറായി വിജയന് ഒരു നീരസവുമില്ലെന്നും മറിച്ച് ദീർഘകാല സുഹൃത്തെന്ന് വിളിച്ച് ഇംഗ്ലീഷിലും മലയാളത്തിലും അഭിനന്ദനക്കുറിപ്പെഴുതാൻ മാത്രമുള്ള ബന്ധമാണ് അവർ തമ്മിലിപ്പോഴുമുള്ളതെന്നും കാണുമ്പോൾ അതിനെ മറ്റാരും വിമർശിക്കരുതെന്നാണോ? പാർട്ടി വിട്ടുപോയ ചന്ദ്രശേഖരൻ കുലംകുത്തി, മുന്നണി വിട്ടുപോയ പ്രേമചന്ദ്രൻ പരനാറി, പാർട്ടിയെ വിമർശിച്ച എംഎൻ വിജയൻ വെറുമൊരു കോളേജ് അധ്യാപകൻ, എന്നാൽ സിപിഎം നൽകിയ എംഎൽഎ സ്ഥാനം പൂർത്തിയായ മുറക്ക് നേരെപോയി മോഡിയുടെ കാൽക്കൽ വീണ അൽഫോൺസ് കണ്ണന്താനം ഇപ്പോഴും ദീർഘകാല സുഹൃത്ത്!
കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായപ്പോൾ അതിനെതിരെ പ്രതിഷേധിച്ചവർ ഇപ്പോൾ കേരളത്തിന്റെ പേരിൽ കാണിക്കുന്ന ഈ അമിതാഹ്ലാദം എല്ലാവരും കാണുന്നുണ്ട്. രാഹുൽ ഗാന്ധിക്കെതിരെ ആർഎസ്എസിന്റെ കായികാക്രമണം ഉണ്ടായപ്പോഴും അമിത് ഷായുടെ പണക്കൊഴുപ്പിനെ അതിജീവിച്ച് അഹമ്മദ് പട്ടേൽ മതേതരത്വത്തിന്റെ അഭിമാനവിജയം നേടിയപ്പോഴും അതിനോട് പ്രതികരിക്കാതിരുന്ന പിണറായി വിജയൻ വെങ്കയ്യനായിഡുവായാലും കണ്ണന്താനമായാലും ബിജെപിക്കാരുടെ ഓരോ വിജയത്തിലും മുടങ്ങാതെ അഭിനന്ദന പോസ്റ്റുകളുമായി എത്തിക്കാണുന്നത് മുഖ്യമന്ത്രി എന്ന നിലയിലുള്ള സ്വാഭാവിക മര്യാദ മാത്രമാണെന്ന് എല്ലാവരും വിശ്വസിച്ചു എന്ന് വരില്ല.
ഈ ഇരട്ടത്താപ്പ് ഒന്നും ആരും ചർച്ച ചെയ്യരുതെന്നാണോ? അത് പറഞ്ഞാൽ ഉടൻ ബാലരമ, മലരാമ എന്നൊക്കെപ്പറഞ്ഞ് കൊത്തിപ്പറിക്കലാണോ സൈബർ സിപിഎമ്മിന്റെ രാഷ്ട്രീയപ്രവർത്തനം? അങ്ങനെയാണെങ്കിൽത്തന്നെ എനിക്കതിൽ വിരോധമില്ല, എന്റെ അഭിപ്രായങ്ങൾ നിങ്ങളുടെ സൈബർ ആക്രമണം പേടിച്ച് പറയാതിരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇങ്ങോട്ട് വന്ന് തെറിവിളിക്കുകയും ചൊറിയുകയും ചെയ്യുന്നവരോട് ജനപ്രതിനിധിയുടെ മാന്യത ഓർത്ത് ഇളിഞ്ഞ ചിരിയുമായി മിണ്ടാതിരുന്ന് കേൾക്കാനും ഉദ്ദേശിക്കുന്നില്ല. അവർ അർഹിക്കുന്ന മറുപടികൾ തന്നെ ഇനിയും നൽകും.
പിന്നെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുകയാണെന്ന് പത്രസമ്മേളനം വിളിച്ച് നടക്കുന്ന കോടിയേരി ബാലകൃഷ്ണനാണ് ബാലരമ നിലവാരം കൂടുതൽ ചേരുക. അർത്ഥവും പ്രാസവും ഒരുമിക്കുന്നത് അവിടെയാണ്.