Sorry, you need to enable JavaScript to visit this website.

കൊറോണ പ്രതിരോധ ഡ്യൂട്ടിയ്ക്കായി വിവാഹം  നീട്ടിവച്ച് പോലീസ് ഉദ്യോഗസ്ഥരായ വധൂവരന്മാര്‍

ആലപ്പുഴ-കൊറോണ പ്രതിരോധ ഡ്യൂട്ടിയ്ക്കായി വിവാഹചടങ്ങുകള്‍  നീട്ടിവച്ച വധൂവരന്മാരുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹരിപ്പാട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അരുണ്‍ കുമാറും രഞ്ജിയുമാണ് കൊറോണ പ്രതിരോധ ഡ്യൂട്ടിക്കായി വിവാഹം മാറ്റിവച്ചത്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിലും കൊറോണ ലോക്ക് ഡൌണ്‍ സമയത്ത് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നതിനുമുളള തിരക്കിലാണ് ഇരുവരും. 
കൊറോണ വൈറസ് പ്രതിരോധ ഡ്യൂട്ടിയ്ക്കായി വിവാഹം നീട്ടിവയ്ക്കാനുള്ള അരുണിന്റെയും രഞ്ജിയുടെയും തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് വീട്ടുകാരും സ്വീകരിച്ചത്. ഏകദേശം ഒരു വര്‍ഷമായി ഹരിപ്പാട് പോലീസ് സ്‌റ്റേഷനില്‍ ഒരുമിച്ച് സേവനമനുഷ്ഠിക്കുന്നവരാണ് അരുണും രഞ്ജിയും. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. വീട്ടുകാരുടെ കൂട്ടുകാരുടെയും പൂര്‍ണ പിന്തുണയോടെ പ്രണയിച്ചിരുന്ന ഇരുവരുടെയും വിവാഹം ഏപ്രില്‍ 26ന് കുട്ടമ്പേരൂര്‍ കാര്‍ത്യായനി ദേവി ക്ഷേത്രത്തില്‍ വച്ച് നടത്താനാണ് നിശ്ചയിച്ചിരുന്നത്. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി  ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ ഇരു വീട്ടുകാരും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവാഹത്തിന് ക്ഷണിച്ച് തുടങ്ങിയിരുന്നു.  
അതിനാല്‍, ഏപ്രില്‍ പകുതിയോടെ ലോക്ക് ഡൌണ്‍ അവസാനിച്ചാല്‍ താലിക്കെട്ട് ചടങ്ങ് മാത്രം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ലോക്ക് ഡൌണ്‍ നീട്ടിയതോടെ വിവാഹം നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരോടും പോലീസ് അസോസിയേഷന്‍ നേതാക്കളോടും കൂടിയാലോചിച്ച ശേഷമാണ് വിവാഹം നീട്ടിവെക്കാന്‍ തീരുമാനിച്ചത്. 
നിശ്ചയിച്ച ശിവസം വിവാഹം ചെയ്താല്‍ അവധിയില്‍ പ്രവേശിക്കേണ്ടതായി വരും. ഇങ്ങനെയൊരു അവസ്ഥയില്‍ അവധിയില്‍ പ്രവേശിക്കുന്നത് ഉചിതമല്ലെന്ന തോന്നലാണ്  വിവാഹം മാറ്റിവയ്ക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ചത്. തൃക്കുന്നപ്പുഴ കൊട്ടോമുറി സ്വദേശിയായ അരുണ്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പോലീസില്‍ സേവനമനുഷ്ഠിക്കുകയാണ്. ചെങ്ങന്നൂര്‍ എന്നക്കാട് സ്വദേശിനി രഞ്ജി നാല് വര്‍ഷം മുന്‍പാണ് സര്‍വീസില്‍ കയറിയത്.
 

Latest News